ന്യൂദല്‍ഹി: ശ്രീനഗറിലെ ബാന്‍ ടോള്‍ പ്ലാസയ്ക്കു സമീപം സുരക്ഷ ഉദ്യോഗസ്ഥര്‍ വധിച്ച തീവ്രവാദികളില്‍ നിന്ന് കണ്ടെടുത്തത് അതിനൂതനമായ അമേരിക്കന്‍ നിര്‍മിത റൈഫിള്‍. സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ സംഭവത്തെ അതീവ ഗുരുതരമായാണ് കാണുന്നത്. യുഎസ് നിര്‍മിത എംപി4 റൈഫിളുകളാണ് തീവ്രവാദികളില്‍ നിന്നു കണ്ടെത്തിയത്. വളരെ അപൂര്‍വമായി മാത്രം ലഭിക്കുന്ന റൈഫിളുകളാണിത്. രാത്രിയിലും കാഴ്ച സാധ്യമാക്കുന്ന നൈറ്റ് വിഷന്‍ ഡിവൈസുകള്‍, സപ്രസേഴ്‌സ്, ലേസര്‍ പൊയിന്ററുകള്‍, ടെലിസ്‌കോപിക് ലെന്‍സുകള്‍ അടക്കം സംവിധാനങ്ങള്‍ അടങ്ങിയതാണ് എംപി4 റൈഫിളുകള്‍. വളരെ അപകടമേറിയ ഇനത്തിലുള്ളതാണ് ഇത്തരം തോക്കുകള്‍.
ഇതു കൂടാതെ, ചൈനീസ് നിര്‍മിത പിസ്റ്റലുകള്‍, ഗ്രനേഡുകള്‍ എന്നിവയും തീവ്രവാദികൡ നിന്ന് കണ്ടെത്തിയിരുന്നു.ഇത്തരം റൈഫിള്‍ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ സുരക്ഷാ സേനയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഇതുവരെ തീവ്രവാദികളില്‍ നിന്നു പിടിച്ചെടുക്കാത്ത തരത്തിലുള്ള അപൂര്‍വങ്ങളായ ആയുധങ്ങളാണ് കഴിഞ്ഞ ആഴ്ച നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട തീവ്രവാദികളില്‍ നിന്നു കണ്ടെടുത്തത്. രാത്രികാഴ്ച സാധ്യമാക്കുന്ന ഇത്തരം റൈഫിളുകള്‍ ഭീകരുടെ പക്കല്‍ എത്തുന്നത് സുരക്ഷാസേനയ്ക്ക് ഏറെ ഭീഷണി ഉയര്‍ത്തുന്നതാണെന്ന് സിആര്‍പിഎഫ് ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ വ്യക്തമാക്കുന്നു.
യുദ്ധമുഖങ്ങളില്‍ ഉപയോഗിക്കുന്ന തരത്തിലുള്ള ആയുധനങ്ങളാണ് ഇപ്പോള്‍ ഭീകരരുടെ പക്കലുമുള്ളത് എന്നത് അമ്പരിപ്പിക്കുന്നതാണ്. മുന്‍പും എം4 കാര്‍ബൈന്‍ വിഭാഗത്തില്‍പ്പെട്ട തോക്കുകള്‍ പിടിച്ചിരുന്നെങ്കിലും അവയ്ക്ക് നൈറ്റ് വിഷന്‍ ഉണ്ടായിരുന്നില്ല. ജനുവരി 31നാണ് നഗറോട്ടയിലെ ബാന്‍ ടോള്‍ പ്ലാസയ്ക്കു സമീപം നുഴഞ്ഞുകയറിയ മൂന്നു ഭീകരരെ സേന വധിച്ചത്. ശ്രീനഗറിലേക്ക് ഒളിച്ചുകയറാനുള്ള ശ്രമിത്തിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
Post Your Comments