Latest NewsNewsIndia

ഡോണള്‍ഡ് ട്രംപിന്റെ സന്ദര്‍ശനം; യമുനയെയും ശുദ്ധീകരിക്കുന്നു, ദുര്‍ഗന്ധം കുറയ്ക്കാന്‍ ഒഴുക്കിയത് 500 ക്യുസെക് വെള്ളം

മഥുര: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം പ്രമാണിച്ച് പാതയോരത്തെ ചേരി മറയ്ക്കുന്നതിനായി സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളം മുതല്‍ ഇന്ദിര ബ്രിഡ്ജ്? വരെയുള്ള ദൂരം മതില്‍ പണിതുയര്‍ത്തുന്നത് വിവാദമായിരുന്നു. എന്നാലിപ്പോള്‍ ട്രംപിന്റെ സന്ദര്‍ശനത്തിനു മുന്നോടിയായി യമുനയെയും ശുദ്ധീകരിക്കുന്നു. ദുര്‍ഗന്ധം കുറയ്ക്കാന്‍ ഉത്തര്‍പ്രദേശ് ജലസേചന വകുപ്പ് ഒഴുക്കിയത് 500 ക്യുസെക് വെള്ളം

നദിയുടെ പാരിസ്ഥിതിക അവസ്ഥ മെച്ചപ്പെടുത്തുന്നതിനാണു ബുലന്ദ്ഷഹറിലെ ഗംഗനഹറില്‍നിന്ന് യമുന നദിയില്‍ വെള്ളം നിറച്ചതെന്ന് അധികൃതര്‍ അറിയിച്ചു. യമുനയുടെ പാരിസ്ഥിതിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി 500 ക്യുസെക് വെള്ളം ഗംഗനഹറില്‍ നിന്ന് തുറന്നുവിട്ടിട്ടുണ്ട്. ഈ വെള്ളം ഫെബ്രുവരി 20 ഓടെ മഥുരയിലെ യമുനയിലും ഫെബ്രുവരി 21 ഉച്ചയോടെ ആഗ്രയിലും എത്തും’ ജലസേചന വകുപ്പ് സൂപ്രണ്ടിങ് എന്‍ജിനീയര്‍ ധര്‍മേന്ദര്‍ സിങ് ഫോഗാട്ട് പറഞ്ഞു. ഫെബ്രുവരി 24 വരെ യമുനയില്‍ ഒരു നിശ്ചിത അളവില്‍ വെള്ളം നിലനിര്‍ത്താനാണ് വകുപ്പ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നടപടിയിലൂടെ യമുനയില്‍നിന്നുള്ള ദുര്‍ഗന്ധം കുറയ്ക്കാന്‍ കഴിയുമെന്ന് ഉത്തര്‍പ്രദേശ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് (യുപിപിസിബി) അസിസ്റ്റന്റ് എന്‍ജിനീയര്‍ അരവിന്ദ് കുമാര്‍ പറഞ്ഞു. ഇത് മഥുരയിലെയും ആഗ്രയിലെയും യമുനയിലെ ഓക്‌സിജന്റെ അളവ് മെച്ചപ്പെടുത്തും. എന്നാല്‍ യമുനയിലെ വെള്ളം കുടിക്കാന്‍ കഴിയില്ല. പക്ഷേ നദിയില്‍നിന്നുള്ള ദുര്‍ഗന്ധം കുറയ്ക്കാന്‍ കഴിയും അദ്ദേഹം പറഞ്ഞു. രണ്ടു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി ഫെബ്രുവരി 24ന് ഇന്ത്യയിലെത്തുന്ന ട്രംപിന്റെ, സന്ദര്‍ശനത്തിന്റെ പ്രധാനകാര്യങ്ങള്‍ ഡല്‍ഹിയിലാണ്. ഇതിനു പുറമെ ഉത്തര്‍പ്രദേശിലെ ആഗ്രയോ ഗുജറാത്തിലെ അഹമ്മദാബാദോ സന്ദര്‍ശിക്കുമെന്നു പ്രതീക്ഷിക്കുന്നു. 24, 25 തീയതികളിലാണ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button