തൃശൂര്‍ : രാത്രിയില്‍ വീടുകളും വാഹനങ്ങളും വ്യാപകമായി തകര്‍ത്ത അജ്ഞാതന്‍ എത്തിയത് വെളുത്ത സ്‌കൂട്ടറില്‍. മതിലകം, കൊടുങ്ങല്ലൂര്‍ മേഖലകളിലാണ് വ്യാപകമായി വീടുകളും വാഹനങ്ങളും ആക്രമിക്കപ്പെട്ടത്. എന്നാല്‍ ആക്രമണത്തിനു പിന്നില്‍ ആരെന്നത് പൊലീസിന് തലവേദന സൃഷ്ടിയ്ക്കുന്നു. അജ്ഞാതനെ കാണാമറയത്തു നിര്‍ത്തുന്നത് സ്‌കൂട്ടറിന്റെ നമ്പര്‍ പ്ലേറ്റില്‍ പ്രതിഫലിച്ച വെളിച്ചമാണ്. സിസിടിവി ദൃശ്യങ്ങളില്‍ വെളുത്ത സ്‌കൂട്ടറില്‍ അക്രമി എത്തുന്നതും ആക്രമണത്തിനു ശേഷം മടങ്ങുന്നതും വ്യക്തമാണെങ്കിലും നമ്പര്‍ പ്ലേറ്റില്‍ പ്രതിഫലിച്ച വെളിച്ചംമൂലം നമ്പര്‍ വ്യക്തമല്ല. നമ്പര്‍ കണ്ടെത്താന്‍ ദൃശ്യങ്ങള്‍ ഹൈദരാബാദിലെ സെന്‍ട്രല്‍ ഫൊറന്‍സിക് സയന്‍സ് ലാബിലേക്ക് (സിഎഫ്എസ്എല്‍) അയച്ചിട്ടുണ്ടെന്നു ഡിഐജി എസ്. സുരേന്ദ്രന്‍ അറിയിച്ചു.
രണ്ടു ദിവസത്തിനുള്ളില്‍ ഫലം ലഭിക്കും. ജില്ലയിലെ വിവിധ വിഡിയോ എഡിറ്റിങ് സ്റ്റുഡിയോകളുടെ സഹായത്തോടെ നമ്പര്‍ കണ്ടുപിടിക്കാനും ശ്രമം നടക്കുന്നുണ്ട്. മതിലകം, കൊടുങ്ങല്ലൂര്‍ സ്റ്റേഷന്‍ പരിധിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെയുണ്ടായ ആക്രമണത്തിന്റെ അന്വേഷണം രണ്ടു വഴിക്കാണ് പുരോഗമിക്കുന്നത്. റജിസ്‌ട്രേഷന്‍ നമ്പറിലൂടെയോ പുറംകാഴ്ചയിലെ പ്രത്യേകതകളിലൂടെയോ വാഹനമേതെന്നു കണ്ടെത്തലാണ് ആദ്യത്തെ വഴി.
അക്രമിയുടെ ദൃശ്യം പരിശോധിച്ച് ആളെ തിരിച്ചറിയലാണ് രണ്ടാമത്തെ വഴി. തണ്ടാംകുളം, എടവിലങ്ങ് വല്‍സാലയം, പറപ്പുള്ളി ബസാര്‍, ആല കളരിപ്പറമ്പ്, ആല ത്രിവേണി എന്നിവിടങ്ങളില്‍ ആക്രമണമുണ്ടായെങ്കിലും ഒരിടത്തു നിന്നു മാത്രമേ സിസിടിവി ദൃശ്യം ലഭിച്ചിട്ടുള്ളൂ. വെളുത്ത സ്‌കൂട്ടറിലെത്തി മടങ്ങുന്ന അക്രമിയുടെ ദൃശ്യം വ്യക്തമാണ്.
സ്‌കൂട്ടറില്‍ സഞ്ചരിച്ച ആളുമായി രൂപസാദൃശ്യമുള്ള 14 പേരെ അന്വേഷണ സംഘം ചോദ്യം ചെയ്തു. സൂചനയൊന്നും ലഭിച്ചിട്ടില്ല. ക്ഷേത്ര മൈതാനത്തും പരിസരത്തും കിടന്നുറങ്ങിയവരും രാത്രിയില്‍ മദ്യപിക്കാന്‍ ഇറങ്ങിയവരും പൊലീസിന്റെ നിരീക്ഷണത്തിലായി. ഡിവൈഎസ്പി ഫേമസ് വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. വെളുത്ത സ്‌കൂട്ടര്‍ ഉപയോഗിക്കുന്നവരെ ചുറ്റിപ്പറ്റിയും അന്വേഷണം പുരോഗമിക്കുന്നു.
ഇതിനിടെ അക്രമിയെ കണ്ടെത്താന്‍ പൊലീസ് ഇതിനകം പരിശോധിച്ചത് രണ്ടായിരത്തിലേറെ ഫോണ്‍ നമ്പറുകളാണ്. മേഖലയില്‍ അക്രമദിവസം നടന്ന ഫോണ്‍വിളികളെ ചുറ്റിപ്പറ്റിയാണ് പരിശോധന.
Post Your Comments