കട്ടപ്പന: കാനഡയിലെ നീന്തൽ കുളത്തിൽ മലയാളി യുവാവിനെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ചിയാർ പള്ളിക്കവല അമ്പാട്ടുകുന്നേൽ ഗോപിയുടെ മകൻ നിതിൻ(25) ആണ് കാനഡയിലെ നീന്തൽ കുളത്തിൽ മുങ്ങി മരിച്ചത്. ഇത് സംബന്ധിച്ച് ബന്ധുക്കൾക്ക് വിവരം ലഭിച്ചു.
മൃതദേഹം സൂക്ഷിച്ചിരുന്ന ആശുപത്രിയിലെ മലയാളി നഴ്‌സാണ് നാട്ടിൽ വിവരം അറിയിച്ചത്. മരണ കാരണം സ്ഥിരീകരിച്ചിട്ടില്ല. ദക്ഷിണ കാനഡയിലെ ഒന്റാറിയോ മേഖലയിൽ താമസിക്കുന്ന നിതിനെ ബുധനാഴ്ച ജിമ്മിന് സമീപമുള്ള നീന്തൽ കുളത്തിൽ മരിച്ച നിലയിൽ കണ്ടെന്നാണ് വിവരം. അവിടുത്തെ സമൂഹ മാധ്യമങ്ങളിലൂടെ ചിത്രം പ്രചരിച്ചശേഷമാണ് നിതിനാണെന്ന് സ്ഥിരീകരിച്ചത്.
ALSO READ: സംസ്ഥാന ബജറ്റ് ഇന്ന്; രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ ധനമന്ത്രി പിശുക്കു കാട്ടുമോ? ഇന്നറിയാം
ബിടെക് പൂർത്തിയാക്കിയശേഷം ഉപരി പഠനത്തിനായി 3 വർഷം മുൻപാണ് നിതിൻ കാനഡയിലേക്കു പോയത്. അവിടെ പഠനത്തിനുശേഷം ജോലിയിൽ പ്രവേശിച്ചിരുന്നു. ബുധനാഴ്ച രാവിലെ നിതിൻ അച്ഛനെ ഫോണിൽ വിളിച്ചിരുന്നു. വൈകിട്ടാണ് മരണ വിവരം അറിയുന്നത്. 25-ാം ജന്മ ദിനത്തിന് 11 ദിവസം മാത്രം ശേഷിക്കെയാണ് മരണം. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. അമ്മ: ബീന(നഴ്സ്, കട്ടപ്പന ഗവ. താലൂക്ക് ആശുപത്രി). സഹോദരങ്ങൾ: ജ്യോതി, ശ്രുതി.
Post Your Comments