ബംഗളൂരു: പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിക്കുന്ന ആളുകളെ സ്‌പോട്ടില്‍ വെച്ച് തന്നെ വെടിവെച്ചു കൊല്ലണമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് കർണാടക മന്ത്രിയുടെ കത്ത്.
പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ചതിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി അമൂല്യ ലിയോണ്‍ എന്ന വിദ്യാര്‍ത്ഥിനിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് കര്‍ണാടക കൃഷി മന്ത്രി ബിസി പാട്ടീൽ പ്രധാന മന്ത്രിക്ക് കത്തെഴുതിയത്.
പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിക്കുന്ന ആളുകളെ സ്‌പോട്ടില്‍ വെച്ച് തന്നെ വെടിവെച്ചു കൊല്ലണമെന്നും അത്തരമൊരു നിയമം ഇവിടെ നടപ്പിലാക്കേണ്ടതുണ്ടെന്നും മന്ത്രി ബിസി പാട്ടീൽ കത്തിൽ വ്യക്തമാക്കുന്നു.
ബംഗളൂരുവില്‍ എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി പങ്കെടുത്ത പരിപാടിയിലാണ് വിദ്യാര്‍ത്ഥിനി പാക് അനുകൂല മുദ്രാവാക്യം വിളിച്ചത്. ഇതേകുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയവേയായിരുന്നു ഇത്തരക്കാരെ വെടിവെച്ചു കൊല്ലുകയാണ് വേണ്ടതെന്ന പ്രസ്താവന മന്ത്രി നടത്തിയത്.
‘എന്റെ അഭിപ്രായത്തില്‍ ഇവിടെ ഒരു പുതിയ നിയമത്തിന്റെ ആവശ്യമുണ്ട്. ഷൂട്ട് അറ്റ് സൈറ്റ് ലോ. ഇന്ത്യയെ മോശമാക്കി സംസാരിക്കുന്നവരേയും പാകിസ്താനെ പ്രകീര്‍ത്തിച്ച് മുദ്രാവാക്യം വിളിക്കുന്നവരേയും കൈകാര്യംചെയ്യാന്‍ ഉതകുന്നതായിരിക്കണം ഇത്. ‘- മന്ത്രി പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന രാജ്യദ്രോഹികളെ കൈകാര്യം ചെയ്യാന്‍ ഇത്തരത്തിലുള്ള ചില നിയമങ്ങള്‍ കൊണ്ടുവരുന്നത് അത്യാവശ്യമായി വന്നിരിക്കുകയാണെന്നും ഇത്തരമൊരു ആവശ്യം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Post Your Comments