തിരുവനന്തപുരം: സംസ്ഥാനത്ത് തടങ്കല്‍ പാളയങ്ങള്‍ നിര്‍മിക്കില്ലെന്നുള്ള സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തടങ്കല്‍ പാളയം നിര്‍മിക്കുന്നതിന്റെ ഭാഗമായുള്ള ചില നടപടിക്രമങ്ങളുടെ ഫയലുകള്‍ മുന്‍നിര്‍ത്തിയാണ് മുഖ്യമന്ത്രി വിഷയം നിയമസഭയില്‍ അവതരിപ്പിച്ചത്.
സംസ്ഥാനത്ത് ഡിറ്റെന്‍ഷന്‍ സെന്ററുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു എന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് സംസ്ഥാനത്ത് തടങ്കല്‍ പാളയം നിര്‍മിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോള്‍ തന്നെ മുഖ്യമന്ത്രി പറഞ്ഞിരുന്നു മാത്രവുമല്ല ഏഴുവര്‍ഷം മുമ്പ് 2012 ഓഗസ്റ്റില്‍ തടങ്കല്‍പാളയം സ്ഥാപിക്കണം എന്ന് കേന്ദ്രസര്‍ക്കാര്‍ എല്ലാ സംസ്ഥാനത്തെയും ആഭ്യന്തര സെക്രട്ടറിമാരെ ഒരു കത്ത് മുഖേന അറിയിച്ചിരുന്നു.
അനധികൃതമായി രാജ്യത്ത് പ്രവേശിക്കുകയോ, വിസ, പാസ്പോര്‍ട്ട് കാലാവധി തീര്‍ന്ന ശേഷവും അനധികൃതമായി രാജ്യത്ത് തുടരുകയോ ചെയ്യുന്ന വിദേശികളെയും, ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി അവരുടെ രാജ്യത്ത് തിരിച്ചുപോകുന്നതിനുള്ള നിയമനടപടികള്‍ക്കായി കാത്തിരിക്കുന്ന വിദേശികളെയും രാജ്യം വിടുന്നതുവരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാന്‍ ഇത്തരം സെന്റര്‍ സ്ഥാപിക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടത്.
കത്തിന്റെ അടിസ്ഥാനത്തില്‍ 2015 നവംബര്‍ നാലിന് രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെ ആഭ്യന്തര വകുപ്പ് യോഗം വിളിച്ചുചേര്‍ക്കുകയും അന്നത്തെ ഡിജിപിയും എഡിജി.പി ഇന്റലിജന്‍സും ജയില്‍ വകുപ്പ് ഐ.ജി.യും ഉള്‍പ്പെടെയുള്ളവര്‍ ആ യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തു. തുടര്‍ന്ന് സംസ്ഥാനത്ത് അടിയന്തിരമായി അത്തരം സെന്ററുകള്‍ സ്ഥാപിക്കാന്‍ യോഗത്തില്‍ തീരുമാനമെടുക്കുകയും അവ സാമൂഹ്യ നീതി വകുപ്പിന്റെ കീഴിലാവണമെന്നും ആവശ്യമായ കെട്ടിടം വകുപ്പ് കണ്ടെത്തണമെന്നും തീരുമാനിച്ചു.
പ്രവര്‍ത്തനത്തിനാവശ്യമായ സ്റ്റാഫിനെ പൊലീസ് വകുപ്പ് നിശ്ചയിക്കണമെന്നും പൊലീസ്-ജയില്‍ വകുപ്പുകള്‍ക്ക് പുറത്താവണം അത്തരം സെന്ററുകള്‍ സ്ഥാപിക്കേണ്ടത് എന്നും യോഗം തീരുമാനിച്ചു. ഡിറ്റന്‍ഷന്‍ സെന്റര്‍ സ്ഥാപിക്കുന്നതിനാവശ്യമായ ശുപാര്‍ശ സമര്‍പ്പിക്കാന്‍ 2016 ഫെബ്രുവരി 29ന് സാമൂഹ്യനീതി വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി. തുടര്‍ന്ന് ഇതേ ആവശ്യത്തിനായി സാമൂഹ്യനീതി ജില്ലാ ഓഫീസറും ജില്ലാ പോലീസ് സൂപ്രണ്ടും ചേര്‍ന്ന മാനേജിംഗ് കമ്മിറ്റിയെ ചുമതലപ്പെടുത്താമെന്നും നിശ്ചയിച്ചു. ഇത് സംബന്ധിച്ച് എത്രപേരെ പാര്‍പ്പിക്കേണ്ടിവരും എന്നതുള്‍പ്പെടെയുടെ വിവരങ്ങള്‍ സാമൂഹ്യനീതി വകുപ്പ് ഡയറക്ടറോട് സെക്രട്ടറിയേറ്റിലെ സാമൂഹ്യനീതി വകുപ്പ് ആവശ്യപ്പെട്ടു.
തുടര്‍ന്ന് ഈ വിശദാംശങ്ങള്‍ സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയോടും ചോദിച്ചു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ഒരു വിവരവും റെക്കോര്‍ഡ്സ് ബ്യൂറോ ഇതുവരെ നല്‍കിയിട്ടില്ലെന്നും നേരത്തെ അയച്ച കത്തുമായി ബന്ധപ്പെട്ട റിമൈന്‍ഡറുകള്‍ തുടര്‍ച്ചയായി കേന്ദ്രസര്‍ക്കാരില്‍ നിന്ന് വകുപ്പുകള്‍ക്ക് വരുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും. ഇതു സംബന്ധിച്ച യാതൊരു ഫയലും ഈ സര്‍ക്കാരിന്റെ കാലത്ത് മന്ത്രിമാരാരും കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു
Post Your Comments