KeralaLatest NewsNews

പിണറായി വിജയന്‍ ആര്‍.എസ്.എസിന്റെ മെഗാഫോണായി മാറി, പൗരത്വ വിരുദ്ധ വിരുദ്ധ പ്രക്ഷോഭങ്ങളെ സി.പി.എം ദുര്‍ബലപ്പെടുത്തുന്നു: പോപുലര്‍ ഫ്രണ്ട്

കോഴിക്കോട്•നിക്ഷിപ്ത രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി സംസ്ഥാനത്ത് നടക്കുന്ന സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങളെ ദുര്‍ബലപ്പെടുത്താന്‍ സി.പി.എം നടത്തുന്ന തരംതാണ രാഷ്ട്രീയ നീക്കങ്ങള്‍ അവസാനിപ്പിക്കണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം ആവശ്യപ്പെട്ടു. പ്രതിഷേധങ്ങളുടെ രൂപവും ഭാവവും സി.പി.എമ്മിന്റെ കല്‍പ്പനക്കനുസരിച്ചാവണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ തീട്ടൂരം സമുദായത്തിനു പുറത്തു നടപ്പാക്കിയാല്‍ മതിയെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

പൗരത്വ പ്രക്ഷോഭങ്ങളുടെ പേരില്‍ സംസ്ഥാനത്ത് സംഘപരിവാര ഹിന്ദുത്വ ഫാഷിസത്തിനെതിരേ പൊതുമനോഭാവം രൂപപ്പെട്ടുവരുന്ന സാഹചര്യത്തില്‍ അതിനെ തകര്‍ക്കുന്ന നിലയില്‍ മുഖ്യമന്ത്രി ആര്‍.എസ്.എസിന്റെ മെഗാഫോണായി മാറുകയാണ്. നിലനില്‍പ്പിന്റെ പ്രശ്‌നമെന്ന നിലയില്‍ ഭിന്നതകള്‍ മാറ്റിവച്ച് മുസ്‌ലിം സമുദായം ഒറ്റക്കെട്ടായി തെരുവിലിറങ്ങിയതോടെ അതിന്റെ രാഷ്ട്രീയ നേട്ടം ഏറ്റെടുക്കാന്‍ പ്രക്ഷോഭങ്ങളുടെ ഇടയിലേക്ക് നുഴഞ്ഞുകയറിയതും നായകത്വം സ്വയം അണിയാന്‍ ശ്രമിച്ചതും സി.പി.എമ്മാണ്. അധികാരത്തിന്റെ പിന്‍ബലത്തില്‍ പ്രക്ഷോഭങ്ങളുടെ മുതലാളി ചമയാന്‍ ശ്രമിക്കുന്ന പിണറായി വിജയന്‍ തികഞ്ഞ വോട്ടുബാങ്ക് രാഷ്ട്രീയമാണ് ഇപ്പോള്‍ കളിക്കുന്നത്. തങ്ങളുടെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ എതിര് നില്‍ക്കുന്ന പ്രസ്ഥാനങ്ങള്‍ക്കെതിരേ മുഖ്യമന്ത്രി നിരന്തരം അസ്വസ്ഥപ്പെടുന്നതും ഒഴിവാക്കല്‍ കല്‍പ്പനകള്‍ പുറപ്പെടുവിക്കുന്നതിന്റെയും ലക്ഷ്യം മറ്റൊന്നല്ല.

തങ്ങളുടെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി മുസ്ലിം സംഘടിത ശക്തികളില്‍ ഭിന്നത പടര്‍ത്തി പിളര്‍പ്പ് സൃഷ്ടിച്ച പാരമ്പര്യമാണ് സി.പി.എമ്മിനുള്ളത്. ഇതിന്റെ തുടര്‍ച്ചയായി തീരദേശങ്ങളില്‍ സമുദായം തമ്മിലടിക്കുകയും ചോരയൊഴുക്കുകയും ചെയ്തതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് സി.പി.എമ്മിന് ഒഴിഞ്ഞു മാറാനാവില്ല. സമാനമായ രീതിയില്‍ പുതിയ പശ്ചാത്തലത്തില്‍ സമുദായത്തിന്റെ സംഘടിത ശേഷിയെയും ഐക്യത്തെയും തകര്‍ക്കാനാണ് സി.പി.എം ശ്രമിക്കുന്നത്.

രാജ്യത്ത് മുസ്‌ലിം സമുദായം നേരിട്ട അടിസ്ഥാന പ്രശ്‌നങ്ങളില്‍ ഒരിക്കല്‍ പോലും വിശ്വാസികളുടെ വികാരം ഉള്‍ക്കൊണ്ടുകൊണ്ടുള്ള നിലപാട് സ്വീകരിച്ച ചരിത്രം സി.പി.എമ്മിനില്ല. ശരീഅത്ത് വിവാദത്തിലും, ബാബരി മസ്ജിദ് പ്രശ്‌നത്തിലും ഏകസിവില്‍ കോഡ് വിഷയത്തിലും സി.പി.എം തങ്ങളുടെ അടിസ്ഥാനപരമായ മതവിരുദ്ധ സ്വഭാവം പ്രകടമാക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. പൗരത്വ പ്രക്ഷോഭങ്ങളുടെ കാര്യത്തില്‍ മുഖ്യമന്ത്രിയും പാര്‍ട്ടി നേതാക്കള്‍ക്കന്‍മാരും നടത്തുന്ന പ്രസ്താവനകള്‍ക്ക് വിരുദ്ധമായ നിലപാടാണ് ഭരണതലത്തില്‍ പ്രകടമായിക്കൊണ്ടിരിക്കുന്നത്. എന്‍.പി.ആറും സി.എ.എയും നടപ്പാക്കില്ലെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍, സെന്‍സസിനൊപ്പം എന്‍.പി.ആര്‍ നടപടികള്‍ പുരോഗമിക്കുകയും സി.എ.എ പ്രകാരമുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ സംസ്ഥാനത്ത് ആരംഭിക്കുകയും ചെയ്തിരിക്കുന്നു. മറുഭാഗത്ത് പൗരത്വ പ്രക്ഷോഭങ്ങള്‍ക്കെതിരേ മഹല്ലുകള്‍ നടത്തുന്ന പ്രതിഷേധ പരിപാടികള്‍ക്കെതിരേ പോലും വ്യാപകമായി കേസെടുക്കുന്നു. ഇതിനെതിരായ ചോദ്യങ്ങളെ വസ്തുതാപരമായി നേരിടുന്നതില്‍ മുഖ്യമന്ത്രി പരാജയപ്പെട്ടിരിക്കുന്നു. പ്രതിഷേധങ്ങളെ തങ്ങളുടെ വരുധിയിലാക്കാന്‍ രാഷ്ട്രീയ എതിരാളികളെ ചൂണ്ടിക്കാട്ടി മഹല്ലുകമ്മിറ്റികളെ ഭീഷണിപ്പെടുത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. രാഷ്ട്രീയ, സംഘടനാ വേര്‍തിരിവുകളില്ലാതെ സമുദായം ഒറ്റക്കെട്ടായാണ് മഹല്ലുകള്‍ക്ക് കീഴില്‍ അണിനിരന്നുകൊണ്ടിരിക്കുന്നത്. സ്വന്തം അസ്തിത്വം നിലനിര്‍ത്താന്‍ മഹല്ലു കമ്മിറ്റികള്‍ നടത്തുന്ന നീക്കങ്ങളില്‍ ഭിന്നിപ്പ് സൃഷ്ടിക്കാനുള്ള മതവിരുദ്ധ ശക്തികളുടെ നീക്കം സമുദായം തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button