ചെന്നൈ: കാട്ടുകള്ളന്‍ വീരപ്പന്റെ മകള്‍ ബി.ജെ.പിയില്‍ ചേര്‍ന്നുവെന്ന വാർത്തകൾ വന്ന ഉടനെ തന്നെ പലരും ട്രോളുമായി സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. എന്നാൽ വീരപ്പനെ പോലെ അല്ല മകൾ. അഭിഭാഷകയായ വിദ്യാറാണി ആദിവാസികള്‍ക്ക് ഇടയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തക കൂടിയാണ്. ആദിവാസിമേഖലകളിൽ ഇവർ സുപരിചിതയാണ്. വീരപ്പന്‍-മുത്തുലക്ഷ്‌മി ദമ്പതികളുടെ രണ്ടാമത്തെ മകളാണ് വിദ്യാറാണി.
“എന്റെ പിതാവിന്റെ ലക്ഷ്യം ജനങ്ങളെ സേവിക്കുക എന്നതായിരുന്നു. എന്നാല്‍, അതിനു തെറ്റായ വഴിയാണ് അദ്ദേഹം സ്വീകരിച്ചത്. ഞാന്‍ ജനങ്ങളെയും രാജ്യത്തെയും സേവിക്കാന്‍ ആഗ്രഹിക്കുന്നു. അതിനാലാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്” എന്നായിരുന്നു അംഗത്വം നേടിയ ശേഷം വിദ്യാ റാണിയുടെ പ്രതികരണം.ഐ.എ.എസ്. ഉദ്യോഗസ്‌ഥയാകുകയായിരുന്നു വിദ്യാ റാണിയുടെ ആദ്യ ലക്ഷ്യം. എന്നാല്‍, സിവില്‍ സര്‍വീസ് പരീക്ഷയില്‍ പരാജയപ്പെട്ടതോടെ ആ മോഹം ഉപേക്ഷിക്കുകയായിരുന്നു.
വിദ്യാറാണി കൃഷ്‌ണഗിരിയില്‍ നടന്ന ചടങ്ങില്‍ ബി.ജെ.പി. ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവുവില്‍ നിന്നാണ് പാര്‍ട്ടി അംഗത്വം കൈപ്പറ്റിയത്. മുതിര്‍ന്ന നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ പൊന്‍ രാധാകൃഷ്‌ണനടക്കമുള്ളവര്‍ സന്നിഹിതരായിരുന്നു.കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്‌ഥാനങ്ങളിലെ വനംവകുപ്പിനും പോലീസിനും പതിറ്റാണ്ടുകളോളം തലവേദനയായിരുന്നു വീരപ്പന്റെ വിളയാട്ടം.
കൊമ്പിനായി ആയിരത്തിലധികം ആനകളെ കൊന്ന വീരപ്പന്‍ നൂറുകണക്കിനു കോടി രൂപയുടെ ചന്ദത്തടിയും വെട്ടിക്കടത്തി. പോലീസുകാര്‍ ഉള്‍പ്പെടെ നൂറിലധികം പേരെയും വീരപ്പനും സംഘവും ചേര്‍ന്നു വകവരുത്തിയിട്ടുണ്ട്. മലയാളിയായ ഐ.പി.എസ്. ഉദ്യോഗസ്‌ഥന്‍ വിജയകുമാറിന്റെ നേതൃത്വത്തിലുള്ള തമിഴ്‌നാട് പ്രത്യേക ദൗത്യ സംഘം 2004 ല്‍ ഏറ്റുമുട്ടലില്‍ വീരപ്പനെ വധിക്കുകയായിരുന്നു.
Post Your Comments