കോട്ടയം: വൈക്കത്ത് വനിതാ വില്ലേജ് ഓഫീസര്‍ക്ക് നേരെ സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ അസഭ്യവര്‍ഷം. സിപിഎം മുന്‍ കൗണ്‍സിലറും വൈക്കം ടൗണ്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായ എം .സുജിനാണ് വനിതാ വില്ലേജ് ഓഫീസറോട് അപമര്യാദയായി പെരുമാറിയത്. സംഭവവുമായി ബന്ധപ്പെട്ട് വൈക്കം വില്ലേജ് ഓഫീസര്‍ പ്രീതി പ്രഹ്‌ളാദ് പരാതി നല്‍കി. ഓഫീസിലെത്തി ജീവനക്കാര്‍ നോക്കിനില്‍ക്കേ സുജിന്‍ ഭീഷണി മുഴക്കിയതായും പരാതിയില്‍ പറയുന്നു.സിപിഎമ്മുകാരെ പേടിപ്പിയ്ക്കാന്‍ നീ ആയിട്ടില്ലെന്നും, ആണായിരുന്നെങ്കില്‍ മുഖത്തടിച്ചേനെ എന്നുമാണ് സുജിന്‍ ഭീഷണി മുഴക്കിയത്.
വില്ലേജ് ഓഫീസര്‍ക്കും ജീവനക്കാര്‍ക്കും നേരെ കേട്ടാല്‍ അറയ്ക്കുന്ന അസഭ്യവര്‍ഷമാണ് നടത്തിയതെന്നും ജീവനക്കാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. വി.എന്‍ വാസവന്റെ പേരില്‍ സിപിഎം പുതിയതായി വാങ്ങിച്ച പാര്‍ട്ടി കെട്ടിടത്തിന്റെ ഒറ്റത്തവണ കെട്ടിട നികുതി അടയ്ക്കാനായാണ് ഇയാള്‍ വില്ലേജ് ഓഫീസില്‍ എത്തിയത്. നികുതി അടച്ച ശേഷം ഇയാള്‍ മറ്റ് ജീവനക്കാര്‍ നോക്കി നില്‍ക്കേ വില്ലേജ് ഓഫീസറെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഓഫീസിലെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള മറ്റ് ജീവനക്കാരെ ഇയാള്‍ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
പുതിയ കെട്ടിടം സംബന്ധിച്ച കാര്യങ്ങള്‍ക്കായി തുടക്കം മുതലേ വില്ലേജ് ഓഫീസില്‍ എത്തി നടപടി ക്രമങ്ങള്‍ നോക്കിയിരുന്നത് സുജിനാണ്. കെട്ടിടത്തിന് നമ്പര്‍ ലഭിക്കുന്നതിന് മൂന്ന് മാസം മുന്‍പ് ഇയാള്‍ വില്ലേജ് ഓഫീസറെ സമീപിച്ചിരുന്നു. നമ്പര്‍ ലഭിക്കുന്നതിന് ഒറ്റത്തവണ കെട്ടിട നികുതിയായി 9000 രൂപ അടയ്ക്കണം എന്ന് അറിയിച്ചതിനെ തുടര്‍ന്ന് ഇയാള്‍ പൈസ അടയ്ക്കുന്നതിനുള്ള പേപ്പറില്‍ ഒപ്പിട്ട് മടങ്ങി.എന്നാല്‍ പണം അടയ്ക്കാത്തതിനെ തുടര്‍ന്ന് സുജിനുമായി ബന്ധപ്പെട്ടപ്പോള്‍ സിപിഎമ്മുകാരുടെ കയ്യില്‍ പണം ഇല്ലെന്നും പണം അടയ്ക്കാന്‍ പറ്റില്ലെന്നുമായിരുന്നു മറുപടി.
പിന്നീട് തഹസില്‍ദാര്‍ ഇടപെട്ടതിനെ തുടര്‍ന്ന് പണം അടയ്ക്കാമെന്ന് സുജിന്‍ അറിയിക്കുകയായിരുന്നു. ഇതിനായാണ് കഴിഞ്ഞ ദിവസം ഇയാള്‍ വില്ലേജ് ഓഫീസില്‍ എത്തിയത്.പണം അടയ്ക്കാന്‍ നിര്‍ബന്ധിതനായതാണ് ഇയാളെ ചൊടിപ്പിച്ചത്.വില്ലേജ് ഓഫീസര്‍ നല്‍കിയ പരാതിയില്‍ വൈക്കം പോലീസ് സുജിനെതിരെ കേസ് എടുത്തിട്ടുണ്ട്. എന്നാല്‍ ഇയാള്‍ക്കെതിരെ നിസ്സാരവകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസ് എടുത്തിരിക്കുന്നതെന്നും ആക്ഷേപമുണ്ട്
Post Your Comments