ജയ്പുര്‍: രാജസ്ഥാനില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്നു പ്രഖ്യാപിച്ച കോണ്‍ഗ്രസ് സര്‍ക്കാരിനെ വെട്ടിലാക്കി നിയമസഭാ സ്പീക്കര്‍ രംഗത്ത്. പൗരത്വം പൂര്‍ണമായും കേന്ദ്രവിഷയമാണെന്നും കേന്ദ്രനിയമം നടപ്പാക്കാതിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്കു കഴിയില്ലെന്നും സ്പീക്കര്‍ സി.പി. ജോഷി പറഞ്ഞു. അതേസമയം പൗരത്വ നിയമത്തിനെതിരേ രാജസ്ഥാന് നിയമസഭ പ്രമേയം പാസാക്കിയപ്പോള്‍ സി.പി. ജോഷിയാണു സഭ നിയന്ത്രിച്ചിരുന്നത്.
പുതിയ പ്രസ്താവന വന്നതോടെ, അദ്ദേഹത്തിന്റെ തിരിച്ചറിവിനെ അഭിനന്ദിച്ച് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് സതീഷ് പുനിയ രംഗത്തുവന്നു. കുടിയേറ്റക്കാരെ മതത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ച് പൗരത്വം നല്കുന്ന വിവേചനം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14നും മതേതര മൂല്യങ്ങള്‍ക്കും എതിരാണ് എന്ന് രാജസ്ഥാൻ പാസാക്കിയ പ്രമേയം പറയുന്നു. അതേസമയം കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊണ്ടുവന്ന പ്രമേയത്തെ എതിര്‍ത്ത് ബിജെപി നേതാക്കള്‍ നടുത്തളത്തിലിറങ്ങി നിയമത്തിന് അനുകൂലമായി മുദ്രാവാക്യം വിളിച്ചതും വാർത്തയായിരുന്നു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും , കേന്ദ്രമന്ത്രിയുമായിരുന്ന സിപി ജോഷി പൗരത്വ നിയമം രാജ്യത്ത് അനിവാര്യമാണെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത് . മുന്‍പ് കപില്‍ സിബലും പൗരത്വ നിയമം നടപ്പാക്കാതിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കഴിയില്ലെന്ന് വ്യക്തമാക്കിയിരുന്നു .
പൗരത്വ നിയമത്തിനെതിരെ നേരത്തെ കേരളവും , പഞ്ചാബും പ്രമേയം കൊണ്ടു വന്നിരുന്നു . മാത്രമല്ല എല്ലാ സംസ്ഥാനങ്ങളും പ്രമേയം കൊണ്ടുവരണമെന്ന് പിണറായി വിജയന് , മമത ബാനര്‍ജി എന്നിവര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു .
Post Your Comments