മുംബയ്: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട ആഡംബര കപ്പിലിലെ ലഹരി പാർട്ടിക്ക്, കപ്പൽ അധികൃതർ കേന്ദ്ര സർക്കാരിനു കീഴിലുള്ള ഡയറക്ടററ്റ് ഓഫ് ഷിപ്പിങ്ങിൽനിന്ന് അനുമതി വങ്ങിയിരുന്നെന്ന പ്രസ്താവനയുമായി മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്. രാജ്യാന്തര ലഹരി മാഫിയയിൽ ഉൾപ്പെട്ട പലരും അതേ കപ്പലിൽത്തന്നെ ഉണ്ടായിരുന്നെന്നും, പരിശോധനയ്ക്കു ശേഷം ചിലരെ മാത്രം അറസ്റ്റു ചെയ്തത് എന്തുകൊണ്ടാണെന്നും നവാബ് മാലിക് ചോദിച്ചു.
ആഡംബര കപ്പലിലെ സിസിടിവി ദൃശ്യങ്ങൾ എൻഡിബി ഡൽഹി അധികൃതർ പരിശോധിക്കണമെന്നും ചിലർ മാത്രം അറസ്റ്റിലായപ്പോൾ കുറ്റവാളികളായ മറ്റു ചിലർ സ്വതന്ത്രരായി നടക്കുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. സമീർ വാങ്കഡെ, സാക്ഷികളായ കെപി ഗോസാവി, പ്രഭാകർ സെയിൽ, വാങ്കഡെയുടെ ഡ്രൈവർ മാനെ എന്നിവരുടെ ഫോൺകോളുകൾ പരിശോധിക്കണമെന്നും പല തെളിവുകളും ഇതിൽനിന്നു ലഭിക്കുമെന്നും നവാബ് മാലിക് വ്യക്തമാക്കി.
‘സമീർ വാങ്കഡെയെക്കുറിച്ച് ഞാൻ ഉയർത്തിയ ആരോപണങ്ങൾ ശരിയെന്നു തെളിഞ്ഞാൽ കുറഞ്ഞപക്ഷം അദ്ദേഹം എന്നോടും എന്റെ കുടുംബാംഗങ്ങളോടുമെങ്കിലും മാപ്പു പറയാൻ തയാറാകണം. അദ്ദേഹത്തിന്റെ ജോലി നഷ്ടമാകുമെന്ന് ഉറപ്പാണ്. മറിച്ചാണെങ്കിൽ ഞാൻ മന്ത്രി സ്ഥാനം രാജിവയ്ക്കും, രാഷ്ട്രീയ ജീവിതവും അവസാനിപ്പിക്കാം’. നവാബ് മാലിക് പറഞ്ഞു.
Post Your Comments