
ന്യൂഡെല്‍ഹി: ഡൽഹി തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് സംസ്ഥാനത്തിന്റെ ചുമതല വഹിക്കുന്ന കോണ്‍ഗ്രസ് നേതാവ് പി സി ചാക്കോ. ഡല്‍ഹിയില്‍ കോൺഗ്രസിന് കനത്ത വീഴ്ചയുണ്ടാകുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയാണ് പ്രതികരണവുമായി ചാക്കോ മുന്നോട്ടുവന്നത്.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സംഘടനാ സംവിധാനം ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ നിര്‍ജീവമായിരുന്നുവെന്നും സംഘടനാ സംവിധാനം സജ്ജമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് സമിതി ചെയര്‍മാന്‍ കീര്‍ത്തി ആസാദ് പരാജയമായിരുന്നെന്നും ചാക്കോ വിമര്‍ശിച്ചു. അതേസമയം ഡല്‍ഹിയുടെ ചുമതല ഒഴിയാനുള്ള സന്നദ്ധത ഹൈക്കമാന്‍ഡിനെ അറിയിക്കുമെന്നും കേരളത്തിലേക്ക് മടങ്ങാനാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഡല്‍ഹി നിയമസഭാ ആം ആദ്മി പാര്‍ട്ടി അധികാരം നിലനിര്‍ത്തുമെന്ന് പുറത്ത് വന്ന എല്ലാ എക്സിറ്റ് പോള്‍ ഫലങ്ങളും വ്യക്തമാക്കുന്നു. ആം ആദ്മി പാര്‍ട്ടിക്ക് 44 സീറ്റുകള്‍ വരെ ലഭിക്കുമെന്ന് ടൈംസ് നൗവും ഇന്ത്യാ ടി.വിയും പ്രവചിക്കുന്നു. ബി.ജെ.പിയ്ക്ക് 26 സീറ്റുകള്‍ ലഭിക്കും. കോണ്‍ഗ്രസിന് സീറ്റൊന്നും ലഭിക്കില്ലെന്നും സര്‍വേ പറയുന്നു.
പൗരത്വ നിയമത്തിനെതിരായ ഷഹീൻ ബാഗ് പ്രതിഷേധം “ദേശവിരുദ്ധമാണ്” എന്നും രാജ്യദ്രോഹികളുടെ പിന്തുണയോടെയാണ് എന്നൊക്കെയുള്ള തീവ്രമായ പ്രചാരണത്തോടെയുള്ള അവസാന നിമിഷത്തെ കുതിപ്പില്‍ നിന്ന് ബിജെപി നേട്ടമുണ്ടാക്കിയിരിക്കാമെന്നാണ് സർവേ പറയുന്നത്.
Post Your Comments