കാസര്‍കോട്: പെരിയയില്‍ രണ്ട് ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍ തകര്‍ത്തു. കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള കാത്തിരിപ്പു കേന്ദ്രങ്ങളാണ് തകര്‍ത്തത്. കോണ്‍ഗ്രസ് ഭരിക്കുന്ന പെരിയ സഹകരണ ബാങ്കിന്റെ പ്രധാന കെട്ടിടത്തിന്റെ ജനല്‍ച്ചിലും കല്ലെറിഞ്ഞു തകര്‍ത്തു. രാത്രി 8 നാണ് സംഭവം. പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. സംഭവത്തിൽ കോണ്‍ഗ്രസ് നേതൃത്വം ബേക്കല്‍ പൊലീസില്‍ പരാതി നല്കി.പ്രകടനമായെത്തിയ സിപിഎം പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്നാണ് കോണ്‍ഗ്രസുകാര്‍ ആരോപിക്കുന്നത്.
ആക്രമണ സംഭവങ്ങളെ തുടര്‍ന്ന് പ്രദേശത്തു സുരക്ഷ ശക്തമാക്കി. 17നായിരുന്നു കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്ലാലിന്റെയും രക്തസാക്ഷിത്വ ദിനാചരണം. അതേസമയം ശരത്ലാല്, കൃപേഷ് രക്തസാക്ഷിത്വ ദിനാചരണത്തില്‍ സമാധാനം കാത്തു സൂക്ഷിക്കുന്ന ഇടപെടലാണു കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്നുണ്ടായത്.അനിഷ്ട സംഭവങ്ങള്‍ ഉണ്ടായില്ല എന്നത് ഇതിന്റെ തെളിവാണ്. എന്നാല്‍ പി.ജയരാജന് കഴിഞ്ഞ ദിവസം പെരിയയിലെത്തിയതു ദുരൂഹത വര്‍ധിപ്പിക്കുന്നു. ജയരാജന്റെ പ്രകോപനപരമായ പ്രസംഗവും തുടര്‍ന്നു സിപിഎം നടത്തിയ ഗൂഢാലോചനയുടെയും ഫലമാണ് പെരിയയില്‍ ഇന്നലെ ഉണ്ടായ അക്രമങ്ങള്‍ എന്നും കോൺഗ്രസ് ആരോപിച്ചു.
പെരിയ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിനു സമീപത്തെ ബസ് കാത്തിരിപ്പു കേന്ദ്രവും പെരിയയിലെ ഹരികുമാര്‍ സ്മാരക കാത്തിരിപ്പു കേന്ദ്രവുമാണു തകര്‍ത്തത്. രണ്ടും കോണ്‍ഗ്രസ് സ്ഥാപിച്ചവയാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ കല്യോട്ടെ ഇരട്ടക്കൊലപാതകവും സംഘര്‍ഷവും നടന്ന സ്ഥലമാണ് പെരിയ. അന്നത്തെ സംഘര്‍ഷത്തില്‍ സിപിഎമ്മിന്റെ പാര്‍ട്ടി ഓഫിസും തകര്‍ന്നിരുന്നു. പുനര്‍നിര്‍മ്മിച്ച ഓഫിസ് കഴിഞ്ഞ ദിവസമാണ് ഉദ്ഘാടനം ചെയ്തത്.
Post Your Comments