തിരുവനന്തപുരം : പരീക്ഷ മൂല്യനിര്‍ണ്ണയത്തില്‍ ഗുരുതര വീഴ്ച വരുത്തിയ അദ്ധ്യാപകന് വീണ്ടും മൂല്യനിര്‍ണ്ണയ ചുമതല നല്‍കി കേരള സര്‍വ്വകലാശാല. സര്‍ക്കാര്‍ ലോ കോളേജിലെ അദ്ധ്യാപകന്‍ ഡോ. എ സുഹൃത് കുമാറിനാണ് സര്‍വ്വകലാശാല വീണ്ടും മൂല്യനിര്‍ണ്ണയ ചുമതല നല്‍കിയത്. മൂല്യനിര്‍ണ്ണയത്തില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് സുഹൃത് കുമാറിനെ പരീക്ഷ ചുമതലകളില്‍ നിന്നും മാറ്റി നിര്‍ത്താന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ശുപാര്‍ശ ചെയ്തിരുന്നു.
ഇത് വകവെക്കാതെയാണ് സര്‍വ്വകലാശാലയുടെ നടപടി.എല്‍എല്‍ബി ആറാം സെമസ്റ്റര്‍ പരീക്ഷപേപ്പര്‍ മൂല്യനിര്‍ണ്ണയത്തിലാണ് സുഹൃത് ഗുരുതര വീഴ്ചവരുത്തിയത്. ഇന്റര്‍നാഷണല്‍ ലോ എന്ന പേപ്പറിന്റെ മൂല്യനിര്‍ണ്ണയത്തില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് 20 ഓളം വിദ്യാര്‍ത്ഥികളാണ് പരാജയപ്പെട്ടത്. പിന്നീട് പേപ്പര്‍ പുനര്‍മൂല്യ നിര്‍ണ്ണയം നടത്തിയപ്പോള്‍ പലര്‍ക്കും ലഭിച്ചതിന്റെ ഇരട്ടിമാര്‍ക്കും കിട്ടി. ഇതിനെ തുടര്‍ന്നാണ് പരീക്ഷ ചുമതലകളില്‍ നിന്നും ഇയാളെ മാറ്റി നിര്‍ത്താന്‍ സര്‍വ്വകലാശാലയോട് ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി നിര്‍ദ്ദേശിച്ചത്.
എന്നാല്‍ ഈ നിര്‍ദ്ദേശം ചെവിക്കൊള്ളാത്ത സാഹചര്യത്തില്‍ സര്‍വ്വകലാശാലയ്ക്ക് നേരെ പ്രതിഷേധവും ഉയരുന്നുണ്ട്.നേരത്തെ ഇന്റര്‍നാഷണല്‍ ലോ എന്ന പേപ്പറിന്റെ മൂല്യ നിര്‍ണ്ണയത്തിലും ഗുരുതര വീഴ്ച വരുത്തിയിട്ടുണ്ട്. എന്നാല്‍ തുടര്‍ച്ചയായി വീഴ്ചവരുത്തുന്ന അദ്ധ്യാപകന് പിഴചുമത്തി പ്രശ്‌നം ഒതുക്കി തീര്‍ക്കാനാണ് സര്‍വ്വകലാശാല ശ്രമിച്ചത്.
Post Your Comments