Latest NewsNewsIndiaTechnology

ഉപയോക്താക്തക്കള്‍ ശ്രദ്ധിച്ചോ ; സമൂഹമാധ്യമങ്ങളിലെ സ്വകാര്യത ഇനി സ്വപ്‌നം മാത്രം ; ആവശ്യപ്പെട്ടാല്‍ ഉപയോക്താവിന്റെ മുഴുവന്‍ വിവരങ്ങളും നല്‍കും

ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളില്‍ സ്വകാര്യത സംരക്ഷിക്കപ്പെടുമെന്നത് ഇനി വെറും സ്വപ്നം മാത്രമായി മാറുന്നു. സര്‍ക്കാര്‍ ഏജന്‍സികള്‍ ആവശ്യപ്പെട്ടാല്‍ സമൂഹമാധ്യമ കമ്പനികളായ ഫെയ്‌സ്ബുക്കും യൂട്യൂബും വാട്‌സാപ്പും ട്വിറ്ററും ടിക്ക് ടോക്കുമെല്ലാം, ഉപയോക്താവിന്റെ മുഴുവന്‍ വിവരങ്ങളും നേരിട്ടു നല്‍കണമെന്ന നിയമം കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാനൊരുങ്ങുകയാണ്. വിവിധ സമൂഹമാധ്യമങ്ങളില്‍ അംഗങ്ങളായ 40 കോടിയിലേറെ ആളുകളെ ബാധിക്കുന്നതായിരിക്കും നിയമം.

വ്യാജ വാര്‍ത്തകള്‍, ഭീകരതയുമായി ബന്ധപ്പെട്ട കുറിപ്പുകള്‍, വര്‍ഗീയ പരാമര്‍ശങ്ങള്‍, കുട്ടികള്‍ ഉള്‍പ്പെടുന്ന അശ്ലീല ദൃശ്യങ്ങള്‍ തുടങ്ങിയവയ്‌ക്കെതിരെ നടപടിയെടുക്കാനാണു നിയമമെന്നാണു കേന്ദ്രം പറയുന്നത്. സമൂഹമാധ്യമങ്ങള്‍ക്കും മെസഞ്ചര്‍ ആപ്ലിക്കേഷനുകള്‍ക്കും പിടിവീഴുന്ന നിയമ നിര്‍ദേശങ്ങള്‍ ഫെബ്രുവരി അവസാനം പ്രസിദ്ധീകരിക്കുമെന്നാണു റിപ്പോര്‍ട്ട്. 2018 ഡിസംബറില്‍ സമൂഹമാധ്യമങ്ങള്‍ക്കു കടിഞ്ഞാണിടുന്ന നിയമത്തിന്റെ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പൊതുചര്‍ച്ചയ്ക്കു നല്‍കിയിരുന്നു. എന്നാല്‍ സുപ്രീംകോടതി അനുശാസിക്കുന്ന പ്രകാരം സ്വകാര്യതയ്ക്കുള്ള അവകാശം ലംഘിക്കുന്നതാകരുത് നിയമം എന്നായിരുന്നു പൊതു അഭിപ്രായം.

ഏകദേശം 40 കോടി ഉപയോക്താക്കളാണ് വാട്‌സാപ്പിന് മാത്രം ഇന്ത്യയിലുളളത്. വിവരം സര്‍ക്കാരിനു നല്‍കുന്നതിനു പകരം വ്യാജവാര്‍ത്തകള്‍ തടയാനുള്ള നടപടികളാണ് വാട്സാപ് സ്വീകരിച്ചത്. ഉപയോക്താക്കളുടെ സുരക്ഷയുടെ കാര്യത്തില്‍ വാട്‌സാപ് വിട്ടുവീഴ്ച ചെയ്യില്ലെന്ന പ്രസ്താവന കഴിഞ്ഞ ദിവസം കമ്പനി പുറത്തുവിട്ടിരുന്നു.

സര്‍ക്കാര്‍ ഏജന്‍സികള്‍ ആവശ്യപ്പെട്ടാല്‍ 72 മണിക്കൂറിനുള്ളില്‍ ആവശ്യമായ വിവരങ്ങള്‍ കൈമാറണം അതായത്, യൂട്യൂബിലോ ഫെയ്‌സ്ബുക്കിലോ ട്വിറ്ററിലോ ടിക് ടോക്കിലോ വാട്‌സാപ്പിലോ ഉള്ള പോസ്റ്റുകള്‍, വിഡിയോകള്‍, ചിത്രങ്ങള്‍ എന്നിവയുടെ ഉറവിടം ആവശ്യപ്പെട്ടാല്‍ മൂന്നു ദിവസത്തിനകം വിവരം നിര്‍ബന്ധമായും നല്‍കിയിരിക്കണം. കമ്പനികള്‍ 180 ദിവസം വരെ യൂസര്‍മാരുടെ വിവരങ്ങള്‍ സൂക്ഷിക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു. 50 ലക്ഷത്തിലേറെ അംഗങ്ങളുള്ള സമൂഹമാധ്യമ കമ്പനികള്‍ക്കാണ് ഇതു ബാധകമാവുക. 130 കോടി ജനമുള്ള ഇന്ത്യയില്‍ ഏകദേശം 50 കോടി ഇന്റര്‍നെറ്റ് ഉപയോക്താക്കളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button