Latest NewsKeralaNews

ആനക്കൊമ്പ് കേസ്: നടന്‍ മോഹന്‍ലാലിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് പിന്‍വലിക്കാന്‍ സർക്കാർ എന്‍.ഒ.സി നൽകി; വിശദാംശങ്ങൾ ഇങ്ങനെ

കൊച്ചി: ആനക്കൊമ്പ് കൈവശം വെച്ചതിന് ചലച്ചിത്ര താരം മോഹൻലാലിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് പിന്‍വലിക്കാന്‍ സർക്കാർ എന്‍.ഒ.സി നൽകി. വന്യജീവി സംരക്ഷണ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസ് പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് സര്‍ക്കാര്‍ എന്‍.ഒ.സി നല്‍കിയത്. ദ ഹിന്ദു പത്രം റിപ്പോര്‍ട്ട് ചെയ്തു.

1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് താരത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസില്‍ ഒന്നാം പ്രതിയാണ് മോഹന്‍ലാല്‍. തൃശൂര്‍ സ്വദേശി പി.എന്‍.കൃഷ്ണകുമാര്‍,​ തൃപ്പൂണിത്തുറ സ്വദേശി കെ.കൃഷ്ണകുമാര്‍,​ നളിനി രാധാകൃഷ്ണന്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.

മോഹൻലാൽ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് അപേക്ഷകള്‍ ഇതിനോടകം സമര്‍പ്പിച്ചിരുന്നു. 2016 ജനുവരി 31നാണ് ആദ്യം അപേക്ഷ നല്‍കിയത്. തുടര്‍ന്ന് കഴിഞ്ഞ സെപ്റ്റംബര്‍ 20ന് മറ്റൊരു അപേക്ഷയും നല്‍കി. കൂടാതെ കേസ് സംബന്ധിച്ച്‌ കഴിഞ്ഞ ആഗസ്റ്റില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും ഡിസംബറില്‍ ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷനും സര്‍ക്കാരിന് രണ്ട് കത്ത് സമര്‍പ്പിച്ചിരുന്നു. ഇതുകൂടി പരിഗണിച്ചാണ് കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ എന്‍.ഒ.സി നല്‍കിയത്.

2012ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അതേസമയം,​ മോഹന്‍ലാലിന് എതിരായ കേസ് പിന്‍വലിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് എതിര്‍പ്പില്ലെന്ന് ചൂണ്ടിക്കാണിച്ച്‌ അഡിഷണല്‍ ചീഫ് സെക്രട്ടറി എറണാകുളം ജില്ലാ കളക്ടര്‍ക്ക് ഫെബ്രുവരി 7ന് കത്തെഴുതുകയും ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ക്കോ അല്ലെങ്കില്‍ അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ക്കോ നിര്‍ദ്ദേശം നല്‍കാന്‍ ചീഫ് സെക്രട്ടറി കളക്ടറോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍ നിന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നാല് ആനക്കൊമ്ബുകള്‍ കണ്ടെടുക്കുകയായിരുന്നു. മറ്റ് രണ്ട് പേരുടെ ലൈസന്‍സിലാണ് മോഹന്‍ലാല്‍ ആനക്കൊമ്ബുകള്‍ സൂക്ഷിച്ചതെന്നും പിന്നീട് വ്യക്തമായി. കെ. കൃഷ്ണകുമാര്‍ എന്നയാളില്‍ നിന്നും 65,000 രൂപയ്ക്കാണ് ആനക്കൊമ്ബുകള്‍ വാങ്ങിയെന്നായിരുന്നു മോഹന്‍ലാലിന്റെ വിശദീകരണം.

വനം വകുപ്പ് ആദ്യം കേസെടുത്തെങ്കിലും പിന്നീട് അതു റദ്ദാക്കി. പിന്നാലെ നിലവിലെ നിയമം പരിഷ്‌കരിച്ച്‌ മോഹന്‍ലാലിന് ആനക്കൊമ്ബുകള്‍ കൈവശം വെയ്ക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുകയും ചെയ്തു. എന്നാല്‍ ആനക്കൊമ്ബുകളുടെ ഉടമസ്ഥതാ സര്‍ട്ടിഫിക്കറ്റ് മോഹന്‍ലാലിനു നല്‍കിയ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്ററുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സ്വദേശി എ.എ. പൗലോസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button