തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ തലസ്ഥാനമായ തിരുവനന്തപുരത്തെ പരിഗണിക്കാതെ മാറ്റി നിർത്തിയെന്ന് ആരോപിച്ച് സെക്രട്ടറിയേറ്റിലേക്ക് ബിജെപി മാർച്ച് നടത്തി. അവഗണനയ്‌ക്കെതിരെ പ്രതിഷേധം ശക്തമാക്കുകയാണ് കോണ്‍ഗ്രസും ബിജെപിയും. പ്രതിപക്ഷം ഇക്കാര്യം സജീവ ചര്‍ച്ചയാക്കിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലും പ്രതിഷേധം ശക്തമാണ്.
മാര്‍ച്ചില്‍ മുഖ്യമന്ത്രി പിണറായി വിജയന്റേയും മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, തോമസ് ഐസക്ക് എന്നിവരുടേയും കോലം കത്തിച്ചു. തുടര്‍ന്ന് നടന്ന ധര്‍ണ്ണ ബിജെപി ജില്ല അദ്ധ്യക്ഷന്‍ വി.വി.രാജേഷ് ഉദ്ഘാടനം ചെയ്തു. ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ തിരുവനന്തപുരം ജില്ലയോട് തികഞ്ഞ അവഗണന മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.
ഗതാഗത കുരുക്ക് കുറക്കാന്‍ ലൈറ്റ് മെട്രോ, ജഗതിയിലും വഴുതക്കാടും മേല്‍പ്പാലം എന്നീ പദ്ധതികള്‍ക്ക് തുക വകയിരുത്തിയിട്ടില്ല. വലിയതുറ, പൂന്തുറ മത്സ്യ ബന്ധന തുറമുഖ പദ്ധതികളെയും ബജറ്റില്‍ അവഗണിച്ചു. തീരദേശ വികസനത്തിന് അടിസ്ഥാന വികസന പദ്ധതികള്‍ പ്രതീക്ഷച്ചെങ്കിലും നിരാശയായിരുന്നു തലസ്ഥാനത്തിന് ഫലം.
മറ്റ് നഗരങ്ങള്‍ക്ക് പ്രഖ്യാപിച്ചത് പോലെ നഗര വികസന പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. കാട്ടാക്കട ജംഗ്ഷന്‍ വികസനത്തിന് 20 കോടിയും കഴക്കൂട്ടം മിനി സിവില്‍ സ്‌റ്റേഷന് പത്ത് കോടിയും ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് 69 കോടി, അരുവിക്കര കുപ്പിവെള്ള പദ്ധതി പൂര്‍ത്തീകരണത്തിന് രണ്ട് കോടി, കാര്യവട്ടത്ത് ഇന്റര്‍നാഷണല്‍ ആര്‍ക്കേവ്‌സ് സ്റ്റഡി ആന്‍ഡ് റിസേര്‍ച്ച് സെന്റര്‍ പദ്ധതിക്ക് ആറ് കോടി എന്നിങ്ങനെ വകയിരുത്തിയിട്ടുണ്ട്.
വിവാദം ചൂടേറിയതോടെ സിപിഐഎം ജില്ലാ കമ്മറ്റി തന്നെ വിശദീകരണവുമായി രംഗത്തെത്തി. ജില്ലയ്ക്കായി സമഗ്ര പാക്കേജ് എന്ന പേരില്‍ പ്രഖ്യാപനങ്ങളില്ലെങ്കിലും മറ്റ് പദ്ധതികള്‍ ഉയര്‍ത്തിക്കാണിക്കുകയാണ് പാര്‍ട്ടി ജില്ലാ നേതൃത്വം.
Post Your Comments