പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് അഭിപ്രായം പറഞ്ഞതിന് ഇത്രയും ഭൂകമ്പം പ്രതീക്ഷിച്ചില്ല… ഇനി സൂക്ഷിയ്ക്കണം തന്റെ കുറിപ്പ് പങ്കുവെച്ച് സ്വതസിദ്ധമായ ശൈലിയില്‍ സംവിധായകനും നടനുമായ ബാലചന്ദ്ര മേനോന് . നിയമത്തെ കുറിച്ച് അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കു മറുപടിയുമായാണ് നടന് ബാലചന്ദ്ര മേനോന് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ രംഗത്തുവന്നിരിക്കുന്നത്. . ഭരണഘടനയെക്കുറിച്ച് പരാമര്‍ശിച്ചതിന്റെ പേരില്‍ നിലവാരമില്ലാത്ത പ്രയോഗങ്ങള്‍ കേള്‍ക്കേണ്ടിവന്നത് വേദനിപ്പിച്ചെന്ന് ബാലചന്ദ്ര മേനോന് ഫെയ്സ്ബുക്കില്‍ കുറിച്ചു.
ബാലചന്ദ്ര മേനോന്റെ കുറിപ്പ്:
പൗരത്വ ഭേദഗതി ബില്ലിനെക്കുറിച്ചുള്ള എന്റെ കഴിഞ്ഞ FB post നെ പറ്റി , അതിന്റെ ലൈക്കുകളുടെയും ഷെയറുകളുടെയും കമന്റുകളുടെയും എണ്ണം എടുത്തു പറഞ്ഞുകൊണ്ട് എന്നെ ഒരുപാട് സുഹൃത്തുക്കള്‍ വിളിച്ചു അഭിനന്ദിച്ചു . അതിനു കാരണക്കാരായ ഫെസ്ബുക് മിത്രങ്ങള്‍ക്കു ഞാന്‍ ആദ്യമേ നന്ദി പറയട്ടെ .
ഇത്രയും ഭൂകമ്പം ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്നത് സത്യം .കമന്റുകള്‍ എഴുതിയവരില്‍ ഭൂരിഭാഗവും എന്നോടല്ല സംസാരിച്ചത് , മറിച്ചു അവര്‍ പരസ്പരമായിരുന്നു . അതുകൊണ്ടു തന്നെ പല കമന്റുകളുമായും എനിക്ക് വേണ്ടരീതിയില്‍ പ്രതികരിക്കാന്‍ കഴിഞ്ഞില്ല. പലരും എന്നെ ഞാന്‍ അര്‍ഹിക്കുന്നതിനേക്കാള്‍ പ്രാധാന്യമുള്ള ഒരു രാഷ്ട്രീയ മീമാംസകനായി കണ്ടോ എന്നൊരു സംശയം .
ഉള്ളില്‍ തോന്നുന്നത് തുറന്നു പറയുക എന്നല്ലാതെ ആരുടെയെങ്കിലും ജിഹ്വ ആകാനോ മാറ്റൊലിയാകാനോ ഞാന്‍ ഇന്നുവരെ ശ്രമിച്ചിട്ടില്ല .അതെന്റെ ശൈലിയുമല്ല.ഞാന്‍ എനിക്ക് തോന്നിയ ന്യായമായ ഒരു സംശയം ഫെസ്ബുക് മിത്രങ്ങളുമായി ഒന്ന് ഷെയര്‍ ചെയ്യണമെന്നേ ഉദ്ദേശിച്ചുള്ളൂ.അങ്ങിനെ ഷെയര്‍ ചെയ്യുമ്പോള്‍ ഒരു മാന്യത ഉണ്ടാവണമെങ്കില്‍ പങ്കെടുക്കുന്ന ആളിന്റെ ഉള്ളില്‍ താളം കെട്ടിക്കിടക്കുന്ന മുഷിഞ്ഞ വികാരങ്ങളെ പറച്ചിലിനോടൊപ്പം കൂട്ടിക്കുഴക്കരുത്.
(അങ്ങാടിയില്‍ തോറ്റാല്‍ അമ്മയോട് എന്നപോലെ) തന്നെയുമല്ല ഫേസ്ബുക്കിന്റെ മറവിലാണെങ്കിലും നമ്മള് എഴുതിപ്പിടിപ്പിക്കുന്നതു കുടുംബാംഗങ്ങള്‍ വായിച്ചാലോ എന്ന ഒരു പരിഗണന കൊടുക്കേണ്ടതുണ്ട് എന്ന് തോന്നുന്നു .അങ്ങിനെ ചെയ്താല്‍ എന്നെ ‘ഉണ്ണാക്കന്’എന്നൊക്കെ വിളിക്കാന്‍ തോന്നുകയില്ല . ഞാന്‍ അതല്ല എന്ന് വിശ്വസിക്കാനുള്ള ചങ്കുറപ്പ് എനിക്കുള്ളതുകൊണ്ടു വിളിച്ച ഉണ്ണാക്കന് ‘നിരാശപ്പെടാനേ നിവൃത്തിയുള്ളൂ എന്ന് മനസ്സിലാക്കിയാല്‍ നന്ന് .
എനിക്ക് അല്‍പ്പം വിഷമം തോന്നിയ ഒരു കാര്യം .ഞാന്‍ ഈ ഫേസ്ബുക് പേജ് തുടങ്ങിയതില്‍ പിന്നെ ഇന്നിത് വരെ ഉള്ള കാര്യം തുറന്നു പറയുകയല്ലാതെ അസഭ്യമായ ഒരു പ്രയോഗം പോലും എനിക്ക് വായിക്കേണ്ടി വന്നിട്ടില്ല .എന്നാല്‍ പരിപാവനമായ ഭരണഘടനയെപ്പറ്റിയുള്ള പരാമര്‍ശം വന്നപ്പോള്‍ പൊട്ടിപ്പുറപ്പെട്ട നിലാവാരമില്ലാത്ത പ്രയോഗങ്ങള്‍ എന്നെ അത്യന്തം വേദനിപ്പിച്ചു എന്ന് പറയാതെ വയ്യ .’ഭരണഘടനാ വായിച്ചു നോക്കൂ ‘ എന്ന് ഉദ്ഘോഷിച്ച പലരും ജനാധിപത്യത്തിന്റ അടിസ്ഥാന മൂലകമായ ‘പ്രതിപക്ഷ ബഹുമാനമില്ലാതെ’ അസഭ്യവര്‍ഷം ചൊരിയുന്നതു കണ്ടപ്പോള്‍ കഷ്ട്ടം തോന്നി . പണ്ട്, പ്രൈമറി സ്കൂളിലെ മൂത്രപ്പുരയില്‍ ആരൊക്കയോ കരികൊണ്ടു കോറിയിട്ട ചില പ്രയോഗങ്ങള്‍ അറിയാതെ ഓര്‍മ്മ വന്നു .അത് വായിക്കേണ്ടി വന്നതില്‍ ഞാന്‍ ദുഖിക്കുന്നു ….ലജ്ജിക്കുന്നു .
ഇനി ഒരു തമാശ .
വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ ‘അണിയാത്ത വളകള്‍ ‘എന്നൊരു സിനിമ സംവിധാനം ചെയ്തു.അതില്‍ ഓപ്പറേഷന് തീയേറ്ററില്‍ നായകന്(സുകുമാരന്‍ ) കിടക്കുന്ന ഒരു ഷോട്ട് വേണം . എന്റെ നോട്ടത്തില്‍ ഒരു മണിക്കൂറിനുള്ളില്‍ തീരേണ്ട കാര്യം .സ്ഥലത്തെ ഒരു പ്രധാന ഹോസ്പിറ്റലിലെ ഓപ്പറേഷന് തീയേറ്റര്‍ ആരോ സംഘടിച്ചു തന്നു. നടന് സുകുമാരന്‍ തലയില്‍ കെട്ടുമായി അവിടെ ടേബിളില്‍ ഒന്ന് കിടന്നു എഴുന്നേക്കണം അത്രയേ ഉള്ളു .കഷ്ടകാലത്തിനു ഞങ്ങളുടെ സഹായത്തിനായി അവിടെ ഉണ്ടായിരുന്ന ഒരു ഡോക്ടര്‍ പ്രശ്നമായി .അദ്ദേഹത്തിന് രോഗസംബന്ധിയായ എല്ലാ വിവരങ്ങളും അറിഞ്ഞേ പറ്റൂ .ഞങ്ങള്‍ എന്തൊക്കെ പറഞ്ഞിട്ടും പുള്ളി മര്ക്കടമുഷ്ടിയായി നില്‍ക്കുകയാണ് .സുകുമാരന്റെ തലയില്‍ കെട്ടിയ കെട്ടു ശരിയായില്ല ഓപ്പറേഷന് തീയേറ്ററില്‍ ധരിച്ചിരിക്കുന്ന വേഷം ശരിയായില്ല …ഓപ്പറേഷന്റെ ഫുള്‍ ഡീറ്റെയില്‍സ് വേണം എന്നൊക്കെ പറഞ്ഞു ഷൂട്ടിങ് തീര്‍ന്നപ്പോള്‍ നേരം വെളുക്കാറായി . ഏതാണ്ട് അത് പോലെ , ഞാന്‍ ലളിതമായി പറഞ്ഞ അല്ലെങ്കില്‍ പറയാന്‍ ശ്രമിച്ച ഒരു കാര്യം എന്റെ നിയന്ത്രണം വിട്ടു പോയി ..അത് പിന്നെ നാട്ടുകാരുടെ കളിപ്പന്തായി . എനിക്ക് കാഴ്ചക്കാരനായി നില്‍ക്കേണ്ടി വന്നു . കുറ്റം പറയരുതല്ലോ , കുറച്ചു പുതിയ പദപ്രയോഗങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു . അത്ര തന്നെ .ചുരുക്കിപ്പറഞ്ഞാല്‍ ,അറിയാതെയാണെങ്കിലും ഞാന്‍ കടന്നല്‍കൂട്ടിലാണോ കല്ലെറിഞ്ഞത് ?ആണെന്ന് തോന്നുന്നു ….ഇനി സൂക്ഷിക്കാം
Post Your Comments