ക്ലിന്റണ് (മിസിസിപ്പി): നഗരത്തിന്റെ പ്രാന്ത പ്രദേശത്ത് വീടിന് തീപിടിച്ച് ആറ് കുട്ടികളും അവരുടെ അമ്മയും വെന്തു മരിച്ചു. പരിക്കുകളോടെ പിതാവ് മാത്രം രക്ഷപ്പെട്ടു.
ശനിയാഴ്ച പുലര്‍ച്ചെ വീടിന് തീപിച്ചതു കണ്ട അയല്‍ക്കാരാണ് എമര്‍ജന്‍സി നമ്പര്‍ 911 ലേക്ക് വിളിച്ചത്. അഗ്നിശമന സേനാംഗങ്ങള്‍ എത്തുമ്പോഴേക്കും വീട് പൂര്‍ണ്ണമായും കത്തിയമര്‍ന്നിരുന്നു.
33 വയസ്സുകാരി മാതാവും ഒരു വയസ്സു മുതല്‍ 15 വയസ്സുവരെ പ്രായമുള്ള മക്കളടക്കം ഏഴ് പേരുടെ ജീവനാണ് അഗ്നിയില്‍ പൊലിഞ്ഞതെന്ന് അഗ്നിശമന സേനയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഒടിവും ചതവും പൊള്ളലുമേറ്റ പിതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ക്ലിന്‍റണ്‍ നഗരത്തിന്‍റെ വക്താവ് മാര്‍ക്ക് ജോണ്‍സ് പറഞ്ഞു. കുടുംബത്തെ വളരെയധികം സ്നേഹിച്ചിരുന്ന വ്യക്തിയാണ് പരിക്കേറ്റ പിതാവ് എന്നും അദ്ദേഹം പറഞ്ഞു.
അയല്‍ക്കാര്‍ക്കും ഈ കുടുംബത്തെക്കുറിച്ച് നല്ല അഭിപ്രായമായിരുന്നു. അയല്‍പക്കം മുഴുവനും ഈ അത്യാഹിതം സംഭവിച്ചതില്‍ അസ്വസ്ഥരാണെന്ന് കുടുംബത്തെ അടുത്തറിയാവുന്ന മറ്റൊരാള്‍ പറഞ്ഞു.
നിരവധി അഗ്നിശമന സേനാംഗങ്ങള്‍ ഏകദേശം ഒരു മണിക്കൂറോളം പ്രയത്നിച്ചാണ് തീയണച്ചത്. തീ പിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല.
മൊയ്തീന്‍ പുത്തന്‍ചിറ
Post Your Comments