ഡെറാഡൂണ്‍: രാമായണത്തില്‍ പരാമര്‍ശിക്കുന്ന ദിവ്യൗഷധമായ മൃതസഞ്‌ജീവനിക്കു സമാനമായ ഔഷധച്ചെടി ദ്രോണാഗിരി മലനിരകളില്‍ കണ്ടെത്തിയെന്ന അവകാശവാദവുമായി ഉത്തരാഖണ്ഡ് വനംവകുപ്പ്.പിത്തോരാഗാഹ് ജില്ലയിലെ ജൗല്‍ജിവി മേഖലയിലാണ് ചെടി കണ്ടെത്തിയത്. ചെടിയുടെ സാമ്പിള്‍ പുനെയിലെ നാഷണല്‍ ബോട്ടാണിക്കല്‍ റിസര്‍ച്ച് ഇന്‍സ്‌റ്റിറ്റ്യൂട്ടിലേക്ക് അയയ്‌ക്കുമെന്നും അവിടുത്തെ പരിശോധനയ്‌ക്കു ശേഷമേ ചെടിയുടെ സ്വഭാവം സ്‌ഥിരീകരിക്കാനാകൂവെന്നും ഉത്തരാഖണ്ഡ് ആയുഷ് വകുപ്പ് ഡയറക്‌ടറും ആയുര്‍വേദ ഡോക്‌ടറുമായ മായാറാം ഉനിയാല്‍ പറഞ്ഞു.
വര്‍ഷങ്ങള്‍ക്കു മുമ്പും ദ്രോണാഗിരിയില്‍ സമാനമായ ചെടി കണ്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ കൂടുതല്‍ ഗവേഷണത്തിനായി 2016 ല്‍ ഒരു സമിതി രുപീകരിക്കുകയും ചെയ്‌തു. ചെടി കണ്ടെത്താന്‍ ഹിമാലയത്തിലെ ദ്രോണാഗിരി റേഞ്ച് അരിച്ചുപെറുക്കുമെന്ന് അന്നത്തെ ആയുഷ് മന്ത്രി സുരേന്ദ്ര നേഗി പ്രഖ്യാപിച്ചിരുന്നു.ഇതിനിടെയാണു വീണ്ടും ചെടി കണ്ടെത്തിയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
രാവണപുത്രനായ മേഘനാദനുമായുള്ള യുദ്ധത്തിനിടെ ബോധക്ഷയം നേരിട്ട രാമസഹോദരന്‍ ലക്ഷ്‌ണന്റെ ജീവന്‍ രക്ഷിക്കാനായി ഹനുമാന്‍ ഹിമാലയത്തില്‍നിന്നു മൃതസഞ്‌ജീവനി എത്തിച്ചെന്നാണു രാമായണ കഥ. മരുത്വാമലയിലെ അദ്‌ഭുതച്ചെടി തിരിച്ചറിയാന്‍ കഴിയാതെ മല പൂര്‍ണമായും അടര്‍ത്തിയെടുത്തു ഹനുമാന്‍ ലങ്കയിലെത്തിക്കുകയായിരുന്നുവെന്നാണ് ഐതീഹ്യം.
Post Your Comments