കൊല്ലം: കൊല്ലത്ത് മാരകായുധങ്ങളുമായി അടിപിടിക്കേസ് പ്രതി എസ് ഐയെ ആക്രമിച്ചു. ഉമയനല്ലൂരില്‍ ആണ് സംഭവം. അടിപിടി കേസില്‍ പ്രതിയായ തന്നെ പിടികൂടാനെത്തിയ പൊലീസുകാരെയാണ് വയല്‍ സ്വദേശി റഫീഖ് തടിക്കഷ്ണം കൊണ്ട് എറിഞ്ഞത്. ആക്രമണത്തിനുശേഷം കെഎപി കനാലിന്റെ ഭാഗമായുള്ള ടണലില്‍ ഒളിച്ച റഫീഖിനെ ഫയര്‍ഫോഴ്‌സ് എത്തിയാണ് പിടികൂടിയത്. ആക്രമണത്തില്‍ കാലിന് പരുക്കേറ്റ കൊട്ടിയം സ്‌റ്റേഷനിലെ എഎസ്‌ഐ ബിജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതി റഫീഖിനെ പിടികൂടാന്‍ എഎസ്‌ഐ ബിജുവിന്റെ നേതൃത്വത്തില്‍ എത്തിയ ഉമയനല്ലൂര്‍ പൊലീസുകാര്‍ക്ക് നേരെയായിരുന്നു ആക്രമണം. മാരകായുധങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയ പ്രതി പിന്നീട് പൊലീസുകാര്‍ക്ക് നേരെ തടിക്കഷ്ണം എറിയുകയായിരുന്നു. തുടര്‍ന്ന് രക്ഷപ്പെടാന്‍ വായുസഞ്ചാരമില്ലാത്ത കെഎപി കനാലിന്റെ ഭാഗമായുളള ടണലില്‍ ഒളിക്കുകയായിരുന്നു.
പ്രതിയെ പിടികൂടാന്‍ പൊലീസ് ഫയര്‍ഫോഴ്‌സിന്റെ സഹായം തേടി. ഇവരുടെ സഹകരണത്തോടെ അരമണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ടണലിന് അരക്കിലോമീറ്റര്‍ ദൂരമുണ്ട്. ഓക്‌സിജന്‍ മാസ്‌ക് ധരിച്ചാണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ടണലില്‍ പ്രവേശിച്ചത്. പൊലീസിന്റെ സമയോചിതമായ ഇടപെടലാണ് പ്രതിയെ ജീവനോടെ പിടികൂടാന്‍ സഹായിച്ചത്.
Post Your Comments