ഇന്ത്യന്‍ സ്പിന്നര്‍ പ്രഗ്യാന്‍ ഓജ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചു. ട്വിറ്ററിലൂടെയാണ് 16 വര്‍ഷം നീണ്ട ക്രിക്കറ്റ് കരിയറിന് താന്‍ തിരശീലയിടുന്നതായി 33കാരനായ താരം അറിയിച്ചത്. ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് അവസാനമായി ദേശീയ ടീമിനു വേണ്ടി കളിച്ച ഓജ കഴിഞ്ഞ കുറച്ച് നാളുകളായി ആഭ്യന്തര ക്രിക്കറ്റിലും സജീവമായിരുന്നില്ല.
ഇടങ്കൈയ്യന്‍ സ്പിന്നറായ ഓജ 2008-ലാണ് ഇന്ത്യന്‍ ഏകദിന ടീമില്‍ ഇടം നേടുന്നത്. തൊട്ടടുത്ത വര്‍ഷം ടെസ്റ്റ്,ടി20 അരങ്ങേറ്റവും താരം നടത്തി. 18 ഏകദിനം കളിച്ച ഓജയ്ക്ക് വെറും 21 വിക്കറ്റുകളാണ് നേടാനായത്. ആറു ടി20കളും കളിച്ചു. എന്നാല്‍ ടെസ്റ്റില്‍ ഓജ മികവ് തെളിയിച്ചു. 24 മത്സരങ്ങളില്‍ നിന്ന് 113 വിക്കറ്റുകളാണ് ഓജ നേടിയത്. 2013-ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റിലാണ് ഓജ അവസാനമായി ഇന്ത്യക്കായി കളിച്ചത്. സച്ചിന്റെ വിരമിക്കല്‍ മത്സരമായിരുന്ന ഈ ടെസ്റ്റില്‍ പത്ത് വിക്കറ്റ് നേടി ഓജ കളിയിലെ താരവുമായിരുന്നു.
ഐ.പി.എല്ലില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനായും മുംബൈ ഇന്ത്യന്‍സിനായും ഓജ കളിച്ചിട്ടുണ്ട്. ഇരുടീമുകള്‍ക്കൊപ്പവും കിരീടം ചൂടിയിട്ടുമുണ്ട്. ഐ.പി.എല്ലിന്റെ മൂന്നാം സീസണില്‍ ഏറ്റവുമധികം വിക്കറ്റ് നേടിയ താരവും ഓജ തന്നെയായിരുന്നു. 2014ല്‍ സംശയാസ്പദമായ ബൗളിങ് ആക്ഷന്റെ പേരില്‍ താരം കുടുങ്ങിയിരുന്നു. തുടര്‍ന്ന് 2015ല്‍ ആക്ഷനില്‍ മാറ്റം വരുത്തിയതോടെ ഓജ വീണ്ടും ബൗള്‍ ചെയ്യുകയായിരുന്നു. 2018ലാണ് ഓജ അവസാനമായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കല്‍ച്ചത്. രഞ്ജി ട്രോഫിയില്‍ ബിഹാറിനു വേണ്ടിയായിരുന്നു ഇത്. അതിനു ശേഷം ഓജ മത്സരംഗത്ത് ഇല്ലായിരുന്നു.
Post Your Comments