കൊച്ചി: കൂണു പോലെ ട്രോള്‍ ഗ്രൂപ്പുകള്‍ മുളയ്ക്കുന്ന ഇക്കാലത്ത് ചില പ്രധാന ഗ്രൂപ്പുകള്‍ ഒഴിച്ചാല്‍ പലതിനും രാഷ്ട്രീയം, ചില വ്യക്തികളുടെ പ്രചാരണം, ഒരു പ്രത്യേക വിഭാഗത്തെ ഇകഴ്ത്തല്‍, ആളുകളെ ലക്ഷ്യം വച്ച് ആക്രമിക്കല്‍ തുടങ്ങിയ ലക്ഷ്യങ്ങളുണ്ടെന്ന് ട്രോള്‍ മലയാളം എക്‌സിക്യൂട്ടീവ് കൗണ്‍സിലംഗം വിഷ്ണു പ്രകാശ്. കൃതി വിജ്ഞാനോത്സവത്തിന്റെ ഭാഗമായി സോഷ്യല്‍ മീഡിയയിലെ നുണയും ചിരിയും എന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തികളുടെ സ്വകാര്യതയിലേക്കോ വ്യക്തി ജീവിതത്തിലേക്കോ ഇടപെടാതിരിക്കുക, പൊതു രംഗത്തുള്ള വ്യക്തികള്‍ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിലെടുക്കുന്ന നിലപാടുകളെ മാത്രം വിമര്‍ശനത്തിനും തമാശയ്ക്കും പാത്രമാക്കുക എന്ന നിര്‍ബന്ധത്തിലാണ് ഇന്റര്‍നാഷനല്‍ ചളു യൂണിയന്‍ (ഐസിയു) മുന്നോട്ട് പോകുന്നതെന്ന് ഐസിയു അഡ്മിനിലൊരളായ കെ. എസ് ബിനു കൂട്ടിച്ചേര്‍ത്തു.
5 ലക്ഷത്തോളം പേര്‍ അംഗമായ ഐസിയു ഗ്രൂപ്പില്‍ ഹാസ്യരസ പ്രാധാനവും നിലപാടുള്ളതുമായ ട്രോളുകള്‍ അറുപതോളം പേരുള്ള കോര്‍ ഗ്രൂപ്പില്‍ വോട്ടിനിട്ടാണ് ഒരു ട്രോള്‍ ഐസിയുവിന്റെ പേജില്‍ കൊടുക്കണോ എന്ന് തീരുമാനിക്കുന്നതെന്നും ബിനു പറഞ്ഞു. സ്ത്രീവിരുദ്ധത, റേസിസം തുടങ്ങി രാഷ്ട്രീയ ശരികേടിന്റെ നിഴലെങ്കിലും ഉള്ള പോസ്റ്റാണെങ്കില്‍ ഭൂരിപക്ഷ വോട്ട് കിട്ടിയാലും ആ ട്രോളിനെ പരിഗണിക്കാറില്ലെന്നും ബിനു വ്യക്തമാക്കി.
അജണ്ടകള്‍ ഉപയോഗിച്ച് രാഷ്ട്രീയാധികാരങ്ങള്‍ നിര്‍മിക്കുന്നതിന് സാമൂഹ്യമാധ്യമങ്ങളിലെ നുണപ്രചരണങ്ങള്‍ എത്രത്തോളം സഹായിക്കുന്നു എന്നതില്‍ ഊന്നിയാണ് മാധ്യമപ്രവര്‍ത്തകനായ സുജിത് ചന്ദ്രന്‍ സംസാരിച്ചത്. ട്രോളുകളില്‍ തെറ്റായ വിവരങ്ങള്‍ ചേര്‍ത്ത് സാധാരണ മനുഷ്യര്‍ അപമാനിക്കപ്പെടുന്നത് മുതല്‍ സ്റ്റേറ്റ് സ്‌പോണ്‍സേഡ് നുണപ്രചരണങ്ങള്‍ വരെ നീളുന്നതാണ് ട്രോളുകളിലുള്ള ഹിംസാത്മകത. തെറ്റായ വാര്‍ത്തകളേയും പ്രചാരണങ്ങളേയും പൊളിക്കാന്‍ ശ്രമിക്കുന്ന മാധ്യമങ്ങളെ ഭരണകൂടം പൊളിക്കാന്‍ ശ്രമിക്കുകയാണ്. വാര്‍ത്തയിലെ സത്യം തേടി പോകേണ്ടത് നമ്മള്‍ ഓരോരുത്തരുടേയും കടമയാണെന്നും സുജിത് ചന്ദ്രന്‍ പറഞ്ഞു.
Post Your Comments