ന്യൂഡൽഹി: നിയമസഭയിലേക്ക് ജനവിധി തേടുന്ന ഡൽഹി ജനതയോട് പോളിംഗ് റെക്കോർഡിൽ എത്തിക്കണമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. പ്രത്യേകിച്ച് യുവ ജനങ്ങളെ ഊന്നിയാണ് മോദിയുടെ ട്വീറ്റ്.
दिल्ली विधानसभा चुनाव के लिए आज मतदान का दिन है। सभी मतदाताओं से मेरी अपील है कि वे अधिक से अधिक संख्या में लोकतंत्र के इस महोत्सव में भाग लें और वोटिंग का नया रिकॉर्ड बनाएं।
Urging the people of Delhi, especially my young friends, to vote in record numbers.
— Narendra Modi (@narendramodi) February 8, 2020
എഴുപത് മണ്ഡലങ്ങളിലായി 672 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. എട്ട് മണി മുതൽ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. പോളിങ്ങ് കേന്ദ്രങ്ങളെല്ലാം കനത്ത സുരക്ഷവലയത്തിലാണ്. തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയതിന് നോട്ടീസ് ലഭിച്ച മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ വൈകിട്ട് അഞ്ച് മണിക്കുള്ളിൽ തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നൽകണം.
ഒരു കോടി നാൽപത്തിയാറ് ലക്ഷം വോട്ടർമാർ ഇന്ന് വിധിയെഴുതും. അധികാരത്തുടർച്ച നേടുമെന്ന ആത്മവിശ്വാസത്തിൽ ആണ് ആം ആദ്മി പാർട്ടി. ഭരണം പിടിച്ചെടുക്കാൻ അരയും തലയും മുറുക്കി ബിജെപിയും, നില മെച്ചപ്പെടുത്താൻ കോൺഗ്രസും ശക്തമായി പരിശ്രമിക്കുന്ന കാഴ്ചയാണ് തലസ്ഥാന നഗരം കണ്ടത്. മിക്ക മണ്ഡലങ്ങളിലും ശക്തമായ ത്രികോണ മൽസരം.
190 കമ്പനി കേന്ദ്രസേന, നാൽപതിനായിരം പൊലീസ് സേനാംഗങ്ങൾ, പത്തൊൻപത് ഹോം ഗാർഡുകൾ എന്നിവർ പോളിങ്ങ് കേന്ദ്രങ്ങളിൽ സുരക്ഷയൊരുക്കും. 13,750 പോളിങ് ബൂത്തുകളിൽ 545ഉം പ്രശ്നബാധിതബൂത്തുകളാണ്. ഷഹീൻബാഗ്, ജാമിയ മേഖലകളിൽ പ്രത്യേക നിരീക്ഷണമേർപ്പെടുത്തിയിട്ടുണ്ട്.
വിവിധ സർവേ ഫലങ്ങൾ എഎപി അധികാരത്തിൽ തിരിച്ചെത്തുമെന്ന വ്യക്തമായ സൂചനയാണു നൽകുന്നത്. എന്നാൽ, മികച്ച ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിലെത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 70ൽ 67 സീറ്റുമായാണ് എഎപി വിജയം ആഘോഷിച്ചത്. ബിജെപി 3 സീറ്റിൽ ജയിച്ചപ്പോൾ കോൺഗ്രസിന് സീറ്റൊന്നും ലഭിച്ചില്ല. ഇക്കുറി നില മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.
Post Your Comments