കൊല്‍ക്കത്ത: റോഡ് നിര്‍മ്മാണത്തില്‍ തര്‍ക്കത്തെ തുടര്‍ന്ന് സ്ത്രീകളെ കയര്‍കെട്ടി നടുറോഡിലൂടെ വലിച്ചിഴച്ച് ക്രൂരത. പശ്ചിമ ബംഗാളിലെ ദക്ഷിണ ദിനജ്പുറിലാണ് സംഭവം. ദിനജ്പുറിലെ ഫാത നഗര്‍ ഗ്രാമത്തിലെ റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങളിലേക്ക് വഴിവെച്ചത്. റോഡ് നിര്‍മാണത്തിനായി സ്ഥലമേറ്റെടുക്കാന്‍ എത്തിയ പഞ്ചായത്ത് അധികൃതരെയും നിര്‍മാണ തൊഴിലാളികളെയും തടഞ്ഞ അധ്യാപികയെയാണ് അക്രമിച്ചത്.
പഞ്ചായത്ത് അധികൃതരും നിര്‍മാണ തൊഴിലാളികളും എത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതോടെ അധ്യാപികയായ സ്മൃതികോന പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. നിര്‍മാണത്തിനായി തങ്ങളുടെ സ്ഥലം വിട്ടുകൊടുക്കുന്നതിന് വിസമ്മതിച്ച ഇവര്‍ അധികൃതരെ തടയുകയും ചെയ്തു. ഇതോടെ ഗ്രാമപഞ്ചായത്ത് ഉപാധ്യക്ഷന്‍ അമല്‍ സര്‍ക്കാറിന്റെ നേതൃത്വത്തിലുളള സംഘം ഇവരെ മര്‍ദിക്കുകയും കാലുകള്‍ കയര്‍ ഉപയോഗിച്ച് ബന്ധിക്കുകയും ചെയ്തു. തുടര്‍ന്ന് ഇവരെ കൈകളില്‍ പിടിച്ച് റോഡിലൂടെ വലിച്ച് നീക്കി.
എന്നാല്‍ സംഭവം കണ്ട് നിന്ന സ്മൃതികോനയുടെ മൂത്ത സഹോദരി സോമ ദാസും പ്രതിഷേധവുമായെത്തി. ഇവരേയും അമലും സംഘവും ഉപദ്രവിക്കുകയും നിലത്തേക്ക് തള്ളിയിടുകയും വലിച്ചിഴക്കുകയും ചെയ്തു. സഹോദരിമാര്‍ക്കൊപ്പം ഇവരുടെ അമ്മയെയും തള്ളിയിട്ടതായി പരാതിയുണ്ട്. ആക്രമണത്തില്‍ പരിക്കേറ്റ സ്മൃതികോനയെയും സ്മൃതികോനയെയും സോമ ദാസിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
12 അടി വീതിയില്‍ റോഡ് നിര്‍മിക്കാനായിരുന്നു ആദ്യം പഞ്ചായത്ത് അധികൃതര്‍ തീരുമാനിച്ചിരുന്നത്. അതിനുവേണ്ടി ഭൂമി നല്കാന് ഇവര്‍ സമ്മതിക്കുകയും ചെയ്തു. എന്നാല്‍ പഞ്ചായത്ത് റോഡിന്റെ വീതി 24 അടിയായി ഉയര്‍ത്തിയതോടെ കൂടുതല്‍ ഭൂമി നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടായി. ഇതോടെയാണ് പ്രതിഷേധവുമായി സഹോദരിമാര്‍ രംഗത്തെത്തിയത്.
ഞായറാഴ്ചയാണ് സ്മൃതികോന ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായ അമലാണ് അക്രമത്തിന് ആഹ്വാനം നല്‍കിയതെന്ന് പരാതിയില്‍ പറയുന്നു. സംഭവം വിവാദമായതോടെ അമല്‍ സര്‍ക്കാരിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായി തൃണമൂല്‍ കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ അറിയിച്ചു.
Post Your Comments