അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് എംഎസ് ധോണി. ആരോധകരെ ഞെട്ടിച്ച പ്രഖ്യാപനമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ 16 വര്‍ഷത്തെ അന്താരാഷ്ട്ര കരിയറിനാണ് തിരശ്ശീല വീഴ്ത്തിയിരിക്കുന്നത്. അതില്‍ 2011 ലോകകപ്പ് ഉള്‍പ്പെടെ പ്രധാന അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ട്രോഫികള്‍ എല്ലാം തന്നെ ധോണി നേടിയിട്ടുണ്ട്.
എംഎസ് ധോണി ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്നത് തുടരും. ഇന്ത്യയുടെ 74-ാം സ്വാതന്ത്ര്യദിനത്തില്‍ അപ്രതീക്ഷിത പ്രഖ്യാപനവുമായാണ് എം.എസ് ധോണി സോഷ്യല്‍ മീഡിയയില്‍ എത്തിയത്. താരത്തിന്റെ തിരിച്ചു വരവ് കാത്തിരുന്ന ആരാധകര്‍ക്ക് വന്‍ തിരിച്ചടിയാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. ഇത്രയും കാലം നല്‍കിയ പിന്തുണക്കും സ്‌നേഹത്തിനും നന്ദി, ഇന്ന് 19.29 (07.29) മുതല്‍ ഞാന്‍ വിരമിച്ചതായി കണക്കാക്കണം. എന്നാണ് ധോണിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.
https://www.instagram.com/tv/CD6ZQn1lGBi/?utm_source=ig_embed
2019 ലെ ക്രിക്കറ്റ് ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനോട് ഇന്ത്യ പരാജയപ്പെട്ടതിന് ശേഷം 39കാരനായ എംഎസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചിട്ടില്ല. 2014 ല്‍ ടെസ്റ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ധോണി 350 ഏകദിനങ്ങളും 98 ടി 20 യും കളിച്ചിട്ടുണ്ട്. 350 ഏകദിനങ്ങളില്‍ 50.57 ശരാശരിയില്‍ ധോണി 10773 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ 10 സെഞ്ച്വറികളും 73 അര്‍ദ്ധസെഞ്ച്വറികളും അദ്ദേഹത്തിന്റെ പേരിലുണ്ട്. രണ്ട് അര്‍ദ്ധസെഞ്ച്വറികള്‍ ഉള്‍പ്പെടെ 37.60 ശരാശരിയില്‍ 98 ടി 20 യില്‍ നിന്ന് 1617 റണ്‍സും ധോണി നേടിയിട്ടുണ്ട്.
2019 ജനുവരിയില്‍ ധോണി തന്റെ തൊപ്പിയില്‍ മറ്റൊരു തൂവല്‍ ചേര്‍ത്തിരുന്നു. 10,000 റണ്‍സ് നേടുന്ന അഞ്ചാമത്തെ ഇന്ത്യക്കാരനും ഏകദിന ചരിത്രത്തില്‍ പതിനൊന്നാമനുമാണ് ധോണി. ജനുവരി 12 ന് സിഡ്നി ക്രിക്കറ്റ് മൈതാനത്ത് ഓസ്ട്രേലിയയ്ക്കെതിരെ നടന്ന ആദ്യ ഏകദിനത്തിലായിരുന്നു മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഈ നാഴികക്കല്ല് പിന്നിട്ടത്. സച്ചിന്‍, രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി, കുമാര്‍ സംഗക്കാര, ബ്രയാന്‍ ലാറ, സനത് ജയസൂര്യ തുടങ്ങിയവരുടെ പട്ടികയിലേക്കാണ് ധോണി ചേര്‍ന്നത്.
2011ല്‍ ഇന്ത്യയ്ക്ക് ലോകകപ്പ് സമ്മാനിച്ച നായകന്‍ 10000 റണ്‍സ് നേടിയ രണ്ടാമത്തെ വിക്കറ്റ് കീപ്പര്‍-ബാറ്റ്‌സ്മാന്‍ ആണ്. ഇതിനു മുമ്പ് സംഗക്കാര മാത്രമാണ് ആ റെക്കോര്‍ഡ് നേടിയത്. ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ 2011 ല്‍ ഏകദിന ലോകകപ്പും 2007 ല്‍ ലോക ട്വന്റി 20 യും ഇന്ത്യ ഉയര്‍ത്തി. 2013 ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫി വിജയത്തിലേക്ക് ഇന്ത്യയെ നയിച്ചു.
Post Your Comments