അടുത്ത മാസം ബംഗ്ലാദേശില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ ഇലവന് vs ലോക ഇലവന് ടി20 പരമ്പരയില്‍ ഏഷ്യന്‍ ഇലവന് വേണ്ടി 4 ഇന്ത്യന്‍ താരങ്ങളാണ് കളിക്കുക. നായകന് വിരാട് കോഹ്ലി, മുഹമ്മദ് ഷമി, ശിഖര്‍ ധവാന്, കുല്‍ദീപ് യാദവ് എന്നിവരെയാണ് ഈ പരമ്പരയില്‍ കളിക്കാന്‍ ബിസിസിഐ അയക്കുക. ഇന്നാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണം വന്നത്. ഇന്ത്യന്‍ താരങ്ങള്‍ ഏഷ്യന്‍ ഇലവനില്‍ കളിക്കുമെന്ന വാര്‍ത്ത ആരാധകര്‍ക്ക് വലിയ ആവേശമാണ് നല്‍കുന്നത്.
ബംഗ്ലാദേശ് രാഷ്ട്രപിതാവ് ഷെയിഖ് മുജിബുര്‍ റഹ്മാന്റെ നൂറാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡാണ് ഏഷ്യന്‍ ഇലവന് – ലോക ഇലവന് ടി20 പരമ്പര സംഘടിപ്പിക്കുന്നത്. ഇന്ത്യന്‍ താരങ്ങള്‍ക്ക് പുറമേ ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങളും ഏഷ്യന്‍ ഇലവന് വേണ്ടി ഈ മത്സരത്തില്‍ അണിനിരക്കും. എന്നാല്‍ പാകിസ്ഥാന് സൂപ്പര്‍ ലീഗ് നടക്കുന്നതിനാല്‍ പാക് താരങ്ങള്‍ ഈ മത്സരങ്ങളുടെ ഭാഗമാകില്ല. അടുത്ത മാസം 18, 21 തീയതികളില്‍ ധാക്കയിലെ ഷേര്‍ ഇ ബംഗ്ലാ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ഐസിസിയുടെ ടി20 പദവി ഈ മത്സരങ്ങള്ക്കുണ്ട്.
Post Your Comments