തിരുവനന്തപുരം: ഡോ. തോമസ് മാത്യു രചനയും സംവിധാനവും നിര്‍വഹിച്ച ‘മെയ്ഡ് ഇന്‍ ചൈന’ എന്ന ഹാസ്യ നാടകം നര്‍മ്മ കൈരളി വേദിയില്‍ പുതിയൊരനുഭവമായി. ലോകത്ത് കൊറോണ വൈറസ് ഉയര്‍ത്തുന്ന വെല്ലുവിളികളുടെ സാഹചര്യത്തിലാണ് പൊതുജനാരോഗ്യ വിദഗ്ധന്‍ കൂടിയായ ഡോ. തോമസ് മാത്യു വിഷയത്തിന്റെ ഗൗരവം തെല്ലും ചോരാതെ നര്‍മ്മത്തില്‍ ചാലിച്ച് ഇത് രംഗത്തവതരിപ്പിച്ചത്.
ചൈനയിലെ വുഹാനില്‍ നിന്നും അണുബാധയേറ്റ് കേരളത്തിലെത്തുന്ന ഒരു വിദ്യാര്‍ത്ഥിയുടെ വിവാഹവുമായി ബന്ധപ്പെട്ടാണ് കഥ പുരോഗമിക്കുന്നത്. കൊറോണ വൈറസായി ജോബി രംഗത്തെത്തിയത് സദസിനെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. കേരളത്തിന്റെ ശക്തമായ ജാഗ്രതയെ തുടര്‍ന്ന് ഇവിടെ രക്ഷയില്ലെന്ന് തിരിച്ചറിഞ്ഞ് ചൈനയിലേക്ക് പോകാന്‍ ശ്രമിക്കുന്ന കൊറണ വൈറസിനെ കേരളം പിടിച്ച് കെട്ടുന്നതോടെ നാടകം അവസാനിക്കുന്നു.
ഡോ. തോമസ് മാത്യു, എ.എസ്. ജോബി, മണിക്കുട്ടന്‍ ചവറ, ദിലീപ് കുമാര്‍ ദേവ്, വേണു പെരുകാവ്, ഈശ്വര്‍പോറ്റി, ദീപു അരുണ്‍, പ്രദീപ് അയിരൂപ്പാറ, ഗ്രേസി കരമന, അഡ്വ. മംഗളതാര, ഗായത്രി, കൃഷ്ണദത്ത്, ദേവദത്ത് എന്നിവര്‍ രംഗത്തെത്തി. ചമയം സുരേഷ് കരമന, ശബ്ദ മിശ്രണം വിനു ജെ. നായര്‍. കല പ്രദീപ് അയിരൂപ്പാറ, രാധാകൃഷ്ണന്‍.
പിന്നണി ഗായകന്‍ ശ്രീറാം പരിപാടിയില്‍ അതിഥിയായെത്തി പ്രിയ ഗാനങ്ങള്‍ അവതരിപ്പിച്ചു. സിദ്ധാര്‍ത്ഥന്‍ കള്ളിക്കാട് ‘നോണ്‍ സ്‌റ്റോപ്പ്’ എന്ന പരിപാടി അവതരിപ്പിച്ചു. ചിരിയരങ്ങില്‍ കൃഷ്ണ പൂജപ്പുര, വി. സുരേശന്‍ എന്നിവര്‍ പങ്കെടുത്തു.
Post Your Comments