Latest NewsKeralaNews

ലൈഫ് പദ്ധതി : ആദ്യ പ്രീഫാബ് ഭവനസമുച്ചയത്തിന് മുഖ്യമന്ത്രി തറക്കല്ലിട്ടു

കണ്ണൂര്‍ : ലൈഫ് ഭവനപദ്ധതിയില്‍ പ്രീഫാബ് സാങ്കേതികവിദ്യയില്‍ നിര്‍മിക്കുന്ന സംസ്ഥാനത്തെ ആദ്യ ഭവനസമുച്ചയത്തിന് കടമ്പൂര്‍ പനോന്നേരിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിട്ടു. സംസ്ഥാനത്തു ഭൂരഹിതരായി കണ്ടെത്തിയ കുടുംബങ്ങള്‍ക്ക് വീട് ഒരുക്കുന്നതിനാണ് പാര്‍പ്പിട സമുച്ചയങ്ങള്‍ നിര്‍മിക്കുന്നത്. ആധുനിക നിര്‍മാണ സാങ്കേതികവിദ്യയായ പ്രീഫാബ് രീതി ഉപയോഗിച്ചുള്ള നിര്‍മാണത്തിന് ഇതോടെ സംസ്ഥാനത്ത് തുടക്കം കുറിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെട്ടിടനിര്‍മാണങ്ങള്‍ക്ക് ഈ സാങ്കേതിക വിദ്യ വ്യാപകമായി ഉപയോഗപ്പെടുത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. നിര്‍മാണരംഗത്ത് കുതിച്ചു ചാട്ടത്തിന് ഇത് വഴി തെളിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ സ്വന്തമായി വീടില്ലാത്ത മുഴുവന്‍ ആളുകള്‍ക്കും വീട് വെച്ചു നല്‍കുന്ന ലൈഫ് മിഷന്‍ പദ്ധതിയില്‍ ഇതിനകം രണ്ട് ലക്ഷം വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചു കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. സ്വന്തമായി ഭൂമിയും വീടുമില്ലാത്തവര്‍ക്ക് ഭവനസമുച്ചയങ്ങള്‍ ഒരുക്കുന്ന ലൈഫ് മിഷന്റെ മൂന്നാംഘട്ടം കൂടി പൂര്‍ത്തിയാവുന്നതോടെ അഞ്ച് ലക്ഷം പേര്‍ക്ക് വീടുകള്‍ ലഭിക്കും. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലുണ്ടായ പ്രളയത്തില്‍ കൂടുതല്‍ വീടുകള്‍ തകര്‍ന്നതാണ് ലൈഫ് മിഷന്‍ ഭവനങ്ങളുടെ നിര്‍മാണം അല്‍പം വൈകിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് നടപ്പിലാക്കി വരുന്ന ലൈഫ് മിഷന്‍ ഭവന പദ്ധതി രാജ്യത്തിന് മാത്രമല്ല, ലോകത്തിനു തന്നെ മാതൃകയായി മാറിയിരിക്കുകയാണ്. പദ്ധതിയെ കുറിച്ച് പഠിക്കാന്‍ രാജ്യത്തിനകത്തും പുറത്തുമുള്ള വിദഗ്ധ സംഘങ്ങള്‍ കേരളത്തിലെത്തുന്നത് അതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.ഭവനസമുച്ചയങ്ങള്‍ നിര്‍മിച്ചു നല്‍കുന്നതിനൊപ്പം അവര്‍ക്ക് നല്ല രീതിയില്‍ ജീവിക്കാനാവശ്യമായ സൗകര്യങ്ങളും ഒരുക്കും. നിലവില്‍ ലൈഫ് പദ്ധതിയില്‍ വീടുകള്‍ ലഭിച്ചവരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായി അവരെ പങ്കെടുപ്പിച്ച് കുടുംബസംഗമങ്ങള്‍ നടത്തിവരികയാണെന്നും അത്തരം സംഗമങ്ങള്‍ തുടരുമെന്നും മന്ത്രി അറിയിച്ചു.

ലൈഫ് ഗുണഭോക്താക്കളെ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ വിവിധ ക്ഷേമപദ്ധതികളില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള വകുപ്പുതല നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളും.പനോന്നേരി വെസ്റ്റില്‍ കടമ്പൂര്‍ ഗ്രാമപഞ്ചായത്ത് വിട്ടുനല്‍കിയ 41 സെന്റ് സ്ഥലത്ത് ഒരുങ്ങുന്ന ഭവനസമുച്ചയത്തില്‍ നാല് നിലകളിലായി 44 വീടുകളാണ് നിര്‍മിക്കുന്നത്. ലൈഫ് മിഷന്റെ മൂന്നാം ഘട്ടത്തില്‍ ജില്ലയില്‍ 2815 ഗുണഭോക്താക്കളാണുള്ളത്. ജില്ലയില്‍ ലൈഫ് മിഷന്‍ പദ്ധതി പ്രകാരം ഫഌറ്റ് സമുച്ചയം പണിയുന്നതിന് 36 ഇടത്ത് സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. ചിറക്കല്‍, കണ്ണപുരം, പട്ടുവം എന്നീ ഗ്രാമപഞ്ചായത്തുകളിലും ആന്തൂര്‍, പയ്യന്നൂര്‍ എന്നീ മുനിസിപ്പാലിറ്റികളിലും ഈ വര്‍ഷം ഏപ്രിലോടെ ഭവനസമുച്ചയങ്ങളുടെ നിര്‍മ്മാണം ആരംഭിക്കും.

ലൈഫ് മിഷന്‍ സിഇഒ യു വി ജോസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ ടിവി സുഭാഷ്, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം സി മോഹനന്‍, കൂത്തുപറമ്പ് മുനിസിപ്പല്‍ ചെയര്‍മാന്‍ എം സുകുമാരന്‍, കടമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ഗിരീശന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് മൈഥിലി രമണന്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ കെ ശോഭ, കണ്ണൂര്‍ കോര്‍പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷന്‍ വെള്ളോറ രാജന്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം ഖദീജ ടീച്ചര്‍, കടമ്പൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ വിമലാ ദേവി, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍ എന്നിവര്‍ സംസാരിച്ചു.

shortlink

Related Articles

Post Your Comments


Back to top button