നിങ്ങള്‍ ഒരു ദിവസം കഴിക്കുന്ന ഭക്ഷണത്തില്‍ ശരീരത്തിനാവശ്യമായ ഇരുമ്പുസത്ത് അഥവാ അയണ്‍ അടങ്ങിയിട്ടുണ്ടോ എന്നു ചിന്തിക്കാറുണ്ടോ? 18 മില്ലി ഗ്രാം അയണ്‍ ആണ് നിങ്ങള്‍ക്ക് ഒരു ദിവസം വേണ്ടത്. രക്ത കോശങ്ങളിലൂടെ ഓക്‌സിജന്റെ സുഗമമായ പ്രവാഹം ഉറപ്പുവരുത്തുന്നതിന് ആവശ്യത്തിന് അയണ്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തിയേ മതിയാകൂ എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. വളര്‍ച്ചയുടെ പ്രായത്തില്‍ കുട്ടികള്‍ക്കും ആര്‍ത്തവമുള്ള സ്ത്രീകള്‍ക്കും കൂടിയ അളവില്‍ അയണ്‍ അത്യാവശ്യം തന്നെ. അയണ്‍ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്താന്‍ ചില വഴികള്‍ ഇതാ:
ഗ്രില്‍ഡ് ഫിഷ്- ആഴ്ചയില്‍ മൂന്നുനാലു ദിവസമെങ്കിലും ഉച്ചയൂണിനൊപ്പം മീന്‍ ഉറപ്പാക്കുക. കടല്‍മല്‍സ്യത്തില്‍ ധാരാളം അയണ്‍ അടങ്ങിയിട്ടുള്ളതുകൊണ്ടാണിത്. എണ്ണയില്‍ വറുത്തും പൊരിച്ചും കഴിക്കുന്നത് ഒഴിവാക്കണം.
ലീഫ് സാലഡ്- സാലഡ് എന്നാല്‍ പച്ചക്കറികളും പഴങ്ങളും മാത്രം ചേര്‍ത്ത് ഉണ്ടാക്കണമെന്നില്ല. വേവിച്ച ഇലക്കറികള്‍ ഒലീവ് ഓയിലും ഉപ്പും ചേര്‍ത്ത് അല്‍പം സവാളയും കൊത്തിയരിഞ്ഞിട്ട് ലീഫ് സാലഡ് തയാറാക്കി കഴിച്ചുനോക്കൂ.
ഇറച്ചി കഴിക്കുന്നവര്‍ ആണെങ്കില്‍ ലിവര്‍ പ്രത്യേകം പാകം ചെയ്തു കഴിച്ചുനോക്കൂ. റെഡ് മീറ്റില്‍ ശരീരത്തിനു വേണ്ട അയണ്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതു കഴിച്ചാല്‍ രക്തത്തിലെ ഹീമോഗ്ലോബിന്‍ അളവ് വര്‍ധിക്കും
പയറുവര്‍ഗങ്ങള്‍ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും. പ്രത്യേകിച്ച് ബീന്‍സ്, സോയ, പീനട്ട് തുടങ്ങിയവ അയണിന്റെ കലവറയാണ്. ഇവ വേവിച്ചും പച്ചയ്ക്കു മുളപ്പിച്ച് സാലഡ് രൂപത്തിലും ഇടഭക്ഷണമായി കഴിച്ചുനോക്കൂ
മത്തങ്ങക്കുരു പലപ്പോഴും നാം വലിച്ചെറിഞ്ഞു കളയുകയാണ് പതിവ്. മത്തങ്ങ പാകം ചെയ്യുമ്പോള്‍ അതിന്റെ കുരു കഴുകിയുണക്കി പൊടിച്ച് വയ്ക്കുക. അരിപ്പൊടിക്കോ ഗോതമ്പുപൊടിക്കോ ഒപ്പം ചേര്‍ത്ത് ഇവ നാലുമണിപ്പലഹാരമായി കഴിക്കാം.
നമ്മുടെ നാട്ടിലെ പച്ചക്കറി കടകളിലും ഇപ്പോള്‍ ബ്രൊക്കോളി ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ധാരാളം അയണ്‍ അടങ്ങിയ ബ്രൊക്കോളി പാകത്തിനു വേവിച്ച് നിങ്ങളുടെ രാത്രി ഭക്ഷണത്തോടോപ്പം ശീലമാക്കാം.
പ്രമേഹ രോഗിയല്ലെങ്കില്‍ നിങ്ങള്‍ക്കു പരീക്ഷിക്കാവുന്ന ഒന്നാണ് ഡാര്‍ക്ക് ചോക്ക്ലേറ്റ്. നിങ്ങളുടെ ശരീരത്തിലെ ഇരുമ്പിന്റെ അംശം വര്‍ധിപ്പിക്കുന്നതിന് ഡാര്‍ക്ക് ചോക്ക്ലേറ്റ് സഹായിക്കുമെന്നാണ് ആധുനിക പഠനം അവകാശപ്പെടുന്നത്.
ചുരുക്കത്തില്‍ പ്രാതല്‍ മുതല്‍ അത്താഴം വരെ നാം കഴിക്കുന്ന ഭക്ഷണങ്ങളില്‍ ഇങ്ങനെ പലവിധത്തില്‍ അയണ്‍ നമുക്ക് ഉള്‍പ്പെടുത്താവുന്നതാണ്.
Post Your Comments