കാസര്‍കോട്: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം പി എം കിസാന്‍ പദ്ധതിയില്‍ അംഗങ്ങളായി ചേര്‍ന്നിട്ടുള്ള മുഴുവന്‍ കര്‍ഷകരെയും കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിനായി ഫെബ്രുവരി എട്ടു മുതല്‍ 24 വരെ തീവ്രയജ്ഞ പരിപാടിയായി നടത്തുമെന്ന് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഈ പദ്ധതിയില്‍ ഗുണഭോക്താക്കളായ മുഴുവന്‍ കര്‍ഷകരും പി എം കിസാന്‍ അക്കൗണ്ടുള്ള ബാങ്കുമായി ബന്ധപ്പെടണം. ഇതിനോടകം കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ പ്രയോജനം ലഭിച്ച കര്‍ഷകര്‍ക്ക് വായ്പാ പരിധി ഉയര്‍ത്തുന്നതിനും പരിപാടി പ്രയോജനപ്പെടുത്താം.
പുതുതായി കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് എടുക്കുന്നവര്‍ സ്ഥലത്തിന്റെ ഉടമസ്ഥത തെളിയിക്കുന്ന രേഖകളും വിള സംബന്ധമായ വിവരങ്ങളും ബാങ്കില്‍ സമര്‍പ്പിക്കണം. നിലവില്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ലഭിച്ചിട്ടുള്ള കര്‍ഷകര്‍ക്ക് മൃഗസംരക്ഷണം, മത്സ്യകൃഷി തുടങ്ങിയ കൃഷി അനുബന്ധ മേഖലകളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ വായ്പാ പരിധി ഉയര്‍ത്തുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും. ഇതുകൂടാതെ നിര്‍ജ്ജീവമായ കെ സി സി അക്കൗണ്ടുള്ള കര്‍ഷകര്‍ക്ക് ടി അക്കൗണ്ടുകള്‍ പുനരുജ്ജീവിപ്പിക്കുന്നതിനും അവസരം പ്രയോജനപ്പെടുത്താമെന്നും അധികൃതര്‍ അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ എ ഡി എം എന്‍ ദേവീദാസ്, ജ്യോതിസ്സ് ജഗന്നാഥ്, കെ.സജനിമോള്‍, ശ്രീജിത്ത് പി വി, കെ രാജന്‍, ഷീല എ ഡി, ജോര്‍ജ്ജ്, നാരായണ പി, ഡോ. മുരളീധരന്‍, ബാപ്റ്റി നിദ്രി എന്നിവര്‍ സംബന്ധിച്ചു.
വാർത്തക്ക് കടപ്പാട്: കാസർഗോഡ് വാർത്ത
Post Your Comments