
കോട്ടയം : സാമ്പത്തിക പ്രതിസന്ധിക്കിടെ കെഎം മാണിക്ക് സ്മാരകം പണിയാൻ ബജറ്റിൽ അഞ്ചു കോടി രൂപ വകയിരുത്തിയ തോമസ് ഐസകിന്‍റെ നടപടി രൂക്ഷ വിമർശനമാണ് നേരിടുന്നത്. എന്നാൽ അതൊന്നും കാര്യമായി എടുക്കാത്ത ഇടത് നേതൃത്വത്തിന്‍റെ നിലപാടിന്‍റെ കാരണമാണ് ഇപ്പോൾ പുറത്ത് വരുന്നത്. അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നേ ജോസ് കെ മാണിയെ ഇടതു പാളയത്തിലെത്തിക്കുക എന്നതാണ് സിപിഎം ലക്ഷ്യം. ഇത് മുന്നിൽ കണ്ടു കൊണ്ടാണ് ജോസ് കെ മാണിയുടെ ആവശ്യം പോലെ കെ എം മാണിക്ക് സ്മാരകം പണിയാനുള്ള വിവാദ തീരുമാനം രണ്ടും കൽപ്പിച്ച് ബജറ്റിൽ ഉൾപ്പെടുത്തിയത്.
നിലവിലെ കേരള കോൺഗ്രസിലെ തർക്കം കൂടി മുതലെടുത്ത് ജോസ് പക്ഷത്തെ ഇടത് പാളയത്തിൽ എത്തിച്ച് മധ്യ കേരളത്തിൽ നേട്ടമുണ്ടാക്കാനാണ് സിപിഎം ലക്ഷ്യമിടുന്നത്. എന്നാൽ ജോസഫ് വിഭാഗം ജോസ് പക്ഷം ഇടതു മുന്നണിയിൽ പോകുന്നതിനെ സന്തോഷത്തോടെയാണ് നോക്കിക്കാണുന്നത്. അങ്ങനെ സംഭവിച്ചാൽ ജോസഫ് പക്ഷത്തിന് യുഡിഎഫിൽ ഉറച്ച് നിൽക്കാൻ കഴിയും. യുഡിഎഫ് ആഗ്രഹിക്കുന്നതും അതു തന്നെയാണ്. അവർക്കും ജോസ് കെ മാണിയേക്കാൾ പ്രിയം പിജെ യോട് തന്നെ.
ജോസ് പക്ഷവുമായി ഇടത് നേതൃത്വം പ്രഥമിക ചർച്ചകളും തുടങ്ങിയിട്ടുണ്ട്. എന്നാൽ ജോസ് കെ മാണി എൽഡിഎഫിൽ എത്തുമ്പോൾ നിലവിൽ മുന്നണിയിലുള്ള കേരള കോൺഗ്രസുകൾ എങ്ങനെ പ്രതികരിക്കുമെന്നതും കൗതുകകരമാണ്. അവർ എതിർപ്പ് പ്രകടിപ്പിക്കുമെന്നും യുഡിഎഫിലേയ്ക്ക് തിരിച്ചെത്തുമെന്നാണ് കോൺഗ്രസിന്‍റെ കണക്കു കൂട്ടൽ. ഏതായാലും പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ നിർണായക തീരുമാനമുണ്ടാകുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ നൽകുന്ന സൂചന.
Post Your Comments