ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രൻ ചുമതലയേറ്റ ചടങ്ങ്, ഒരു സംശയവുമില്ല, അടുത്തകാലത്തൊന്നും ഈ പാർട്ടിയിൽ നടന്നിട്ടില്ലാത്ത വിധത്തിലായി, മനോഹരമായി, ആഹ്‌ളാദകരമായി …… ഗൗരവതരവുമായി. സംസ്ഥാന അധ്യക്ഷനായി സുരേന്ദ്രനെ ദേശീയ പ്രസിഡന്റ് ജെപി നദ്ദ നിയമിച്ചത് മുതൽ ഒരു മാറ്റം പ്രകടമായിരുന്നു എന്ന് കരുതുന്ന ഒരാളാണ് ഞാൻ. എന്നാൽ സ്വന്തം പ്രസ്ഥാനത്തിലെ, കുടുംബത്തിലെ കാരണവന്മാർ, പാർട്ടിക്ക് അടിത്തറയിടാൻ രാപകൽ ഓടിനടന്നവർ, പഴയകാലത്ത് കഷ്ടപ്പെട്ടവർ എന്നിവരെയൊക്കെ കാണാൻ പലരും ശ്രമിച്ചതേയില്ലായിരുന്നു. നേരിട്ട് കാണണ്ട, ഒന്ന് വിളിക്കാമല്ലോ. അതിനുപോലും ചിലരെങ്കിലും മടിച്ചു. അവിടെയാണ് കെ സുരേന്ദ്രൻ വ്യത്യസ്തനായത്. കാരണവന്മാർ, പഴയകാല പ്രവർത്തകർ എന്നിവരെ കഴിയുന്നതും ഫോണിൽ വിളിക്കാനും ഇന്ന് തിരുവനന്തപുരത്ത് വന്നാൽ നന്നായിരുന്നു, അനുഗ്രഹിക്കണം എന്ന് പറഞ്ഞിരുന്നു. ആ സന്തോഷം അവരിൽ അനവധി പേര് കഴിഞ്ഞ ദിവസങ്ങളിൽ പങ്കുവെച്ചിരുന്നു. കുറേയേറെപ്പേർ ഇന്ന് തിരുവനന്തപുരത്തെത്തുകയും ചെയ്തു.
മുൻകാലങ്ങളിൽ ചിലർ പാർട്ടി പ്രസിഡന്റായും മറ്റും നിയോഗിക്കപ്പെട്ടപ്പോൾ കണ്ടിരുന്നത് ബിഷപ്പുമാരെ കാണുന്നതും കൈ മൊത്തുന്നതും മറ്റുമാണ്. അതിനായിരുന്നു അവരിൽ ചിലർ മുൻതൂക്കം നൽകിയത്. അവർക്കൊപ്പമുള്ള ഫോട്ടോകൾ പ്രചരിക്കുന്നതിൽ ആനന്ദം കണ്ടവരുമുണ്ട്. അതൊന്നും വേണ്ട എന്നല്ല; രാഷ്ട്രീയത്തിൽ അതൊക്കെയും വേണ്ടിവരുമായിരിക്കും. എന്നാലതൊക്കെ സ്വന്തം ഇമേജ് നന്നാക്കാനാവരുതായിരുന്നു; പിന്നെ സ്വന്തം കുടുംബാംഗങ്ങളെ മറന്നുകൊണ്ടല്ലല്ലോ അതൊക്കെ ചെയ്യേണ്ടത്. അവിടെയാണ് സുരേന്ദ്രൻ വ്യത്യസ്തനായത്.
ഓ രാജഗോപാലാണ് , രാജേട്ടൻ, ആണ് കേരളത്തിലെ ബിജെപിയുടെ കാരണവർ. അതിലേറെ പ്രായമുള്ള കെ അയ്യപ്പൻ പിള്ള സാറിനെ മറക്കുകയല്ല. ബിജെപിയുടെ കാരണവരായി അദ്ദേഹമിപ്പോഴും സജീവമായി ഓടിയെത്തുന്നു എല്ലായിടത്തും. പിന്നെ രാജേട്ടനെ ജനസംഘത്തിലെത്തിക്കുന്നതിൽ വലിയ പങ്ക് വഹിച്ച കെ രാമൻ പിള്ള സാർ. അവർക്കൊപ്പമുണ്ടായിരുന്ന നേതാവാണ് കെജി മാരാർജി. അദ്ദേഹം ഇന്നിപ്പോൾ നമുക്കൊപ്പമില്ല. സികെ പത്മനാഭൻ, ഏറ്റുമാനൂർ രാധാകൃഷ്ണൻ, വിഎൻ ഉണ്ണി, കെവി ശ്രീധരൻ മാസ്റ്റർ ഒക്കെ അടുത്ത തലമുറയാണ്. അതിനടുത്ത തലമുറയിലാണ് അന്തരിച്ച സിഎം കൃഷ്ണനുണ്ണി, ജന്മഭുമിയിലെ കെ കുഞ്ഞിക്കണ്ണൻ, കണ്ണൂരിലെ എ ദാമോദരൻ, ഞാൻ, കാസർഗോട്ടെ വി രവീന്ദ്രൻ തുടങ്ങിയവർ. ഇവരെയൊക്കെ ബന്ധപ്പെടാൻ ഇപ്പോഴത്തെ പ്രസിഡന്റ് ശ്രദ്ധിച്ചത് കണ്ടു. ജനസംഘത്തിന്റെ സംഘടനാ സെക്രട്ടറിയും ജന്മഭൂമി ചീഫ് എഡിറ്ററുമായിരുന്ന പി നാരായൺജിയെ പോയി കണ്ടതും ശ്രദ്ധിച്ചു. അതിനുശേഷമുള്ള തലമുറയാണ് കെ സുരേന്ദ്രന്റേത്.
ഇന്നത്തെ ആ വേദിതന്നെ ‘ഇലക്ട്രിഫൈയിങ് എഫ്ഫക്റ്റ് ‘ ഉണ്ടാക്കിയില്ലേ യഥാർഥത്തിൽ. ആ കാരണവന്മാർ എല്ലാവരും സുരേന്ദ്രനെ അനുഗ്രഹിക്കാൻ തയ്യാറായി നിന്നത്……. ഓ രാജേട്ടൻ, രാമൻ പിള്ള സാർ, അയ്യപ്പൻ പിള്ള സാർ, സികെ പത്മനാഭൻ, പിപി മുകുന്ദേട്ടൻ, വി മുരളീധരൻ, പികെ കൃഷ്ണദാസ് ……. ഇതൊക്കെ സംഘ കുടുംബത്തിൽ സർവ സാധാരണമാണ് എന്നൊക്കെ വേണമെങ്കിൽ പറയാം; പക്ഷെ എന്നാൽ അതിനൊക്കെയപ്പുറമുള്ള ഒരു ഫീൽ ഇന്നുണ്ടാക്കി എന്നത് യാഥാർഥ്യമാണ്. കുമ്മനം മാത്രമെത്തിയില്ല. എന്താണാവോ കാരണം. എന്ത് കാരണമുണ്ടായാലും ഇന്നിപ്പോൾ അദ്ദേഹം തിരുവനന്തപുരത്ത് എത്തേണ്ടതുണ്ടായിരുന്നു എന്ന് കരുതുന്ന ഒരാളാണ് ഞാൻ. കുറെ നാൾ സംസ്ഥാന പ്രസിഡന്റും പിന്നീട് ഗവർണറും രണ്ടുതവണ സ്ഥാനാർഥിയുമൊക്കെ അദ്ദേഹമായത് ഈ പാർട്ടിക്ക് വേണ്ടിയാണല്ലോ. എന്തെങ്കിലും ഒഴിവാക്കാനാവാത്ത അത്യാവശ്യം ഉണ്ടായിരുന്നിരിക്കാം.
ഏറ്റവുമധികം സന്തോഷിപ്പിച്ചത് പിപി മുകുന്ദേട്ടന്റെ വേദിയിലെ സാന്നിധ്യമാണ്, ആ വേദിയിൽ അദ്ദേഹത്തെ കണ്ടപ്പോഴാണ്. കെ സുരേന്ദ്രൻ നേരിട്ട് അഭ്യർത്ഥിച്ചത് കൊണ്ടാണ്, ആരോഗ്യ പ്രശ്ങ്ങൾ ഉണ്ടായിട്ടും അദ്ദേഹം കണ്ണൂരിൽ നിന്ന് തലസ്ഥാനത്തേക്ക് എത്തിയത്. സുരേന്ദ്രനെ അനുഗ്രഹിക്കാനായി എത്തി എന്നർത്ഥം. സുരേന്ദ്രനെ ഒക്കെ കൈപിടിച്ചു പാർട്ടിയിൽ വളർത്തിയ ഒരാളാണല്ലോ അദ്ദേഹം. അങ്ങിനെ സഹായം ലഭിച്ച പലരും അതൊക്കെ ഇടക്ക് വിസ്മരിച്ചിട്ടുണ്ടാവാം; എന്നാൽ സുരേന്ദ്രൻ അതിനു തയ്യാറായില്ല എന്നത് പ്രധാനപ്പെട്ട കാര്യമായിത്തന്നെ കാണേണ്ടിയിരിക്കുന്നു. മുൻപൊരിക്കൽ പാർട്ടിയിലേക്ക് വരണം എന്ന് കുമ്മനം പറഞ്ഞതനുസരിച്ച് എത്തിയപ്പോൾ പാർട്ടി ഓഫീസിൽ ആരുമില്ലാതിരുന്ന അനുഭവം മുകുന്ദേട്ടന്റെ മനസ്സിൽ ഇപ്പോഴും ഉണ്ടായിരുന്നിരിക്കണം. ആ സംഭാവമുണ്ടാക്കിയ ദുഷ്പേരാണ് ഇന്നിപ്പോൾ പാർട്ടി മാറ്റിയത്; ഒരു പ്രായശ്ചിത്തം പോലെ. അത് ചെയ്യാനുള്ള ഭാഗ്യവും സുരേന്ദ്രനുണ്ടായി എന്നതാണ് ഞാൻ കാണുന്ന മറ്റൊരു കാര്യം.
നരേന്ദ്ര മോദിയും അമിത് ഷായും ജെപി നദ്ദയും ബിഎൽ സന്തോഷും ഉൾപ്പെട്ട കേന്ദ്ര ബിജെപി നേതൃത്വം ഇത്തവണ സുരേന്ദ്രനെ തിരഞ്ഞെടുത്തത് അദ്ദേഹത്തിന്റെ ജന പിന്തുണയും യുവത്വവുമൊക്കെ കണക്കിലെടുത്തുകൊണ്ടാണ്. ശബരിമല സമരത്തോടെ കേരളത്തിലെ ഒരു പോരാട്ട നായകനായി അദ്ദേഹം മാറി എന്നത് കേന്ദ്ര നേതാക്കളും തിരിച്ചറിയുന്നു. ഇതുപോലെ പൊതുസമൂഹം തിരിച്ചറിയുന്ന ബിജെപി നേതാക്കൾ ഇന്നിപ്പോൾ കേരളത്തിൽ കുറവാണ് ; ഇല്ല എന്നുതന്നെ പറയണം. അതുകൊണ്ട് എല്ലാവരും അദ്ദേഹവുമായി കൈകോർത്ത് നീങ്ങേണ്ടതാണ്. അതാണ് സംഘ രീതി, അതാണ് ബിജെപിയുടെ ഒരു സംസ്കാരം.
കൂട്ടായ ഒരു പ്രവർത്തനം ഇനി കേരളത്തിൽ ഉണ്ടായേ തീരൂ. അതിൽ പ്രായഭേദമന്യേ, നേതാവും പ്രവർത്തകനും എന്ന വ്യത്യാസം മാറ്റിനിർത്തി എല്ലാവരും പ്രവർത്തിക്കേണ്ടതുണ്ട്. വെറുതെ പ്രവർത്തിക്കുകയല്ല ഓവർ ടൈം തന്നെ ജോലി ചെയ്യണം. അങ്ങിനെയേ ഇന്നിപ്പൊഴത്തെ സാഹചര്യങ്ങളിൽ പാർട്ടിയെ മുന്നോട്ട് വേഗത്തിൽ കൊണ്ടുപോകാനാവൂ. ദേശീയതലത്തിൽ ബിജെപിയും ദേശീയ പ്രസ്ഥാനങ്ങളും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി കേരളത്തിൽ നിന്നാണ് പലപ്പോഴും ഉടലെടുക്കുന്നത് എന്നത് മറന്നുകൂടാ. ഒട്ടെല്ലാ ബിജെപി വിരുദ്ധ ദേശ വിരുദ്ധ ശക്തികളുടെയും ശ്രോതസായി മാറിക്കൊണ്ടിരിക്കുന്നതും കേരളമാണ് എന്നതാണ് തിരിച്ചറിയേണ്ടത്. ഒരു പരിധി വരെ സിപിഎം പോലും ആ അപകടം തിരിച്ചറിയുന്നുണ്ട്, അതിൽ എത്രത്തോളമാണ് ആത്മാർഥത എന്നത് വേറെ കാര്യം; പക്ഷെ അവർ അത് തുറന്നുപറയുന്നു.എസ്‌ഡിപിഐ യും മറ്റുമുയരുന്ന ഭീഷണിയെക്കുറിച്ചാണ് സൂചിപ്പിച്ചത്. ബിജെപിക്കാവട്ടെ സിപിഎമ്മും ഒരു വലിയ വെല്ലുവിളിയാണ്. ഇതൊക്കെ തിരിച്ചറിഞ്ഞുകൊണ്ട് വലിയ പോരാട്ടത്തിന് ആണ് കേരളം സജ്ജമാവേണ്ടത്; അവിടെയാണ് സുരേന്ദ്രന്റെ നേതൃത്വത്തിന്റെ പ്രാധാന്യമേറുന്നത്.
Post Your Comments