ന്യൂഡല്‍ഹി : പ്രവാസികള്‍ ഇനി മുതല്‍ നകുതി അടയ്‌ക്കേണ്ടി വരുമെന്ന കേന്ദ്ര ബജറ്റിലെ പ്രഖ്യാപനം പ്രവാസികള്‍ക്ക് ആശങ്കയ്ക്ക് വഴി വെച്ചിരുന്നു. പ്രധാനമായും നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി നല്‍കേണ്ടിവരുമോ എന്നതിനെക്കുറിച്ചാണ് ആശങ്ക. ലോകത്തെവിടെയും നികുതി അടയ്ക്കാത്ത പ്രവാസികള്‍ക്ക് നികുതി ഏര്‍പ്പെടുത്തുമെന്ന് ബജറ്റ് 2020 അവതരിപ്പിക്കുന്ന വേളയില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞിരുന്നു. ഗള്‍ഫ് നാടുകളില്‍ ആദായ നികുതി ഇല്ലാത്തതുകൊണ്ട് അവിടെ പണിയെടുക്കുന്നവര്‍ ഇന്ത്യയില്‍ നികുതി അടയ്ക്കേണ്ടിവരുമെന്ന ധാരണ ഉടനെ പടര്‍ന്നതാണ് ഈ ആശങ്കയ്ക്ക് കാരണം. എന്നാല്‍ ഇപ്പോള്‍ ഇക്കാര്യത്തില്‍ വ്യക്തത കൈവന്നിരിയ്ക്കുന്നു.
അതേസമയം, പ്രവാസികളിലേറെയും നാട്ടിലേക്ക് പണമയക്കുന്നത് തല്‍ക്കാലത്തേക്ക് നിര്‍ത്തി വെച്ചിട്ടുണ്ട്. കാര്യങ്ങളിലൊരു വ്യക്തത വന്ന ശേഷം പണമയച്ചാല്‍ മതിയെന്ന് വിചാരിക്കുന്നവരുടെ എണ്ണം ഏറെയാണെന്ന് ബാങ്കുകളിലേക്ക് വരുന്ന ഇതു സംബന്ധിച്ച് അന്വേഷണങ്ങള്‍ പരിശോധിച്ചാലറിയാനാകും. ബജറ്റിന്റെ അടുത്തദിവസം സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ടറേറ്റ് ടാക്‌സസ് ഒരു വിശദീകരണ കുറിപ്പ് ഇറക്കിയിരുന്നു. അതനുസരിച്ച് 6 (1 എ) വകുപ്പ് പ്രകാരം ഒരാള്‍ വിദേശത്തു താമസക്കാരനാണെങ്കില്‍, ഇന്ത്യയിലെ ബിസിനസ്സില്‍ നിന്നോ തൊഴിലില്‍ നിന്നോ ലഭിക്കുന്നതല്ലാതെ വിദേശ വരുമാനത്തിന് ഒരു നികുതിയും ഈടാക്കില്ല. അത്തരം വ്യക്തികളുടെ കാര്യത്തില്‍, അവരുടെ ഇന്ത്യന്‍ വരുമാനത്തിന് മാത്രമേ നികുതി ഉണ്ടാകൂ. ഇന്ത്യക്ക് പുറത്ത് ലഭിക്കുന്ന വരുമാനത്തിന് നികുതി ചുമത്തുകയില്ല. പുതിയ വ്യവസ്ഥ ദുരുപയോഗ വിരുദ്ധ വ്യവസ്ഥയാണ്, മാത്രമല്ല വിദേശ രാജ്യങ്ങളിലെ പ്രത്യേകിച്ചും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും മറ്റുമുള്ള വിശ്വസ്തരായ തൊഴിലാളികളെ ഉദ്ദേശിച്ചുള്ളതല്ല.
പലരും വിദേശ വരുമാനത്തിന് നികുതി ഈടാക്കുന്നില്ല എന്ന വ്യവസ്ഥ കാലങ്ങളായി ദുരുപയോഗം ചെയ്യുകയായിരുന്നു. ഉദാഹരണത്തിന് നാട്ടിലെ വസ്തു ഒരു പ്രവാസി മറ്റൊരു പ്രവാസിക്ക് വില്‍ക്കുന്നു. മൂലധനലാഭ നികുതിയും സ്റ്റാമ്പ് ഡ്യൂട്ടിയും വളരെ കുറച്ചു മാത്രം വരത്തക്കരീതിയില്‍ ഉള്ള ഒരു തുക നാട്ടില്‍ വച്ചു കൈമാറിയിട്ട് വില്‍പന തുകയുടെ സിംഹഭാഗവും വിദേശത്തുവച്ചു കൈമാറുന്നു. വിദേശത്തു ലഭിച്ച പണം നാട്ടിലേക്ക് വിദേശ വരുമാനമെന്ന രീതിയില്‍ അയക്കുന്നു. ഇത് സംസ്ഥാന സര്‍ക്കാരിന് സ്റ്റാമ്പ് ഡ്യൂട്ടിയിനത്തില്‍ നഷ്ടവും കേന്ദ്ര സര്‍ക്കാരിന് ആദായനികുതി ഇനത്തില്‍ നഷ്ടവും ഉണ്ടാക്കുന്നു.
ഇതുമാത്രമല്ല, മറ്റുപല രീതികളിലും ഇന്ത്യക്കകത്തുനിന്നു സമ്പാദിക്കുന്ന വരുമാനത്തിനെ വിദേശത്ത് എത്തിച്ചിട്ട് അവിടെനിന്നുള്ള വരുമാനമാക്കി കാണിച്ചു നാട്ടില്‍ തിരികെ കൊണ്ടുവന്നു നികുതി ഒഴിവാക്കാറുണ്ട്. ഇതിനായി പല സമ്പന്നരും വരുമാനത്തിന്റെ സ്രോതസ്സ് ഇന്ത്യയിലാണെങ്കിലും ആദായനികുതി നിയമത്തില്‍ പ്രവാസിയായി കണക്കാക്കാന്‍ വേണ്ടി വര്‍ഷത്തില്‍ പലപ്പോഴായി ആറുമാസത്തോളം വിദേശത്തു തങ്ങും. കഴിഞ്ഞ അഞ്ചാറുവര്‍ഷം നിരവധി പ്രവാസികളുടെ ടാക്സ് അസ്സെസ്സ്‌മെന്റ് പുനഃപരിശോധിച്ചതില്‍ നിന്നാണ് ഇത്തരം നികുതി വെട്ടിപ്പ് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടത്.
Post Your Comments