: കുഞ്ഞുങ്ങളിലെ യൂറിനറി ഇന്‍ഫെക്ഷന്‍ തടയാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
കുട്ടികള്‍ പലപ്പോഴും കളിയുടെ തിരക്കില്‍ മുഴുവന്‍ മൂത്രവും ഒഴിച്ചു കളയാതെ പോകാറുണ്ട്. എന്നാല്‍ ഇതിന് അനുവദിക്കരുത് പൂര്‍ണമായും മൂത്രമൊഴിക്കാന്‍ കുട്ടികളെ ശീലിപ്പിക്കണം.
: വേനല്‍ക്കാലത്ത് കുട്ടികളെയും മുതിര്‍ന്നവരേയും ഒരു പോലെ ബാധിക്കുന്ന അണുബാധകളിലൊന്നാണ് യുടിഐ അഥവാ മൂത്രാശയ അണുബാധ. വൃക്കകള്‍, മൂത്രാശയങ്ങള്‍, മൂത്രസഞ്ചി, മൂത്രനാളി തുടങ്ങി മൂത്രാശയവുമായി ബന്ധപ്പെട്ട ഏത് ഭാഗത്തും ഇത് ബാധിക്കാം. വേനല്‍ക്കാലത്ത് കുട്ടികളിലുണ്ടാകുന്ന യുടിഐ തടയാന്‍ സഹായിക്കുന്ന ചില ടിപ്പുകള്‍ അറിയാം
1. ധാരാളം വെള്ളം കുടിക്കുക
കുട്ടിക്ക് ആവശ്യത്തിന് വെള്ളം കുടിക്കാന്‍ നല്‍കണം. കുട്ടിക്ക് എത്രത്തോളം വെള്ളം നല്‍കണം എന്നതിന് കുട്ടിയുടെ പ്രായം 250 മില്ലി കൊണ്ട് ഗുണിച്ചാല്‍ മതിയാകും. അതായത് രണ്ട് വയസ്സുള്ള കുട്ടിക്ക് ഒരു ദിവസം 500 മില്ലി വെള്ളം നല്‍കണം. മൂന്ന് വയസ്സുള്ള കുട്ടിക്ക് ഒരു ദിവസം 750 മില്ലി നല്‍കണം. ഇതുകൂടാതെ, വിറ്റാമിന്‍ സി അടങ്ങിയ പഴങ്ങളും മറ്റും കഴിക്കുന്നതും യുടിഐ തടയും.
2. മലബന്ധം
മലബന്ധം യുടിഐക്ക് കാരണമാകാമെന്ന് ഡോക്ടര്‍മാര്‍ പറയാറുണ്ട്. അതിനാല്‍ കുട്ടിയ്ക്ക് ധാരാളം നാരുകളടങ്ങിയ ഭക്ഷണം നല്‍കാവുന്നതാണ്. വേനല്‍ക്കാലത്ത് കുട്ടികള്‍ക്ക് ധാരാളം തൈര് കൊടുക്കാവുന്നതാണ്. ഇത് കുടലിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും.
3. ശുചിത്വം പാലിക്കുക
കുട്ടികളുടെ മൂത്രാശയ ശുചിത്വം ഉറപ്പാക്കുക. കുട്ടികള്‍ പലപ്പോഴും കളിയുടെ തിരക്കില്‍ മുഴുവന്‍ മൂത്രവും ഒഴിച്ചു കളയാതെ പോകാറുണ്ട്. എന്നാല്‍ ഇതിന് അനുവദിക്കരുത് പൂര്‍ണമായും മൂത്രമൊഴിക്കാന്‍ കുട്ടികളെ ശീലിപ്പിക്കണം. മൂത്രമൊഴിച്ച ശേഷം സ്വകാര്യ ഭാഗങ്ങള്‍ കഴുകേണ്ടതാണ്. ഇത് ബാക്ടീരിയയെ തടയാന്‍ സഹായിക്കുന്നു. വ്യക്തി ശുചിത്വം പാലിക്കാന്‍ കുട്ടികളെ പരീശീലിപ്പിക്കണം. മൂത്രമൊഴിക്കുന്ന ഭാഗത്ത് അസാധാരണ വേദനയോ ചൊറിച്ചിലോ മറ്റ് പ്രശ്നങ്ങളോ ഉണ്ടെങ്കില്‍ തീര്‍ച്ചയായും ഡോക്ടറെ കണ്ട് പരിശോധിക്കണം.
4. പുറത്ത് കളിച്ച് വന്നതിന് ശേഷം ശുചിത്വം പാലിക്കുക
വേനല്‍ക്കാലത്ത് പുറത്ത് കളിക്കുന്ന എല്ലാ കുട്ടികളിലും വിയര്‍പ്പടിഞ്ഞു കൂടും. അതിനാല്‍ കളി കഴിഞ്ഞ ശേഷം കുട്ടികള്‍ കുളിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. കഴുകി വൃത്തിയാക്കിയ അടിവസ്ത്രങ്ങള്‍ ധരിക്കാന്‍ കുട്ടികളെ ശീലിപ്പിക്കുക.
Post Your Comments