തിരുവനന്തപുരം: ബി.ജെ.പി.യെപ്പറ്റി ആര്‍ക്കും വേവലാതി വേണ്ടെന്നും, പാർട്ടിയുടെ മുന്നോട്ടുള്ള പോക്കില്‍ ഒട്ടും ആശങ്കയില്ലെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന പാര്‍ട്ടിയാണ് ബി.ജെ.പി.യെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു. എല്ലാവരുടെയും ബുദ്ധിമുട്ടുകള്‍ പരിശോധിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാസര്‍കോട് രാജിവെച്ച സംസ്ഥാന സമിതിയംഗം രവീശ തന്ത്രി കുണ്ടാറിന് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായെങ്കില്‍ പരിശോധിച്ച് പരിഹരിക്കും. പാര്‍ട്ടി ധാരാളം അവസരം അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്. രണ്ടുതവണ മഞ്ചേശ്വരത്ത് മത്സരിപ്പിച്ചു. ലോക്‌സഭയിലേക്കും മത്സരിക്കാന്‍ സീറ്റ് നല്‍കി. അവഗണിച്ചു എന്ന പ്രചാരണം ശരിയല്ല. പാര്‍ട്ടിയില്‍ ഗ്രൂപ്പില്ല. അതുകൊണ്ട് ആശങ്കയുമില്ല. സുരേന്ദ്രൻ പറഞ്ഞു.
സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റപ്പോള്‍ ചില നേതാക്കള്‍ എത്താഞ്ഞതിന്റെ കാരണം വ്യക്തമായറിയാം. രണ്ടു ജില്ലാ പ്രസിഡന്റുമാരുടെ പ്രഖ്യാപനവും പാര്‍ട്ടി പുനഃസംഘടനയും രണ്ടാഴ്ചയ്ക്കുള്ളില്‍ ഉണ്ടാകും. അവകാശവാദങ്ങളിലൂടെയല്ല, ജനങ്ങളെ യജമാനന്മാരായി കണ്ടാകും മാറ്റത്തിന് ശ്രമിക്കുക. ബി.ഡി.ജെ.എസിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപടില്ല. സുരേന്ദ്രൻ വ്യക്തമാക്കി.
മാധ്യമങ്ങളുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നത്. നിശിതമായി വിമര്‍ശിക്കാം. എന്നാല്‍, തിരിച്ചുള്ള വിമര്‍ശനത്തിനും ഇടം നല്‍കണം. തദ്ദേശ തിരഞ്ഞെടുപ്പില്‍ മെച്ചപ്പെട്ട പ്രകടനമായിരിക്കും ബി.ജെ.പി.യുടേത്. കേസരി സ്മാരക ജേര്‍ണലിസ്റ്റ്‌സ് ട്രസ്റ്റിന്റെ മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് വി.വി. രാജേഷും ഒപ്പമുണ്ടായിരുന്നു.
Post Your Comments