KeralaLatest NewsNews

പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തിന് ശേഷം അധ്യാപകര്‍ സ്‌കൂളുകളില്‍ മാളം തപ്പി നടക്കുകയാണെന്ന പരിഹാസവുമായി കെപിഎ മജീദ്

കോഴിക്കോട്: പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തിന് ശേഷം അധ്യാപകര്‍ സ്‌കൂളുകളില്‍ മാളം തപ്പി നടക്കുകയാണെന്ന പരിഹാസവുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനത്തില്‍ മുന്‍കൂര്‍ അനുമതി വേണമെന്ന സര്‍ക്കാര്‍ നിലപാടിനെ എതിര്‍ത്ത് സംസാരിക്കവെ ആയിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.

‘ഏതോ ഒരു സ്‌കൂളിലെ കുട്ടിയെ പാമ്പ് കടിച്ചു എന്ന് കരുതി സംസ്ഥാനനത്തെ മുഴുവന്‍ സ്‌കൂളുകളിലും മാളം ഉണ്ടോ എന്ന് നോക്കി നടക്കുകയാണ് അദ്ധ്യാപകര്‍. വിദ്യാഭ്യാസ മേഖലയില്‍ കാതലായ മാറ്റം ഉണ്ടാവുന്നില്ല,’ കെ പി എ മജീദ് പറഞ്ഞു. മാനേജ്‌മെന്റുകളെ വിമര്‍ശിച്ച മുഖ്യമന്ത്രിക്ക് മറുപടിയുമായാണ് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ് രംഗത്തെത്തിയത്.

എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനത്തില്‍ മുഖ്യമന്ത്രിയും ധനമന്ത്രിയും പറഞ്ഞതാണ് സര്‍ക്കാര്‍ നിലപാടെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥും ആവര്‍ത്തിച്ചിരുന്നു.
എയ്ഡഡ് സ്‌കൂളുകളില്‍ അന്യായമായി സൃഷ്ടിച്ച അധ്യാപക തസ്തികകള്‍ റദ്ദാക്കുമെന്നായിരുന്നു ബജറ്റ് പ്രഖ്യാപനം.നിലവില്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപക തസ്തികകളിലേക്കുള്ള നിയമനം അതത് മാനേജ്മെന്റാണ് നടത്തുന്നത്. ഇനി സര്‍ക്കാര്‍ ഇടപെടല്‍ കൂടിയുണ്ടാകുമെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. പതിറ്റാണ്ടുകളായി മാനേജ്മെന്റുകള്‍ പിന്തുടരുന്ന നിയമന രീതിയാണ് അവസാനിക്കാന്‍ പോകുന്നത്. അനധികൃത നിയമനങ്ങള്‍ വരുത്തിവെക്കുന്ന വന്‍സാമ്പത്തിക ബാധ്യതയും പരാതികളുമാണ് നിയമനങ്ങള്‍ക്ക് തടയിടാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.

സുല്‍ത്താന്‍ ബത്തേരിയിലെ ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം ഞെട്ടലോടെയാണ് മലയാളികള്‍ കേട്ടത്. അധ്യാപകരുടെ അനാസ്ഥയും കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതുമാണ് പ്രധാന മരണകാരണമായി പറഞ്ഞത്. കേസില്‍ കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം നടത്താതിരുന്നതും വിമര്‍ശനങ്ങള്‍ക്കിടയാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button