ഗോഹട്ടി: മണിപ്പൂര്‍ സര്‍ക്കാര്‍ ബോര്‍ഡിന്റെ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ചോദ്യപേപ്പറിനെതിരെ കോണ്‍ഗ്രസ് രംഗത്ത്. ചോദ്യ പേപ്പറിൽ വിവാദങ്ങളായ ചോദ്യങ്ങൾ കടന്നു കൂടിയതായി കോൺഗ്രസ് വ്യക്തമാക്കി. രാഷ്ട്ര നിര്‍മാണത്തിനായി മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു സ്വീകരിച്ച തെറ്റായ സമീപനങ്ങള്‍ വിശകലനം ചെയ്യുക എന്നതാണ് ഒരു ചോദ്യം. അതുപോലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം വരയ്ക്കാനും ചോദ്യമുണ്ടായിരുന്നു. നാലു മാര്ക്കിന്റെയാണു ചോദ്യങ്ങള്‍.
മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ തെറ്റായ നയങ്ങള്‍ വിലയിരുത്താൻ പരീക്ഷയില്‍ കുട്ടികളോട് ആവശ്യപ്പെട്ടിരിക്കുന്നത് ഗുരുതരമായ വീഴ്ചയാണെന്ന് കോൺഗ്രസ് ആരോപിക്കുന്നു. ശനിയാഴ്ചയാണ് പൊളിറ്റിക്കല്‍ സയന്‍സിന്റെ ചോദ്യപ്പേപ്പറില്‍ വിവാദ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി കുട്ടികള്‍ക്കു പരീക്ഷ നടന്നത്.
ഇത്തരം ചോദ്യങ്ങൾ ഉൾപ്പെടുത്തിയ ബിജെപി സര്‍ക്കാരിന്റെ മനോഭാവത്തെ അപലപിക്കുന്നുവെന്നു കോണ്‍ഗ്രസ് വക്താവ് ബുപേന്ദ മൈതേ പറഞ്ഞു. അതേസമയം, ചോദ്യപേപ്പര്‍ തയ്യാറാക്കിയതില്‍ പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നു ബിജെപി നേതാക്കള്‍ വ്യക്തമാക്കി.
Post Your Comments