കൊറോണ പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ട കളമശേരി മെഡിക്കൽ കോളേജിൽ ഒരുക്കിയത് അത്യാധുനിക സൗകര്യങ്ങൾ. സംസ്ഥാനത്ത് കൊറോണ റിപ്പോർട്ട് ചെയ്ത ഉടൻ തന്നെ എല്ലാ ജില്ലകളിലും ആശുപത്രികളിൽ ഐസൊലേഷൻ വാർഡുകൾ സജീകരിക്കാൻ നിർദ്ദേശം ലഭിച്ചിരുന്നു. ജില്ലയിൽ കളമശ്ശേരി മെഡിക്കൽ കോളേജാണ് ഇത്തരത്തിൽ ഐസൊലേഷൻ സംവിധാനം സജ്ജമാക്കാൻ തിരഞ്ഞെടുത്തത്. കഴിഞ്ഞ വർഷം ഇത്തരത്തിൽ നിപ ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോഴും ഐസൊലേഷൻ വാർഡുകൾ ക്രമീകരിച്ചത് കളമശ്ശേരിയിൽ ആയിരുന്നു. ഇത്തവണ കൊറോണയ്ക്കായി ഐസോലേഷൻ സൗകര്യമുള്ള സംവിധാനം ഒരുക്കുന്നതിന് മറ്റൊരു ഇടത്തെ കുറിച്ച് ചിന്തിക്കേണ്ടി വന്നില്ല. പൂർണ്ണ സൗകര്യങ്ങളും സഹകരണവും പ്രിൻസിപ്പൽ ഡോ. തോമസ് മാത്യു ആദ്യം തന്നെ വാഗ്ദാനം ചെയ്യുകയും ചെയ്തു. ആറു നിലയുള്ള കെട്ടിടത്തിലെ മൂന്ന് ഫ്ലോറുകൾ മുഴുവൻ ഐസോലേഷൻ വാർഡിനായി പരിവർത്തനം ചെയ്തു. 30 കിടക്കകൾ അടങ്ങിയ ഐസൊലേഷൻ വാർഡാണ് ഇതിനായി ക്രമീകരിച്ചിരിക്കുന്നത്. ഒരു ഷിഫ്റ്റിൽ ഒരു ഡോക്ടർ, രണ്ട് സ്റ്റാഫ് നഴ്സ്, ഒരു അറ്റൻഡർ,ഒരു ക്ലീനിംഗ് സ്റ്റാഫ്, ഒരു എക്സറേ ടെക്നീഷ്യൻ എന്നിവരാണ് ഡ്യൂട്ടിയിൽ ഉള്ളത് . കൊറോണ പ്രതിരോധ വ്യക്തിഗത സുരക്ഷാ ഉപാധികൾ ധരിച്ച് 4 മണിക്കൂറിൽ കൂടുതൽ തുടർച്ചയായി ജോലി ചെയ്യാൻ സാധിക്കാത്തതിനാൽ 6 ഷിഫ്റ്റുകളിലായാണ് ജീവനക്കാർ പ്രവർത്തിക്കുന്നത്. ഐസൊലേഷൻ വാർഡിന്റെ പ്രവർത്തനങ്ങൾ ആർ എം ഓ ഡോ. ഗണേഷ് മോഹന്റെ നേതൃത്വത്തിലാണ് നടന്നു വരുന്നത്. കർശന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് പ്രവർത്തിക്കുന്നതിനാൽ ഡ്യൂട്ടിയിൽ ഉള്ളവർക്കൊഴികെ മറ്റാർക്കും ഇവിടെ പ്രവേശനം ഇല്ല . എയർപോർട്ടിൽ നിന്നും രോഗലക്ഷണങ്ങൾ സംശയിക്കുന്നവരെ മെഡിക്കൽ കോളേജിലേക്ക് നേരിട്ടും വീടുകളിൽ നിരീക്ഷണത്തിലുള്ളവർക്ക് രോഗലക്ഷണങ്ങളുണ്ടെങ്കിൽ അവരെ ജില്ലാ കൺട്രോൾ റൂമിൽ നിന്ന് അറിയിപ്പ് നല്കുന്നതനുസരിച്ച് പ്രത്യേകം തയ്യാറാക്കിയ ആംബുലൻസിൽ ഐസോലേഷൻ വാർഡിലെ ട്രയാജ് ഏരിയയിൽ എത്തിച്ച് സാംപിൾ എടുക്കും. തുടർന്ന് സാമ്പിൾ പരിശോധനയ്ക്കായി അയക്കും. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം അഡ്മിറ്റ് ചെയ്യേണ്ട വ്യക്തികളാണെങ്കിൽ ഐസോലേഷൻ വാർഡിലേക്ക് മാറ്റും അല്ലാത്തവരെ ആബുംലൻസിൽ തന്നെ വീടുകളിൽ എത്തിച്ച് നിരീക്ഷണത്തിൽ തുടരുവാൻ നിർദ്ദേശിക്കും. എല്ലാ ദിവസവും 10 മണിക്ക് പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ മെഡിക്കൽ ബോർഡ് ചേർന്ന് ഐസൊലേഷനിൽ ഉള്ളവരുടെ ആരോഗ്യ സ്ഥിതി വിലയിരുത്തുന്നു . സംസ്ഥാനത്തെ ഏറ്റവും വലിയ കൊറോണ ഐസോലേഷൻ സൗകര്യം ഒരുക്കിയതും ഇവിടെ ആണ്. ഇതുവരെ മെഡിക്കൽ കോളേജിലെ ഐസോലെഷൻ വാർഡിൽ പ്രവശിപ്പിച്ചത് 19 പേരെയാണ്. . ഈ പത്തൊൻപത് പേരുടെയും പരിശോധന ഫലങ്ങൾ നെഗറ്റീവ് ആണ്. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. പീറ്റർ പി വാഴയിൽ, ഐസൊലേഷൻ വാർഡിന്റെ നോഡൽ ഓഫീസർ ആയ ആർ എം ഒ ഡോ. ഗണേഷ് മോഹൻ, എ. ആർ. എം. ഒ ഡോ മനോജ് ആൻറണി , കമ്മ്യൂണി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. പ്രവീൺ, സാമ്പിൾ ട്രാൻസ്പോർട്ടേഷൻ നോഡൽ ഓഫിസർ ആയ ഡോ. നിഖിലേഷ് മേനോൻ എന്നിവർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ തോമസ് മാത്യുവിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടത്തി വരുന്നു
ജില്ലയിലെ കൊറോണ കൺട്രോൾ റൂമിലേക്ക് ഇന്ന് 50 (13/2/2020) കോളുകൾ ആണ് ലഭിച്ചത്. ലഭിച്ച ഫോൺ വിളികളിൽ ഭൂരിഭാഗം പേർക്കും അറിയേണ്ടിയിരുന്നത് നിരീക്ഷണ കാലയളവ് കഴിഞ്ഞവർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനെക്കുറിച്ചായിരുന്നു കൂടാതെ നാട്ടിൽ വന്നാൽ നിരീക്ഷണത്തിൽ കഴിയേണ്ടി വരുമോ എന്നറിയാനായി സിംഗപ്പൂരിൽ നിന്നും തായ്വാനിൽ നിന്നും വിളികളെത്തി. കൺട്രോൾ റൂമിലുള്ള മെഡിക്കൽ ഓഫീസർമാരും, കൗൺസിലർമാരും ആശങ്കകൾ അകറ്റുകയും മാർഗനിർദേശങ്ങൾ നൽകുകയും ചെയ്തു.
രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന ബോധവൽക്കരണ ക്ലാസുകൾ തുടരുകയാണ്. ജില്ലയിലെ വിവിധ സർക്കാർ സ്വകാര്യ ആശുപത്രികളിലെ ജീവനക്കാർക്കുള്ള പരിശീലനവും ബോധവൽക്കരണ ക്ലാസ്സുകളും ഇന്നും നടത്തി. ഉദയംപേരൂരിൽ കുടുംബശ്രീ പ്രവർത്തകർക്കും കോതമംഗലം, തൃപ്പൂണിത്തുറ, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ വിദ്യാർത്ഥികൾക്കും, മൂവാറ്റുപുഴയിൽ പൊതുജനങ്ങൾക്കായും ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു.
Post Your Comments