ന്യൂസ് ഡസ്ക്
കേരളീയജീവിതത്തിന്റെ ഭാഗമായ നമ്മുടെ സ്വന്തം ആനവണ്ടിയ്ക്ക് ഇന്ന് 82ാം പിറന്നാൾ.കേരളപ്പിറവിക്കും മുന്‍പ് തുടങ്ങുന്നതാണ് കേരളത്തിന്റെ സ്വന്തം പൊതുഗതാഗത സംവിധാനമായ കെഎസ്ആര്‍ടിസിയുടെ ചരിത്രം. എന്നാൽ ഈ പിറന്നാൾ ദിനം സമ്മാനിക്കുന്നത് വേദനിപ്പിക്കുന്ന ഒരു തീരാദുരന്തത്തിന്റെ കണ്ണീർപ്പെയ്ത്തും. കെ.എസ്.ആർ.ടി.സിയുടെ 82-ാം പിറന്നാൾ ആഘോഷിക്കാനുള്ള ഒരുക്കത്തിലായിരുന്നു കേരളത്തിലും പുറത്തുമുള്ള ആനവണ്ടി പ്രേമികൾ. എന്നാൽ, ഒന്നിരിട്ടിവെളുത്തപ്പോഴേക്കും ഈ ദിവസവും 18 യാത്രക്കാരും ഒരു കണ്ണീരോർമയായിരിക്കുകയാണ്.
സ്വന്തം കുറ്റം കൊണ്ടോ ജീവനക്കാരുടെ വീഴ്ചകൊണ്ടോ അല്ലാതെ സംഭവിച്ച ദുരന്തം. മരിച്ച 18 മലയാളികളിൽ കെ.എസ്.ആർ.ടി.സിക്ക് അഭിമാനമായിരുന്ന രണ്ട് ജീവനക്കാരും ദുരന്തത്തിനിരയായി. മികച്ച സേവനത്തിലൂടെ വകുപ്പിന്റെ അംഗീകാരം സ്വന്തമാക്കിയ ഗിരീഷ് എന്ന ഡ്രൈവറും ബൈജു എന്ന കണ്ടക്ടറും കേരളത്തിന്റെ മനസിലെ തീരാദുഃഖമാകുകയാണ്.
കേരളപ്പിറവിക്കും മുന്‍പ് തുടങ്ങുന്നതാണ് കേരളത്തിന്റെ സ്വന്തം പൊതുഗതാഗത സംവിധാനമായ കെഎസ്ആര്‍ടിസിയുടെ ചരിത്രം. തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡിപാർട്ട്മെന്റ് എന്ന പേരിൽ ആണ് തിരുവിതാംകൂർ സർക്കാർ കെ.എസ്.ആർ.ടി.സി. സ്ഥാപിച്ചത്. തിരുവിതാംകൂർ രാജ്യത്തിന്റെ ഗതാഗത ആവശ്യങ്ങൾ നിറവേറ്റുക ആയിരുന്നു സ്ഥാപിത ലക്ഷ്യം. ലണ്ടൻ പാസഞ്ജർ ട്രാൻസ്പോർട്ട് ബോർഡിന്റെ അസിസ്റ്റന്റ് ഓപറേറ്റിങ്ങ് സൂപറിന്റെൻഡെന്റ് ആയിരുന്ന ഇ.ജി. സാൾട്ടർ 1937 സെപ്റ്റംബർ 20-നു ഗതാഗതവകുപ്പിന്റെ സൂപറിന്റെൻഡെന്റ് ആയി അവരോധിക്കപ്പെട്ടു. തിരുവനന്തപുരം – കന്യാകുമാരി, പാലക്കാട് – കോയമ്പത്തൂർ തുടങ്ങിയ പ്രധാന അന്തർ സംസ്ഥാന പാതകൾ ദേശസാൽക്കരിച്ചതോടെ കെ.എസ്.ആർ.ടി.സി. വളർന്നു.
ഇംഗ്ലണ്ടിൽ നിന്ന് ഇറക്കുമതി ചെയ്ത, കോമറ്റ് ഷാസിയിൽ പെർകിൻസ് ഡീസൽ എഞ്ജിൻ ഘടിപ്പിച്ച 60 ബസ്സുകളായിരുന്നു ആദ്യത്തെ ബസ്സുകളുടെ ശ്രേണി. സാൾട്ടറുടെ മേൽനോട്ടത്തിൽ തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡിപാർട്ട്മെന്റ് ജീവനക്കാർ തന്നെയായിരുന്നു ബസ്സുകളുടെ ബോഡി നിർമ്മിച്ചത്. തിരുവനന്തപുരം – കന്യാകുമാരി പാത ദേശസാൽക്കരിച്ചതിനാൽ സ്വകാര്യ ഗതാഗത സ്ഥാപനങ്ങളിൽ നിന്ന് ജോലി നഷ്ടപ്പെടാൻ സാദ്ധ്യതയുള്ളവർക്ക് കെ.എസ്.ആർ.ടി.സിയിൽ അന്ന് നിയമനത്തിന് മുൻഗണന നൽകി. അന്ന് ജീവനക്കാരെ തിരഞ്ഞെടുത്ത രീതി ഇന്നും കെ.എസ്.ആർ.ടി.സിയിൽ ജീവനക്കാരെ തിരഞ്ഞെടുക്കുന്നതിന് പിന്തുടരുന്നു. നൂറോളം ജീവനക്കാരെ ഇൻസ്പെക്ടർമാരും കണ്ടക്ടർമാരുമായി നിയമിച്ചുകൊണ്ടാണ് ഗതാഗത വകുപ്പ് ആരംഭിച്ചത്.
സംസ്ഥാന മോട്ടോർ സർവ്വീസ് ശ്രീ ചിത്തിരതിരുന്നാൾ മഹാരാജാവ് 1938, ഫെബ്രുവരി 20-ന് ഉദ്ഘാടനം ചെയ്തു. തിരുവിതാംകൂർ ദിവാനായിരുന്ന സി.പി. രാമസ്വാമി അയ്യരുടെ ആശയമായിരുന്നു സർക്കാർ വകയിലെ ബസ് സർവീസ്. മഹാരാജാവും ബന്ധുജനങ്ങളുമായിരുന്നു ഉദ്ഘാടനയാത്രയിലെ യാത്രക്കാർ. സാൾട്ടർ തന്നെയായിരുന്നു ആദ്യയാത്രയിലെ ഡ്രൈവർ. ഈ ബസ്സും മറ്റ് 33 ബസ്സുകളും കവടിയാർ നഗരത്തിലൂടെ ഘോഷയാത്രയായി ഓടിയത് അന്ന് ആകർഷകമായ കാഴ്ചയായിരുന്നു.
പിന്നീട് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ നിയമം 1950-ൽ നിലവിൽ വന്നതിനെ തുടർന്ന് കേരള സർക്കാർ 1965-ൽ കെ.എസ്.ആർ.ടി.സി. നിയമങ്ങൾ (സെക്ഷൻ 44) നിർമ്മിച്ചു. ഈ വകുപ്പ് 1965 ഏപ്രിൽ 1-നു ഒരു സ്വയംഭരണ സ്ഥാപനമാക്കി. കേരള സർക്കാരിന്റെ വിജ്ഞാപന പ്രകാരം കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ 1965 മാർച്ച് 15-നു സ്ഥാപിതമായി. പിന്നെയങ്ങോട്ട് കെഎസ്ആർടിസി മലയാളക്കരയുടെ റോഡുകളിൽ ഭാഗമാകുവാൻ തുടങ്ങി. പ്രൈവറ്റ് ബസ്സുകൾ പോലും കടന്നു ചെല്ലാത്ത ഗ്രാമപ്രദേശങ്ങളിലെ യാത്രാദുരിതങ്ങൾക്ക് കെഎസ്ആർടിസി മറുവാക്കായി മാറി.
ആനവണ്ടി എന്നാണു കെഎസ്ആർടിസിയെ അന്നുമിന്നും ആളുകൾ വിളിക്കുന്ന ചെല്ലപ്പേര്. ആനയുടെ ചിത്രമുള്ള സർക്കാർ മുദ്ര കെഎസ്ആർടിസി ബസ്സുകളിൽ ഉള്ളതുകൊണ്ടായിരിക്കണം ഇത്തരമൊരു പേര് വന്നതെന്നാണ് ഭൂരിഭാഗം ആളുകളുടെയും അഭിപ്രായം.
നഷ്ടത്തിന്റെ കണക്കുപുസ്തകവുമായിട്ടായി കുറേക്കാലമായി കെ.എസ്.ആർ.ടി.സിയുടെ ഓട്ടം. നഷ്ടപ്രതാപത്തിനിടയിലും 82 ാം പിറന്നാൾ ദിനമായിരുന്നു ഇന്ന് കെ.എസ്.ആർ.ടി.സിക്ക്. പക്ഷേ അപ്രതീക്ഷിതമായി തേടിയെത്തിയ ദുരന്തത്തിന്റെ ആഘാതത്തിലായി ഈ പിറന്നാൾ ദിനവും.
Post Your Comments