Latest NewsKeralaNews

കേരളാ പോലീസ് ആധുനികപാതയില്‍ അതിവേഗം മുന്നേറുന്നു: മുഖ്യമന്ത്രി

കാക്കനാട്: കേരള പോലീസിന്റെ ആധുനികവത്കരണത്തില്‍ നാഴികകല്ലാകുന്ന വിവിധ പദ്ധതികള്‍ ഇന്‍ഫോപാര്‍ക്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സൈബര്‍ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിനായി ആരംഭിച്ച അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സൈബര്‍ ഡോം സൈബര്‍ ക്രൈം പോലീസ് സ്‌റ്റേഷന്റെ ഉദ്ഘാടനവും, ഇന്‍ഫോപാര്‍ക്ക് പോലീസ് സ്‌റ്റേഷന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും നിര്‍വ്വഹിച്ച മുഖ്യമന്ത്രി റീജണല്‍ ഫോറന്‍സിക് സയന്‍സ് ലാബോറട്ടറിയുടെയും ലോവര്‍ സബോര്‍ഡിനേറ്റ് ക്വാര്‍ട്ടേഴ്‌സിന്റെയും ഉദ്ഘാടനവും നിര്‍വ്വഹിച്ചു. മറൈന്‍ ഡ്രൈവില്‍ നിര്‍മ്മിക്കുന്ന കൊച്ചി പോലീസ് കോംപ്ലെക്‌സിന്റെ മാതൃകയും മുഖ്യമന്ത്രി അനാച്ഛാദനം ചെയ്തു. ചടങ്ങില്‍ മയക്ക് മരുന്ന് വ്യാപനത്തെ ചെറുക്കുന്നതിനായി കൊച്ചി പോലീസ് ആവിഷ്‌കരിച്ച ‘യോദ്ധാവ്’ മോബൈല്‍ ആപ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച മുഖ്യമന്ത്രി മയക്കുമരുന്നിനെതിരെ പോരാടാന്‍ പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.

Also read : നോർക്കയുടെ ഗ്ലോബൽ കോൺടാക്ട് സെന്റർ ഒരു വർഷം പൂർത്തിയാക്കി

ജനങ്ങളെ സൈബര്‍ ആക്രമണങ്ങളില്‍ നിന്നും ഭീഷണികളില്‍ നിന്നും രക്ഷിക്കാനാണ് സൈബര്‍ ഡോമിന് രൂപം നല്‍കിയിരിക്കുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി സൈബര്‍ കുറ്റകൃത്യങ്ങള്‍ കണ്ടെത്തുകയും തടയുകയും മാത്രമല്ല സൈബര്‍ സുരക്ഷയെക്കുറിച്ചുള്ള ബോധവത്കരണവും സൈബര്‍ ഡോമിന്റെ ചുമതലയാണെന്ന് വ്യക്തമാക്കി. ഐ.ടി നിയമത്തിന്റെ അടിസ്ഥാനത്തില്‍ രെജിസ്റ്റര്‍ ചെയ്യുന്ന പരാതികള്‍ അന്വേഷിക്കുന്നതിനായാണ് സൈബര്‍ പോലീസ് സ്‌റ്റേഷന്‍ രൂപീകരിച്ചിട്ടുള്ളത്. വിവര സാങ്കേതിക മേഖലയില്‍ വിദഗ്ദ്ധ പരിശീലനം ലഭിച്ച പോലീസ് ഉദ്യോഗസ്ഥരെയാണ് സൈബര്‍ പോലീസ് സ്‌റ്റേഷനില്‍ നിയമിച്ചിട്ടുള്ളത്. ഓണ്‍ ലൈന്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടെയുള്ള സൈബര്‍ കുറ്റകൃത്യങ്ങളില്‍ കാര്യക്ഷമമായ അന്വേഷണം നടത്താന്‍ സൈബര്‍ പോലീസ് സ്‌റ്റേഷന് സാധിക്കും. കൊച്ചി, തൃശ്ശൂര്‍, കോഴിക്കോട് സൈബര്‍ പോലീസ് സ്‌റ്റേഷനുകളിലൂടെ സംസ്ഥാനത്തെ സൈബര്‍ കുറ്റകൃത്യങ്ങളില്‍ അതിവേഗം നടപടി സ്വീകരിക്കാന്‍ സാധിക്കും. കുറ്റാന്വേഷണ മേഖലയില്‍ ശാസ്ത്രീയ തെളിവുകള്‍ക്ക് പ്രമുഖ സ്ഥാനമാണുള്ളതെന്ന് പറഞ്ഞ മുഖ്യമന്ത്രി തിരുവനന്തപുരം, കണ്ണൂര്‍, തൃശ്ശൂര്‍ എന്നിവിടങ്ങളിലെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറികള്‍ക്ക് പുറമേ നാലാമതായി കൊച്ചിയില്‍ ആരംഭിച്ച ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ചും അന്വേഷിക്കുന്നതിനായുള്ള വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വിവിധ കേസുകളിലെ അന്വേഷണ പുരോഗതിയില്‍ വേഗത കൈവരിക്കാന്‍ പുതിയ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയുടെ പ്രവര്‍ത്തനത്തിലൂടെ സാധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Also read : വാഹന വായ്പ എടുത്ത് രമ്യ ഹരിദാസ് തന്റെ ദീര്‍ഘനാളത്തെ സ്വപ്‌നം സഫലമാക്കി : ജനസേവനത്തിന് യൂത്ത്‌കോണ്‍ഗ്രസിന്റെ പെങ്ങളുട്ടിയ്ക്ക് ഇനി ക്രിസ്റ്റോയില്‍ പായാം

മയക്കുമരുത്തിന്റെ ഉപയോഗവും വ്യാപനവും തടയുന്നതിനായി കൊച്ചി പോലീസ് ആവിഷ്‌കരിച്ച ‘യോദ്ധാവ്’ മോബൈല്‍ ആപ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച മുഖ്യമന്ത്രി പുതുതലമുറയിലെ മയക്ക്മരുന്ന് വ്യാപനം വേദനാജനകമാണെന്ന് പറഞ്ഞു. മയക്ക്മരുന്ന് വ്യാപനവും ഉപയോഗവും തടയുന്നതിനായി പോലീസ്, എക്‌സൈസ് വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുജനത്തിന്റെ പിന്തുണ ആവശ്യമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി ‘യോദ്ധാവ്’ മോബൈല്‍ ആപ്പിലൂടെ പൊതുജനങ്ങള്‍ക്ക് മയക്ക്മരുന്ന് വിതരണവും ഉപയോഗവും സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായും രഹസ്യമായും പോലീസിന് കൈമാറുന്നതിനുള്ള സാഹചര്യം ഒരുക്കുന്നതായി ചൂണ്ടിക്കാട്ടി. മയക്കുമരുന്നുകളുടെയും നിരോധിത ലഹരിവസ്തുക്കളുടെയും വിതരണവും ഉപയോഗവും സംബന്ധിച്ച് ആര്‍ ? എവിടെ ? എപ്പോള്‍ ? എന്നീ വിവരങ്ങള്‍ കൈമാറാന്‍ സാധിക്കുന്ന ‘യോദ്ധാവ്’ മോബൈല്‍ ആപ്പില്‍ വിവരം കൈമാറുന്നവരുടെ വിവരങ്ങള്‍ പരിപൂര്‍ണ്ണ സുരക്ഷിതമായിരിക്കും. പോലീസിന്റെ 9995966666 എന്ന നമ്പറില്‍ മയക്കുമരുന്ന് വ്യാപനം സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ കൈമാറാം. വിവരം കൈമാറുന്ന വ്യക്തിയെ പോലീസിന് പോലും തിരിച്ചറിയാന്‍ സാധിക്കാത്തവിധമാണ് ഈ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്.

പോലീസിന് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ താമസ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി അപ്പര്‍ സബോര്‍ഡിനേറ്റ് ക്വാര്‍ട്ടേഴ്‌സുകളുടെ തറക്കല്ലിടല്‍ നിര്‍വ്വഹിച്ചതായി അറിയിച്ചു. യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച പി.ടി തോമസ് എം.എല്‍.എ രാജ്യത്തിന് മാതൃകയായ കേരള പോലീസിന് അതിന്റെ പ്രശസ്തി നിലനിര്‍ത്തി മുന്നേറാന്‍ സാധിക്കട്ടെയെന്ന് ആശംസിച്ചു. ചടങ്ങില്‍ സ്വാഗതം ആശംസിച്ച ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ വെര്‍ച്ച്വല്‍ കോടതികള്‍ യാഥാര്‍ത്ഥ്യമാകുന്ന കാലത്ത് പോലീസ് വകുപ്പും ആധുനികവത്കരണത്തിന്റെ പാതയില്‍ അതിവേഗം മുന്നേറുകയാണെന്ന് അറിയിച്ചു. അടുത്ത ഓഗസ്റ്റ് മാസത്തോടെ പേപ്പര്‍രഹിത- മനുഷ്യരഹിത പോലീസ് സ്‌റ്റേഷന്‍ ഇന്‍ഫോപാര്‍ക്കില്‍ യാഥാര്‍ത്ഥ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button