ബെംഗളൂരു: സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ ഭര്‍ത്താവ് സൈബര്‍ തട്ടിപ്പിനിരയായി ലക്ഷങ്ങൾ നഷ്ടപ്പെടുത്തിയെന്ന് ആരോപിച്ച് ഭാര്യ വിവാഹമോചനത്തിന്. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയിലെ സീനിയര്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ് യുവതിയുടെ ഭര്‍ത്താവ്. കഴിഞ്ഞവര്‍ഷം യുവതി ഗര്‍ഭിണിയായതോടെ ഇയാള്‍ വിദേശരാജ്യങ്ങളില്‍ ജോലിക്ക് ശ്രമിച്ചിരുന്നു. ജൂണില്‍ ഇന്റര്‍നെറ്റ് വഴി ദുബായിലെ ഒരു കമ്പനിയില്‍ അവസരം ലഭിച്ചു. ഓണ്‍ലൈന്‍ വഴി അഭിമുഖങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം കമ്പനി അധികൃതര്‍ 25 ലക്ഷം രൂപ ഇയാളോട് ആവശ്യപ്പെട്ടു. ജോലി ഉറപ്പിക്കാനും മറ്റാരെയും നിയമിക്കാതിരിക്കാനുമാണ് പണം ചോദിക്കുന്നതെന്നായിരുന്നു ഇതിന് വിശദീകരണം നൽകിയത്.
ഭാര്യയും അമ്മയും അറിയാതെ അപ്പാര്‍ട്ട്‌മെന്റ് വിറ്റ് യുവാവ് ഘട്ടംഘട്ടമായി പണം നല്‍കി. മാസങ്ങൾ കഴിഞ്ഞിട്ടും മറ്റുവിവരങ്ങള്‍ ലഭ്യമാകാതിരുന്നതോടെ തട്ടിപ്പിനിരയായെന്ന് തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് സെപ്റ്റംബറില്‍ ബെംഗളൂരു പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇതിനിടെ ചില ഹാക്കര്‍മാരെ ഉപയോഗിച്ച് യുവാവ് തട്ടിപ്പുകാരെ കണ്ടെത്താനായി ശ്രമം തുടങ്ങി. ഇതിനായി ഹാക്കര്‍മാരായ
മോണിക്ക എന്ന ഒരു സ്ത്രീയെയും ഒരു പുരുഷനെയും ഇന്റര്‍നെറ്റ് വഴി പരിചയപ്പെട്ടു. മോണിക്ക എന്ന പേരുള്ള ഹാക്കറുമായി കൂടുതല്‍ അടുപ്പത്തിലാവുകയും ചെയ്തു. ഇതിനായി 12 ലക്ഷം രൂപയാണ് മോണിക്ക എന്ന ഹാക്കര്‍ക്ക് കൈമാറിയത്. മോണിക്കയുമായി അടുത്തിടപഴകിയത് നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാന്‍ വേണ്ടി മാത്രമായിരുന്നുവെന്ന് ഇയാള്‍ പറഞ്ഞെങ്കിലും ഭാര്യ വിശ്വസിച്ചില്ല.വീണ്ടും പണം നഷ്ടപ്പെടുത്തിയത് ഭാര്യയ്ക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. ഇതോടെയാണ് വിവാഹമോചനത്തിന് ഒരുങ്ങിയത്.
Post Your Comments