മുംബൈ: ആഡംബര കപ്പലിലെ ലഹരിക്കേസിൽ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകനെ അറസ്റ്റ് ചെയ്ത നര്‍ക്കോട്ടിക്‌സ് കണ്‍ട്രാള്‍ ബൃൂറോ മുംബൈ സോണല്‍ ഡയറക്ടറായ സമീര്‍ വാങ്കഡെ വെറും ഒരു പാവയെന്ന് മഹാരാഷ്‌ട്ര മന്ത്രിയും മുതിര്‍ന്ന എൻസിപി നേതാവുമായ നവാബ് മാലിക്. ഒരു വര്‍ഷത്തിനുളളില്‍ അയാളുടെ ജോലി തെറിപ്പിക്കുമെന്നും നവാബ് മാലിക് വെല്ലുവിളിച്ചു.
‘നിങ്ങളുടെ പിതാവ് ആരാണ്. താന്‍ ആരുടെയും പിതാവിനെ ഭയപ്പെടാന്‍ പോകുന്നില്ല. നിങ്ങള്‍ എന്നെ എന്ത് സമ്മര്‍ദ്ദം ചെലുത്താന്‍ ശ്രമിച്ചാലും, ഞാന്‍ നിങ്ങളെ ജയിലില്‍ അടക്കുന്നതുവരെ ഈ വെല്ലുവിളി നിര്‍ത്തില്ല’ പൂനെയിലെ മാവല്‍ തഹസില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെ നവാബ് മാലിക് പറഞ്ഞു.
ഈ വര്‍ഷം ജനുവരി 13 ന് നവാബ് മാലിക്കിന്റെ മരുമകനായ സമീര്‍ ഖാനെ മയക്കുമരുന്ന് കേസില്‍ എന്‍സിബി അറസ്റ്റ് ചെയ്തിരുന്നു. എട്ട് മാസത്തെ ജയില്‍വാസത്തിന് ശേഷം സെപ്തംബര്‍ 27 നാണ് സമീര്‍ ഖാന് ജാമ്യം ലഭിച്ചത്. ഇതിന് ശേഷമാണ് ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാൻ ഉള്‍പ്പെടെയുള്ളവരെ സമീര്‍ വാങ്കഡെയുടെ നേതൃത്വത്തിലുളള നര്‍ക്കോട്ടിക്‌സ് കണ്‍ട്രാള്‍ ബൃൂറോ സംഘം പിടികൂടിയത്.
Post Your Comments