Life Style

മൂത്രനാളിയിലെ അണുബാധ കുറയ്ക്കാന്‍ സസ്യാഹാരം ശീലിയ്ക്കാം

സസ്യാഹാരം ശീലമാക്കുന്നത് മൂത്രനാളിയിലെ അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനം. ഇ-കോളി പോലുള്ള ഉദര ബാക്ടീരിയകള്‍ മൂത്രനാളിയിലെത്തുകയും അണുബാധ (UTI) യ്ക്ക് കാരണമാകുകയും ചെയ്യും. വൃക്കകളെയും മൂത്രസഞ്ചിയെയും ഈ അണുബാധ ബാധിക്കുെമന്നും തയ്‌വാനിലെ ബുദ്ധിസ്റ്റ് സു ചി മെഡിക്കല്‍ ഫൗണ്ടേഷനിലെ ഗവേഷകര്‍ നടത്തിയ പഠനം പറയുന്നു.

ഇ-കോളി പ്രധാനമായി ഇറച്ചിയിലാണ് ഉണ്ടാകുന്നതെന്നും ഇതാണ് യുടിഐക്കു കാരണമാകുന്നതെന്നും മുന്‍ പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇറച്ചി ഒഴിവാക്കുന്നത് യുടിഐ സാധ്യത കുറയ്ക്കുമോ എന്ന കാര്യം വ്യക്തമായിരുന്നില്ല.

തയ്‌വാനിലെ 9724 ബുദ്ധമതാനുയായികളിലാണ് പഠനം നടത്തിയത്. സു ചി സസ്യാഹാരപഠനത്തിലും പങ്കെടുത്ത ഇവരില്‍ മൂത്രനാളിയില്‍ അണുബാധ വന്നിട്ടുണ്ടോ എന്ന് പരിശോധിച്ചു. ഇവരില്‍ സസ്യാഹാരത്തിന്റെ ആരോഗ്യഗുണങ്ങളും പഠനം പരിശോധിച്ചു.

മാംസാഹാരികളെ അപേക്ഷിച്ച് സസ്യാഹാരം ശീലമാക്കിയവരില്‍ മൂത്രനാളിയിലെ അണുബാധയ്ക്കുള്ള സാധ്യത 16 ശതമാനം കുറവാണെന്നു കണ്ടു. 6684 മാംസാഹാരികളില്‍ 444 പേര്‍ക്ക് യുടിഐ വന്നപ്പോള്‍ 3040 സസ്യാഹാരികളില്‍ 217 പേര്‍ക്കു മാത്രമാണ് യുടിഐ ബാധിച്ചത് എന്നു കണ്ടു.

സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് യുടിഐ സാധ്യത കുറവുള്ളതെന്നും പഠനം പറയുന്നു. ഭക്ഷണശീലം പരിഗണിക്കാതെതന്നെ പുരുഷന്മാരില്‍ മൂത്രനാളിയിലെ അണുബാധയ്ക്കുള്ള സാധ്യത 79 ശതമാനം കുറവാണെന്നും പഠനം പറയുന്നു.

പോര്‍ക്ക്, കോഴിയിറച്ചി ഇവ കഴിക്കുന്നത് ഒഴിവാക്കിയാല്‍ ഇ-കോളിയെ ഒഴിവാക്കാം എന്നും പഠനം നിര്‍ദേശിക്കുന്നു.
സസ്യാഹാരം ശീലമാക്കിയവര്‍ നാരുകള്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഇ-കോളിയുടെ വളര്‍ച്ച തടയും. ഇത് കുടലിനെ കൂടുതല്‍ അമ്ലസ്വഭാവം ഉള്ളതാക്കുകയും യു ടി ഐ സാധ്യത കുറയ്ക്കുകയും ചെയ്യുമെന്നും സയന്റിഫിക് റിപ്പോര്‍ട്‌സില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button