കൊല്ലം: കുളത്തൂപ്പുഴയില്‍ നിന്ന് പാകിസ്ഥാന്‍ നിര്‍മിതമെന്ന് സംശയിക്കുന്ന വെടിയുണ്ടകള്‍ കണ്ടെടുത്ത സംഭവം ഭീകര വിരുദ്ധ സ്‌ക്വാഡ് അന്വേഷിക്കുമെന്ന് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞു. വെടിയുണ്ടകള്‍ വിദേശ നിര്‍മ്മിതമാണെന്ന് ബോധ്യപ്പെട്ടെന്ന് ഡിജിപി വ്യക്തമാക്കി. കുളത്തൂപ്പുഴ ചോഴിയക്കോട് മുപ്പത്തടി പാലത്തിനടിയില്‍ നിന്ന് 14 വെടിയുണ്ടകളാണ് കണ്ടെടുത്തത്.
പിഒഎഫ് എന്ന് വെടിയുണ്ടകളില്‍ രേഖപ്പെടുത്തിയിരിക്കുന്നതായി കണ്ടെത്തി. പാകിസ്ഥാന്‍ ഓര്‍ഡിനന്‍സ് ഫാക്ടറി എന്നതിന്റെ ചുരുക്കപ്പേരാണ് പിഒഎഫ് എന്നാണ് നിഗമനം. സ്ഥലത്ത് വീണ്ടും ബോംബ് സ്‌ക്വാഡിന്റെ പരിശോധന ആരംഭിച്ചിരിക്കുകയാണ്. കവറില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു വെടിയുണ്ടകള്‍. നാട്ടുകാര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി വെടിയുണ്ടകള്‍ കസ്റ്റഡിയിലെടുത്ത് പരിശോധിക്കുന്നതിനിടെയാണ് ഇവ പാകിസ്ഥാന്‍ നിര്‍മ്മിതമെന്ന സംശയം ഉയര്‍ന്നത്.
പാകിസ്ഥാന്‍ സൈന്യത്തിന് വേണ്ടി വെടിയുണ്ടകള്‍ നിര്‍മ്മിക്കുന്ന ഇടമാണ് പാകിസ്ഥാന്‍ ഓര്‍ഡിനന്‍സ് ഫാക്ടറി. ദീര്‍ഘദൂര ലക്ഷ്യസ്ഥാനത്ത് എത്താന്‍ കഴിയുന്ന 7.62 എംഎം വെടിയുണ്ടകളാണിവ എന്ന് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവ പിഒഎഫില്‍ നിര്‍മ്മിച്ചതാണ് എന്ന സംശയത്തില്‍ വിശദമായ അന്വേഷണത്തിന് തയ്യാറെടുക്കുകയാണ് പൊലീസ്
Post Your Comments