Latest NewsIndia

ദീപാവലിയ്ക്ക് മുമ്പ് കൊലപാതകം : ഭാട്ടിയ കുടുംബത്തിന്റെ മരണത്തിന്റെ നിഗൂഢതയിലേയ്ക്ക് ഇറങ്ങിച്ചെന്ന് പൊലീസ് : ലളിതിന്റെ ഡയറിയിലെ വാചകങ്ങള്‍ പൊലീസിനെ ഞെട്ടിച്ചു

ന്യൂഡല്‍ഹി : ബുറാഡിയില്‍ ഭാട്ടിയ കുടുംബത്തിന്റെ മരണത്തിന്റെ നിഗൂഢതയിലേയ്ക്ക് പൊലീസ് ഇറങ്ങി. മരണത്തിനു പിന്നിലെ പ്രേരകശക്തിയെ കണ്ടെത്തുന്നതിനായി പൊലീസ് ഊര്‍ജ്ജിത ശ്രമം തുടങ്ങി. ലളിതിന്റെ ഡയറി മാത്രമാണ് പൊലീസിന് ആശ്രയം. ഇതില്‍ ചില വാചകങ്ങള്‍ പൊലീസിനെ ഞെട്ടിച്ചു അതു കേന്ദ്രീകരിച്ചാണ് അന്വേഷണം. വരുന്ന ദീപാവലിക്കുമുന്‍പ് കൊല്ലപ്പെടുമെന്ന സൂചനകള്‍ ഡയറിയില്‍ കണ്ടെത്തിയിട്ടുണ്ട്. കൂട്ടമരണത്തിന്റെ സൂത്രധാരനെന്നു കരുതുന്ന ലളിത് സിങ്, തന്റെ പിതാവിന്റെ ആത്മാവ് തനിക്കൊപ്പമുണ്ടെന്ന് അവകാശപ്പെട്ടിരുന്നു. പിതാവിന്റേതിനു പുറമെ മറ്റു നാല് ആത്മാക്കളും വീട്ടിലുണ്ടെന്നും ലളിത് പറഞ്ഞിരുന്നു. ഇതിനെചുറ്റിപ്പറ്റിയാണു നിലവിലെ അന്വേഷണം.

2017 നവംബര്‍ 11ന് എഴുതിയ കുറിപ്പില്‍ ആരോ ചെയ്ത തെറ്റാണ് അതുനേടുന്നതില്‍നിന്നു കുടുംബത്തെ പരാജയപ്പെടുത്തുന്നതെന്ന് പറഞ്ഞിരുന്നു. ഇതെന്തിനെക്കുറിച്ചാണെന്നു വ്യക്തമായിട്ടില്ല. ആരുടെയോ തെറ്റുകൊണ്ട് എന്തോ ഒന്ന് നേടുന്നതില്‍ പരാജയപ്പെട്ടു. ഇങ്ങനെയാണെങ്കില്‍ നിങ്ങള്‍ക്ക് അടുത്ത ദീപാവലിയില്‍ പങ്കെടുക്കാന്‍ സാധിക്കില്ല. മുന്നറിയിപ്പുകള്‍ അവഗണിക്കരുതെന്നും ഡയറിയില്‍ കുറിച്ചിട്ടുണ്ട്. നാല് ആത്മാക്കള്‍ തന്നോടൊപ്പം ഇപ്പോഴുണ്ട്. നിങ്ങള്‍ സ്വയം അഭിവൃദ്ധിപ്പെട്ടെങ്കില്‍ മാത്രമേ അവ മോചിക്കപ്പെടുകയുള്ളൂ. ഹരിദ്വാറില്‍ മതപരമായ എല്ലാ ചടങ്ങുകളും പൂര്‍ത്തിയാക്കുമ്പോള്‍ ഇവയ്ക്കു മോക്ഷം ലഭിക്കുമെന്നും 2015 ജൂലൈ 15ന് എഴുതിയ കുറിപ്പില്‍ പറയുന്നു.

Read Also : സംസ്ഥാനത്ത് പതിമൂന്ന്കാരന്റെ മരണത്തിനു പിന്നില്‍ ബ്ലൂവെയിലിന്റെ പകരക്കാരന്‍

ഭാട്ടിയ കുടുംബത്തോടു പലതരത്തില്‍ ബന്ധപ്പെട്ടിട്ടുള്ളവരുടെ ആത്മാക്കളാണു തനിക്കൊപ്പമുള്ളതെന്നാണു ലളിത് അവകാശപ്പെട്ടിരുന്നത്. ലളിതിന്റെ ഭാര്യ ടിനയുടെ പിതാവ് സജ്ജന്‍ സിങ്, സഹോദരി പ്രതിഭയുടെ ഭര്‍ത്താവ് ഹിര, മറ്റൊരു സഹോദരി സുജാത നാഗ്പാലിന്റെ ഭര്‍തൃസഹോദരങ്ങളായ ദയാനന്ദ്, ഗംഗാ ദേവി എന്നിവരുടെ ആത്മാക്കള്‍ ഒപ്പമുണ്ടെന്നായിരുന്നു വാദം. നല്ല പ്രവൃത്തികള്‍ ചെയ്യണമെന്നും കുറിപ്പില്‍ പറയുന്നുണ്ട്. കൂടാതെ മരിച്ച ധ്രുവിന്റെ ഫോണ്‍ അഡിക്ഷനെക്കുറിച്ചും മറ്റുള്ളവരുമായി പെണ്‍കുട്ടി തര്‍ക്കത്തിലേര്‍പ്പെട്ടതിനെക്കുറിച്ചും ഡയറിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.

ലളിതിന്റെയും ടിനയുടെയും യോഗ്യതകളെക്കുറിച്ചു പറയുന്നതിനൊപ്പം തങ്ങളെ പോലെയാവണമെന്ന് അവര്‍ കുടുംബത്തോട് ആവശ്യപ്പെടുന്നു. കൂടാതെ നിര്‍ദേശങ്ങളെല്ലാം പലവട്ടം വായിച്ചു മനസിലാക്കണമെന്നും പറയുന്നുണ്ട്. വീടുപണി മുടങ്ങിയതും പ്രിയങ്ക ഭാട്ടിയയുടെ വിവാഹം നീണ്ടുപോയതിനു കാരണമായ ജാതകദോഷത്തെക്കുറിച്ചും ഡയറിയില്‍ പറഞ്ഞിട്ടുണ്ട്. അതേസമയം, പുറത്തുനിന്നുള്ളവരുടെ മുന്നില്‍വച്ച് ഒരിക്കല്‍ പോലും പിതാവിന്റെ ആത്മാവ് ലളിതില്‍ സന്നിവേശിച്ചിരുന്നില്ലെന്നും കുറിപ്പിലുണ്ട്.

ജൂണ്‍ 30നാണ് ഭാട്ടിയ കുടുംബത്തിലെ 11 പേരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊല്ലപ്പെട്ട 11 പേരില്‍ പത്തു പേരുടെയും മൃതദേഹം തൂങ്ങിയാടുന്ന നിലയിലായിരുന്നു. ഒരാളുടെ മൃതദേഹം മാത്രമാണു നിലത്തുനിന്നു ലഭിച്ചത്. ഇതാകട്ടെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ നിലയിലായിരുന്നു. കഴിഞ്ഞ 22 വര്‍ഷമായി ഡല്‍ഹിയിലെ ബുറാഡി മേഖലയില്‍ ജീവിക്കുന്നവരാണു ഭാട്ടിയ കുടുംബം. ഇവര്‍ക്ക് ഒരു പലചരക്കു കടയും പ്ലൈവുഡ് സ്റ്റോറുമുണ്ട്. പത്തു പേരുടെയും മൃതദേഹം വീടിന്റെ രണ്ടാം നിലയില്‍ ഇരുമ്പുഗ്രില്ലില്‍ കെട്ടിത്തൂക്കിയ നിലയിലായിരുന്നു. മൃതദേഹങ്ങളുടെ കണ്ണു കെട്ടിയിരുന്നു. വായില്‍ ടേപ്പു ഒട്ടിച്ചിരുന്നു. ഇതെല്ലാം ആചാരങ്ങളുടെ ഭാഗമായിട്ടാണെന്നാണു പൊലീസ് വ്യക്തമാക്കുന്നത്. മൃതദേഹത്തിനു സമീപം വച്ചിരിക്കുന്ന കപ്പിലെ വെള്ളം നീല നിറമാകുന്നതോടെ പിതാവ് എത്തി രക്ഷപ്പെടുത്തുമെന്നും ലളിത് കുടുംബാംഗങ്ങളെ വിശ്വസിപ്പിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button