ന്യൂയോര്‍ക്ക്: കൊറോണ വൈറസ് ബാധിച്ച യാത്രാക്കാരുമായി ജപ്പാന്‍ തീരത്ത് നങ്കൂരമിട്ടിരിക്കുന്ന ഡയമണ്ട് പ്രിന്‍സസ് ക്രൂയിസ് കപ്പലില്‍ നിന്ന് അമേരിക്കന്‍ പൗരന്മാരെ ഒഴിപ്പിക്കാന്‍ അധികൃതര്‍ നടത്തുന്ന ശ്രമത്തിനിടെ കപ്പലില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ ഒരു അമേരിക്കന്‍ അഭിഭാഷകനും ഭാര്യയും വിസമ്മതിച്ചു. അമേരിക്കയിലേക്ക് പോകുന്നതിനേക്കാള്‍ സുരക്ഷിതം കപ്പലില്‍ തന്നെ കഴിഞ്ഞു കൂടുന്നതാണെന്നാണ് അഭിഭാഷകന്‍ പറയുന്നത്.
ഫെബ്രുവരി 3 മുതല്‍ കാര്‍ണിവല്‍ കോര്‍പ്പറേഷന്‍റെ ഉടമസ്ഥതയിലുള്ളതും 3,700 യാത്രക്കാരും ജോലിക്കാരുമടങ്ങുന്ന ക്രൂയിസ് കപ്പല്‍ ജപ്പാനിലേക്ക് പോകുന്നതിനുമുമ്പ് ഹോങ്കോങ്ങില്‍ ഇറങ്ങിയ ഒരാള്‍ക്ക് വൈറസ് രോഗം കണ്ടെത്തിയതിനെത്തുടര്‍ന്ന് യോകോഹാമയില്‍ പിടിച്ചിടുകയായിരുന്നു. ഈ കപ്പലിലെ യാത്രക്കാരായ അമേരിക്കന്‍ പൗരന്മാരെ തിരിച്ചുകൊണ്ടുവരാനാണ് യു എസ് അധികൃതര്‍ ശ്രമിക്കുന്നത്.
എന്നാല്‍, ഭാര്യ കാതറിനൊപ്പം കപ്പലിലുണ്ടായിരുന്ന മാത്യു സ്മിത്ത് എന്ന അഭിഭാഷകനാണ് കപ്പല്‍ വിടാന്‍ വിസമ്മതം പ്രകടിപ്പിച്ചത്. ഞായറാഴ്ച നൂറുകണക്കിന് അമേരിക്കന്‍ പൗരന്മാരായ യാത്രക്കാരെയാണ് കപ്പലില്‍ നിന്ന് നീക്കം ചെയ്യാന്‍ തുടങ്ങിയത്.
ഡയമണ്ട് പ്രിന്‍സസില്‍ ഞങ്ങള്‍ സുരക്ഷിതരാണ്. ആ ഞങ്ങളെ ഇവിടെനിന്ന് സുരക്ഷിതമായി അമേരിക്കയിലെത്തിക്കുമെന്ന യു എസ് ഗവണ്മെന്റ് തീരുമാനിച്ചതില്‍ നിരാശയുണ്ട്. ചില യാത്രക്കാര്‍ രോഗികളാകാമെന്നതിനാല്‍ യുഎസിലേക്കുള്ള രണ്ട് വിമാനങ്ങളില്‍ പൗരന്മാരെ ഒഴിപ്പിക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയെക്കുറിച്ച് തനിക്ക് സംശയമുണ്ടെന്ന് സ്മിത്ത് ട്വീറ്റ് ചെയ്തു.
കപ്പലില്‍ നിന്ന് ഒഴിപ്പിച്ച യാത്രക്കാരെ വൈറസ് പരിശോധന നടത്തിയതിനു ശേഷമേ വിമാനത്തില്‍ കയറാന്‍ അനുവദിക്കൂ. അതേസമയം, കപ്പലില്‍ തന്നെ കഴിച്ചുകൂട്ടി അടുത്ത ആഴ്ച പരിശോധന നടത്തിയാല്‍ എല്ലാവര്‍ക്കും ‘നെഗേറ്റീവ്’ റിസല്‍ട്ട് ആയിരിക്കും ലഭിക്കുക എന്നും സ്മിത്ത് പറഞ്ഞു. അതിനു പകരം യുഎസ് സര്‍ക്കാര്‍ ഞങ്ങളെ പരീക്ഷിക്കാതെ പുറത്തെത്തിച്ച് പരീക്ഷണത്തിന് വിധേയരാകാത്ത ഒരുകൂട്ടം പേരുടെ കൂടെ അമേരിക്കയിലേക്ക് കൊണ്ടുപോകും. അവിടെ ഞങ്ങളെ രണ്ടാഴ്ച കൂടി ഏകാന്തവാസത്തിലിടും. അത് ബുദ്ധിശൂന്യമാണെന്നല്ലാതെ എന്തു പറയാന്‍, സ്മിത്ത് പറയുന്നു.
ജപ്പാനിലെ യുഎസ് എംബസി ഞായറാഴ്ച രാവിലെ അമേരിക്കന്‍ യാത്രക്കാര്‍ക്കും ക്രൂ അംഗങ്ങള്‍ക്കും ഒരു കത്ത് അയച്ചിരുന്നു. ‘യോഗ്യതയുള്ള യാത്രക്കാര്‍ക്ക് 2020 മാര്‍ച്ച് 4 വരെ അമേരിക്കയിലേക്ക് പറക്കാനുള്ള ഒരേയൊരു അവസരമാണിതെന്ന്’ അതില്‍ സൂചിപ്പിച്ചിരുന്നു. പ്രതികരണം യുഎസ് എംബസിയിലേക്ക് അയക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
കപ്പലിലെ ജീവിതത്തെക്കുറിച്ച് ദിവസേനയുള്ള അപ്ഡേറ്റുകള്‍ പോസ്റ്റു ചെയ്യുന്ന അഭിഭാഷകന്‍, അമേരിക്കന്‍ ആരോഗ്യ ഉദ്യോഗസ്ഥര്‍ തന്‍റെ മുറി സന്ദര്‍ശിച്ചതായി ട്വീറ്റ് ചെയ്തു. തങ്ങളുടെ ആവശ്യം അവരോട് പറഞ്ഞതായി സ്മിത്ത് ട്വീറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കപ്പലില്‍ നിന്ന് തിരിച്ചുപോകാന്‍ ആഗ്രഹിക്കുന്ന യാത്രക്കാരെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (സിഡിസി) പരിശോധനയ്ക്ക് വിധേയരാക്കും. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന ആരെയും വിമാനങ്ങളില്‍ കയറാന്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.
യാത്രക്കാരെ വഹിച്ചുകൊണ്ടുള്ള വിമാനം കാലിഫോര്‍ണിയയിലെ സാക്രമെന്റോയ്ക്കടുത്തുള്ള ട്രാവിസ് എയര്‍ഫോഴ്സ് ബേസിലേക്കോ സാന്‍ അന്റോണിയോയിലെ ലാക്ലാന്‍ഡ് എയര്‍ഫോഴ്സ് ബേസിലേക്കോ കൊണ്ടുപോകും. അവിടെ അവരെ നിര്‍ബന്ധിത പരിശോധനയ്ക്കും കൂടുതല്‍ നിരീക്ഷണങ്ങള്‍ക്കും വിധേയമാക്കും.
മൊയ്തീന്‍ പുത്തന്‍ചിറ
Post Your Comments