ന്യൂഡല്‍ഹി : കുടുംബത്തിലെ 5 പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതു കൂട്ടക്കൊലയെന്നു പൊലീസ് . അന്വേഷണത്തിന് വഴിത്തിരിവായത് സിസി ടിവി ദൃശ്യം. ബജന്‍പുരയിലാണ് കുടുംബത്തിലെ 5 പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുവായ പ്രഭു നാഥ് (26) ആണ് കൊലപാതകം നടത്തിയത്. കടം വാങ്ങിയ പണം തിരികെ നല്‍കുന്നതുമായി ബന്ധപ്പെട്ടാണു കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ അനുമാനം. ശംഭു ചൗധരി (43), ഭാര്യ സുനിത (37), മക്കളായ ശിവം (17), സച്ചിന്‍ (14), കോമള്‍ (12) എന്നിവരെയാണു വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ദുര്‍ഗന്ധം വമിക്കുന്നതായി അയല്‍വാസികള്‍ പരാതി നല്‍കിയതിനെ തുടര്‍ന്നു പൊലീസ് എത്തിയപ്പോഴാണു സംഭവം പുറത്തറിഞ്ഞത്. ആത്മഹത്യയാണ് എന്നായിരുന്നു പ്രാഥമിക നിഗമനം.
ഇരുമ്പു വടി ഉപയോഗിച്ചാണു ശംഭു ചൗധരിയുടെ കുടുംബത്തെ ഇല്ലാതാക്കിയതെന്നു പ്രതി കുറ്റസമ്മതം നടത്തി. പ്രഭുവിന്റെ കയ്യില്‍നിന്നും 30,000 രൂപ ഇയാള്‍ നേരത്തെ കടം വാങ്ങിയിരുന്നു. ഫെബ്രുവരി മൂന്നിനാണു ശംഭുവിന്റെ വീട്ടിലേക്ക് പ്രഭു പോകുന്നതും കൃത്യം നടത്തിയതും. കൊലകള്‍ക്കു ശേഷം ഇയാള്‍ കോളനിയില്‍നിന്നു പുറത്തുപോകുന്നത് ഒരു സിസിടിവിയില്‍ പതിഞ്ഞതാണു അന്വേഷണത്തില്‍ വഴിത്തിരിവായത്
ഫെബ്രുവരി മൂന്നിനു ശേഷം ശംഭുവിന്റെ കുട്ടികള്‍ സ്‌കൂളില്‍ പോയിട്ടില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തി. അതേ ദിവസം ശംഭുവും പ്രതിയും തമ്മില്‍ ഫോണില്‍ ഏഴു തവണ സംസാരിച്ചിരുന്നതും ശ്രദ്ധയില്‍പ്പെട്ടു. ഇതാണു പ്രഭുവിലേക്ക് അന്വേഷണം എത്തിച്ചത്. പ്രഭു നാഥ് ശംഭുവിന്റെ വീട്ടില്‍ എത്തുമ്പോള്‍ ഭാര്യ സുനിത ഒറ്റയ്ക്കായിരുന്നു. പണത്തെച്ചൊല്ലി ഇവര്‍ തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കമുണ്ടായി. ഒടുവില്‍ ഇരുമ്പുവടി കൊണ്ട് സുനിതയെ അടിച്ചുകൊന്നു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇളയകുട്ടി കോമള്‍ ട്യൂഷന്‍ കഴിഞ്ഞു തിരിച്ചെത്തിയത്.
അതേ ആയുധം കൊണ്ടു കോമളിനെയും പ്രഭു വകവരുത്തി. സ്‌കൂള്‍ വിട്ട് ഇതേസമയം ശിവയും സച്ചിനും എത്തി. രണ്ടുപേരെയും പ്രഭു സമാനമായ രീതിയില്‍ കൊലപ്പെടുത്തി. കൊല്ലുന്നതിനു മുമ്പ് കളിക്കുകയാണെന്ന പ്രതീതി സൃഷ്ടിച്ച് മൂന്നു കുട്ടികളുടെയും കണ്ണുകള്‍ മൂടിക്കെട്ടിയിരുന്നു. മൃതദേഹങ്ങളെല്ലാം അകത്തിട്ട് വീടു പൂട്ടി പുറത്തിറങ്ങി. വീടിനു പുറത്തായിരുന്ന ശംഭു ചൗധരിയെ ഫോണില്‍ വിളിച്ചു രാത്രി 7.30ന് തമ്മില്‍ കാണാമെന്നും വാക്കു കൊടുത്തു.
വീട്ടിലെ കൊലപാതക വിവരം അറിയാതിരുന്ന ശംഭു രാത്രിയില്‍ പ്രഭുവിനെ കാണുകയും രണ്ടുപേരും മദ്യപിക്കുകയും ചെയ്തു. രണ്ടുപേരും കൂടി ശംഭുവിന്റെ വീട്ടിലേക്കു തിരിച്ചു. 11 മണിയോടെ സ്വന്തം വീട്ടിലേക്ക് പ്രവേശിക്കാനൊരുങ്ങിയ ശംഭുവിനെ, പ്രഭു ആക്രമിച്ചു കൊലപ്പെടുത്തി. മൃതദേഹം മുറിയിലേക്കു മാറ്റുകയായിരുന്നെന്നും പൊലീസ് വിശദീകരിച്ചു. ബിഹാറിലെ സുപ്പോളെ ജില്ലയില്‍ നിന്നുള്ള ഇ- റിക്ഷാ ഡ്രൈവറായ ശംഭു കുടുംബവുമൊത്ത് 6 മാസം മുന്‍പാണു ബജന്‍പുരയില്‍ വാടകയ്ക്കു താമസമാക്കിയത്
Post Your Comments