ശബരിമല: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ നടവരവായി ലഭിച്ച സ്വര്‍ണാഭരണങ്ങള്‍ റിസര്‍വ് ബാങ്ക് ബോണ്ടില്‍ നിക്ഷേപിച്ച് പണമാക്കി മാറ്റാന്‍ ദേവസ്വം ബോര്‍ഡ് ഒരുങ്ങുന്നു. പരമ്പരാഗത തിരുവാഭരണങ്ങള്‍ ഒഴിച്ചുള്ള സ്വര്‍ണം, വെള്ളി ഉരുപ്പടികളാണ് ബോണ്ടാക്കാനൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ദേവസ്വം ബോര്‍ഡിന്റെ സ്ട്രോംഗ് റൂമുകളില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണം, വെള്ളി ശേഖരം മൂല്യം നിര്‍ണയിച്ച് അളന്ന് തിട്ടപ്പെടുത്തുന്നതിന് ഉദ്യോഗസ്ഥരെ നിയമിച്ച് ഉത്തരവായി.
ആദ്യ ഘട്ടത്തില്‍ 24 കിലോയോളം സ്വര്‍ണവും അത്രതന്നെ വെള്ളിയും നിക്ഷേപിക്കാനാവുമെന്നാണ് കരുതുന്നത്. വിലയുടെ രണ്ട് ശതമാനം പലിശയായി ദേവസ്വം ബോര്‍ഡിന് ലഭിക്കും.തിരൂവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള മുഴുവന്‍ ക്ഷേത്രങ്ങളിലെയും ഉരുപ്പടികളുടെ കണക്കെടുപ്പ് ആരംഭിച്ചു. ആദ്യഘട്ടത്തില്‍ സ്ട്രോങ് റൂമുകളില്‍ സൂക്ഷിച്ച ഉരുപ്പടികള്‍ ചടങ്ങുകള്‍ക്ക് ആവശ്യമുള്ളവ, അല്ലാത്തവ, പൗരാണിക മൂല്യമുള്ളത് എന്നിങ്ങനെ വേര്‍തിരിക്കും. ഇതില്‍ നിന്ന് ക്ഷേത്രാവശ്യത്തിനു ഉപയോഗിക്കുന്നതും പൗരാണിക മൂല്യമുള്ളതുമായവ മാറ്റും.
കാണിക്കയായും നടവരവായും ലഭിച്ചവയാണ് ക്ഷേത്രാവശ്യത്തിന് ഉപയോഗിക്കാത്ത ഉരുപ്പടികളിലേറെയും. ഇവയെല്ലാം ഉരുക്കി സ്വര്‍ണക്കട്ടിയാക്കിയാണ് റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കുക. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ഇത്തരത്തില്‍ ഉരുപ്പടികള്‍ റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കുന്നുണ്ട്.കാലങ്ങളായി ഭക്തര്‍ നടയ്ക്കുവച്ച കോടിക്കണക്കിന് രൂപയുടെ സ്വര്‍ണം, വെള്ളി ഉരുപ്പടികളാണ് ദേവസ്വം ബോര്‍ഡിന്റെ വിവിധ സ്ട്രോംഗ് റൂമുകളില്‍ സൂക്ഷിച്ചിരിക്കുന്നത്. ഇത്തരത്തില്‍ ആറന്മുളയിലെ സ്ട്രോംഗ് റൂമില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ ഉരുപ്പടികളില്‍ ഒരു ഭാഗം എടുത്ത് ഉരുക്കിയാണ് ശബരിമലയില്‍ സ്വര്‍ണക്കൊടിമരം പുതുക്കി നിര്‍മ്മിച്ചത്.
ഇതിനായ് 9 കിലോ സ്വര്‍ണമാണ് അന്ന് ഉപയോഗിച്ചത്.ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് അമ്ബലപ്പുഴയില്‍ ദേവന്റെ തിരുവാഭരണത്തിന്റെ ഭാഗമായ സ്വര്‍ണ പതക്കം മോഷണം പോയിരുന്നു. ഇതേ തുടര്‍ന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള ക്ഷേത്രങ്ങളിലെ സ്വര്‍ണം, വെള്ളി ശേഖരത്തിന്റെ എല്ലാ വിവരങ്ങളും ഡിജിറ്റല്‍ രേഖയാക്കാന്‍ ബോര്‍ഡ് തീരുമാനിച്ചു.
എന്നാല്‍, വര്‍ഷങ്ങള്‍ പഴക്കമുള്ള തിരുവാഭരണങ്ങളുടെയും ഭക്തര്‍ വഴിപാടായി നടയ്ക്കുവച്ച ചില അപൂര്‍വ ഉരുപ്പടികളുടെയും മൂല്യം കണക്കാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് അന്ന് ഈ ഉദ്യമം ബോര്‍ഡ് ഉപേക്ഷിച്ചത്.. കോടാനുകോടി രൂപയുടെ സ്വര്‍ണം, വെള്ളി ശേഖരമാണ് ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളിലും സ്ട്രോംഗ് റൂമുകളിലുമായി സൂക്ഷിച്ചിരിക്കുന്നത്.
Post Your Comments