ദുബായ് : രണ്ടു പേർക്ക് കൂടി യുഎഇയിൽ കൊറോണ വൈറസ് ബാധ(കോവിഡ്-19) സ്ഥിരീകരിച്ചു. യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം (മൊഹാപ്) ആണ് ഇക്കാര്യം അറിയിച്ചത്. ചൈനീസ് വ്യക്തിയുമായി ബന്ധമുണ്ടായിരുന്ന 34 കാരനായ ഫിലിപ്പിനോ സ്വദേശിയിലും, 39 കാരനായ ബംഗ്ലാദേശ് സ്വദേശിയിലുമാണ് വൈറസ് ബാധ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. രണ്ട് രോഗികളും നിരീക്ഷണത്തിലാണെന്നും ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്നും യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം (മൊഹാപ്) വ്യക്തമാക്കി.
കഴിഞ്ഞ ദിവസം കൊറോണ വൈറസ് ബാധയെ തുടർന്ന് യുഎഇയിൽ ചികിത്സയിലായിരുന്ന 2 പേർകൂടി ആശുപത്രി വിട്ടിരുന്നു. നാൽപത്തിയൊന്നുകാരനായ ചൈനക്കാരനും ഇയാളുടെ 8 വയസ്സുള്ള മകനുമാണ് രോഗം പൂർണമായി ഭേദമായ ശേഷം താമസ സ്ഥലത്തേക്കു മടങ്ങിയത്. കഴിഞ്ഞ ആഴ്ച എഴുപത്തിമൂന്നുകാരി ആശുപത്രി വിട്ടിരുന്നു. ഇതോടെ അസുഖം മാറിയവരുടെ എണ്ണം മൂന്നായി എന്നും ശേഷിച്ച 5 പേരും സുഖംപ്രാപിച്ചുവരുന്നതായും അധികൃതർ അറിയിച്ചു. രോഗം മാറിയവരെ ചൈനീസ് കോൺസൽ ജനറലും രാജ്യാന്തര ആരോഗ്യ നിയന്ത്രണ വിഭാഗം മേധാവി ഡോ. ഫാത്തിമ അൽ അത്തറും സന്ദർശിച്ചിരുന്നു.യുഎഇ നൽകിയ മികച്ച ചികിത്സയ്ക്കും പരിചരണത്തിനും ചൈനക്കാർ തങ്ങളുടെ നന്ദി അറിയിച്ചു
Post Your Comments